സകാത്ത് സംവിധാനം കാര്യക്ഷമാക്കണം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

തിരൂരങ്ങാടി : സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായികൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സകാത്ത് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മഹല്ല് നേതൃത്വം രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സകാത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ധനികര്‍ അവരുടെ സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങള്‍ക്കായി നീക്കിവെക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാലത്ത് സക്കാത്ത് വിതരണത്തിന് പ്രത്യേക കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന രീതി ശരിയല്ലെന്നും സകാത്തിനെ നിഷേധിക്കുന്നവന്‍ ഇസ്‌ലാമിക നിയമസംഹിതകളെ ധിക്കരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സകാത്തിന്റെ ആത്മീയ വശം, സ്വര്‍ണം വെള്ളി കറന്‍സിയിലെ സകാത്ത്, കച്ചവടത്തിലെ സകാത്ത്, സകാത്ത് ബാധ്യതയും നിര്‍വഹണവും, അവകാശികളും വിതരണവും എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധാവതരണം നടത്തി. ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി. മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി മോഡറേറ്ററായിരുന്നു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹസന്‍ കുട്ടി ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇബ്രാഹീം ഫൈസി കരുവാരകുണ്ട്, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Darul Huda Islamic University