ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ജിദ്‌ഹഫ്‌സ്‌ കമ്മറ്റിയുടെ കീഴില്‍ ബഹ്‌റൈനിലെ അല്‍ശബാബ്‌ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്‌ മുസ്വല്ലക്ക്‌ ശൌക്കത്തലി ഫൈസി വയനാട്‌ നേതൃത്വം നല്‍കുന്നു
മനാമ: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകുണര്‍ത്തി ഗള്‍ഫ് നാടുകളിൽ  ബലിപെരുന്നാള്‍ ആഘോഷിച്ചു.  വിവിധ ആഘോഷപരിപാടികളാണ് സര്‍ക്കാരും അല്ലാത്തവരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. തെരുവുകളും മരങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചും ബൈത്തുകള്‍ ആലപിച്ചുമാണ് ഈ രാഷ്ട്രങ്ങളില്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
ഇന്നലെ കച്ചവട കേന്ദ്രങ്ങളും നഗരങ്ങളും ബലിമൃഗങ്ങളെ വാങ്ങാനെത്തിയവരെയും വില്‍ക്കുന്നവരെയും കൊണ്ട് നിറഞ്ഞിരുന്നു. പലരാജ്യങ്ങളിലും ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരുന്നു. സൗദിയില്‍ ഒരാഴ്ച നീണ്ട അവധിക്ക് വെള്ളിയാഴ്ച തുടക്കമായി. സൗദിയില്‍ നിന്ന് നിരവധി പേര്‍ പെരുന്നാള്‍ അവധിക്ക് ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്.

റിയാദ് മുനിസിപ്പാലിറ്റി കിംഗ് അബ്ദുല്ല പാര്‍ക്കിലും കിംഗ് അബ്ദുല്ല ഹിസ്റ്റോറിക് സെന്ററിലും പെരുന്നാളിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. പെരുന്നാള്‍ പ്രമാണിച്ച് വിവിധ മേഖലകളിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
പ്രവാസി മലയാളികളുടെ വിവിധ കൂട്ടായ്മകളും ഗള്‍ഫില്‍ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. 
സമസ്‌ത ബഹ്‌റൈന്‍ ഈദ്‌ മുസ്വല്ല ഒരുക്കി
മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ജിദ്‌ഹഫ്‌സ്‌ ഏരിയയില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ്‌ മുസ്വല്ല ഒരുക്കി.
നിലവില്‍ വിശ്വാസികള്‍ക്കെല്ലാം ഒരുമിച്ച്‌ നമസ്‌കരിക്കാന്‍ സൌകര്യമില്ലാത്ത ഈ ഭാഗത്ത്‌ കഴിഞ്ഞഎതാനും വർഷങ്ങളായി സമസ്‌തയുടെ ഈദ്‌ മുസ്വല്ല നടന്നു വരുന്നുണ്ട്‌.
ഇവിടെ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ മലയാളികള്‍ക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നിരവധി വിശ്വാസികളും പങ്കെടുക്കാറുണ്ട്‌. കാലത്ത്‌ ആറുമണിയോടെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും ശൌക്കത്തലി ഫൈസി വയനാട്‌ നേതൃത്വം നല്‍കി.