അറഫാ സംഗമം ഭക്തിസാന്ദ്രം; ഹാജിമാര്‍ ഇന്ന് ജംറയിലേക്ക്

മക്ക: ആത്മാനുഭൂതിയും ആത്മഗതവും ഒത്തുചേരുന്ന ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. 160 രാജ്യങ്ങളില്‍ നിന്നെത്തിയ 13,86,905 വിശ്വാസികള്‍ക്കു പുറമെ അറേബ്യന്‍ രാജ്യങ്ങളിലെയും സഊദിയിലെയും തീര്‍ഥാടകര്‍ കൂടി അറഫാ മൈതാനിയില്‍ സമ്മേളിച്ചതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസിസമൂഹം അല്ലാഹുവിന്റെ മുമ്പില്‍ മനസ്സ് തുറന്നു.
പ്രവാചകന്റെ അന്ത്യപ്രഭാഷണത്തിനു സാക്ഷ്യം വഹിച്ച അറഫായിലെ മുന്നൂറു മീറ്റര്‍ നീളവും ഏഴു മീറ്റര്‍ ഉയരവുമുള്ള ജബലുര്‍റഹ്മയില്‍ കയറി വിശ്വാസികള്‍ പുണ്യമെടുത്തു. ദുല്‍ഹിജ്ജ എട്ടിനു മിനായില്‍ തമ്പടിച്ചു ധ്യാനത്തില്‍ ലയിച്ച ലക്ഷങ്ങള്‍ ഇന്നലെ ദുല്‍ഹിജ്ജ ഒമ്പതിനു പ്രഭാതം മുതലേ അറഫ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. 
ഇന്നലെ വൈകിട്ട് മുസ്ദലിഫയിലേക്കു പുറപ്പെട്ട തീര്‍ഥാടകര്‍ അവിടെ നിന്നു ജംറകളില്‍ എറിയാനുള്ള കല്ലു ശേഖരിക്കുകയും അവിടെ രാപാര്‍ക്കുകയും ചെയ്തു. ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം ഏറെ ശ്രദ്ധേയമാണ്. കെട്ടിടങ്ങളോ ടെന്റുകളോ ഒന്നുമില്ലാത്ത ഈ കുന്നിന്‍ ചെരുവില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് ലോക മുസ്ലിം വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ്.
ദുല്‍ഹിജ്ജ ഒമ്പതിന് ഉച്ചയോടെ ഇവിടെയെത്തിയ വിശ്വാസികള്‍ ളുഹറും അസറും ഒരുമിച്ചു നിസ്‌കരിച്ച് പൂര്‍ണമായും പ്രാര്‍ത്ഥനാനിമഗ്നരായി അറഫയില്‍ കുറഞ്ഞ സമയമെങ്കിലും കഴിയുക എന്നത് ഹജ്ജിന്റെ സ്വീകാര്യതക്ക് അത്യാവശ്യമാണ്. പ്രവാചകന്റെ അന്ത്യപ്രഭാഷണത്തിനു വേദിയായ അറഫയിലെ നമിറാ പള്ളിയില്‍ ഇന്നലെ അറഫാ പ്രഭാഷണം നടന്നു. അബ്ബാസിയ്യാ ഭരണ കാലത്തു നിര്‍മിച്ചതാണ് നമിറാ പള്ളി.

സൂര്യാസ്തമയത്തോടെ അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു നീങ്ങിയ വിശ്വാസിലക്ഷങ്ങള്‍ അവിടെ നിന്ന് മഗ്രിബ്, ഇശാഅ് നിസ്‌കാരങ്ങള്‍ ഒരുമിച്ചു നിര്‍വഹിച്ചു. പെരുന്നാള്‍ ദിവസമായ ഇന്ന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയും. ശേഷം മൃഗബലിയും മുടി നീക്കല്‍ കര്‍മവും നടത്തി വിശ്വാസികള്‍ ത്വവാഫ് ചെയ്യാനായി തിരിച്ചു മക്കയിലേക്കു തന്നെ നീങ്ങും. സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യും. പിറ്റേ ദിവസം മിനായിലേക്കു തന്നെ വന്നു മൂന്നു ജംറകളില്‍ ഏഴു വീതം കല്ലെറിയും.


ദുല്‍ഹിജ്ജ 12ന്റെ രാവില്‍ വിശ്വാസികള്‍ മിനായില്‍ രാപാര്‍ക്കും. പ്രഭാതത്തിനു ശേഷമാണ് മൂന്നു ജംറകളില്‍ വീണ്ടും കല്ലെറിയുക. തമ്പുകളില്‍ നിന്ന് ജംറയിലേക്ക് തീര്‍ഥാടകരെ എത്തിക്കാനായി 1500 ജീവനക്കാരെ സഊദി ഭരണകൂടം നിയമിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിനു മുമ്പായി മിനാ വിടുകയും ഹജ്ജില്‍ നിന്നു വിടവാങ്ങുന്നതിനായി മറ്റൊരു ത്വവാഫ് കൂടി ചെയ്തതിനു ശേഷമാണ് ഹാജിമാര്‍ നാട്ടിലേക്കു തിരിക്കുക.


അതേസമയം, ഹജ്ജ് അനുബന്ധ കര്‍മങ്ങള്‍ക്കു പര്യവസാനം കുറിച്ചു നടക്കുന്ന മുടിനീക്കല്‍ കര്‍മത്തിനായി 1100 കേന്ദ്രങ്ങള്‍ ഒരുങ്ങിയതായി ഹജ്ജ് കാര്യാലയം അറിയിച്ചു. ഒരു കാരണവശാലും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരേ ബ്ലൈഡ് ഉപയോഗിക്കരുതെന്നും പകര്‍ച്ചവ്യാധി തടയാന്‍ സാധ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.(സുപ്രഭാതം)