പ്രവാസ നൊമ്പരങ്ങള്‍ക്കിടയിലും സാമൂഹസേവനത്തിനിറങ്ങിയ സുമനസ്സുകള്‍ ഒത്തുകൂടി. എം.ഐ.സിയില്‍ സംഘടിപ്പിക്കപ്പെട്ട മിഡില്‍ ഈസ്റ്റ് കൂട്ടായമയിലാണ് വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസി പ്രതിനിധികള്‍ സംഗമിച്ചത്

ചട്ടഞ്ചാല്‍ : നാടും വീടും വിട്ട് പ്രവാസത്തിന്റ് ഗൃഹാതുരമായ നൊമ്പരങ്ങള്‍ക്കിടയിലും സര്‍വ്വ വിഹ്വലതകളും മറന്ന് ഗള്‍ഫിന്റെ ഊഷര ഭൂവില്‍ സമൂഹോന്നതിക്ക് ത്യാഗ പൂര്‍ണ ജീവിതം നയിക്കുന്ന പ്രവാസികള്‍ ഒത്തുകൂടി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ മാഹിനാബാദ് ക്യാമ്പസില്‍ സംഘടിപ്പിച്ച മിഡില്‍ ഈസ്റ്റ് കൂട്ടായ്മയിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സംഗമിച്ചത്. ഗള്‍ഫ് നാടുകളായ ദുബൈ, ഖത്തര്‍, അബൂദാബി, ഒമാന്‍, ഷാര്‍ജ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലെ എം.ഐ.സി കമ്മിറ്റികളുടെ പ്രതിനിധികളാണ് കൂട്ടായ്മക്കെത്തിയത്. സമൂഹമാകുന്ന കുടുംബത്തിനായി അന്യ ദേശത്ത് ചോര നീരാക്കി സന്നദ്ധ ദൗത്യത്തിനിറങ്ങിയ പ്രവാസികളുടെ നിര്‍വ്വഹണങ്ങള്‍ ശ്ലാഘനീയമാണെന്ന് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രസ്താവിച്ചു. പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറം ഉത്തരകേരളത്തില്‍ മത, ഭൗതിക, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മ മാറ്റൊലികള്‍ സൃഷ്ടിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ് ഖ്യാതി ആഗോളതലത്തിലെത്തിയതില്‍ കൃതാര്‍ത്ഥനാണെന്ന് എം.ഐ.സി ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖത്തര്‍ കെ.എസ് അബ്ദുല്ല ഉദുമ പറഞ്ഞു.
കൂട്ടായ്മ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്ല മൗലവി സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, കെ.എസ് അബ്ദുല്ല ഉദുമ, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് അബ്ദുല്ല ചെറുകോട്, മല്ലം സുലൈമാന്‍ ഹാജി, മജീദ് ചെമ്പരിക്ക, സി.ബി മുഹമ്മദ് പാണലം, അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, ടി.ഡി കബീര്‍ തെക്കില്‍, മൊയ്തു ബേക്കല്‍, ഖാലിദ് ഫൈസി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, നൗഫല്‍ ഹുദവി ചോക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod