സുപ്രഭാതം ദിനപത്രം ഇന്ന് പുറത്തിറങ്ങും; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ് ഘാടനം ചെയ്യും

ഉദ്ഘാടന ചടങ്ങ് സരോവരം ബയോപാര്‍ക്കിന് സമീപത്തേക്ക് മാറ്റി 
കഴിഞ്ഞ ദിവസം  കോഴിക്കോട് നടന്ന പത്ര
സമ്മേളനത്തിൽ  സുപ്രഭാതം ചെയർമാൻ
കോട്ടുമല ബാപ്പു മുസ്ലിയാർ സംസാരിക്കുന്നു 
കോഴിക്കോട് : സുപ്രഭാതം ദിനപത്രം തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട് മിനി ബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിന് മുന്‍വശം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടക്കുന്ന ചടങ്ങില്‍ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് ആസ്ഥാനമായുള്ള ഇഖ്‌റഅ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നീ ആറ് എഡിഷനുകളിലായാണ് പത്രം പുറത്തിറങ്ങുന്നതെന്ന് ചെയര്‍മാന്‍ കോട്ടുമല ടി. എം ബാപ്പു മുസ്‌ല്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയ പ്രചാരണത്തിലൂടെ ലക്ഷക്കണക്കിന് വാര്‍ഷിക, മാസാന്ത വരിക്കാരെ നേടാനായി. കോഴിക്കോട്ട് ഒരു എഡിഷനായിരുന്നു ലക്ഷ്യം. എന്നാല്‍ വരിക്കാരുടെ വര്‍ധനവിന് അനുസരിച്ച്  കൂടുതല്‍ എഡിഷനുകള്‍ ആരംഭിക്കേണ്ടിവന്നു. ബീച്ച് മറൈന്‍ ഗ്രണ്ടില്‍ നടത്താന്‍ നിശ്ചയിച്ച ഉദ്ഘാടനം പ്രതികൂല കാലാവസ്ഥ കാരണമാണ് സരോവരത്തേക്ക് മാറ്റുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Suprabhatham New Logo
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം ആശംസിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പത്രത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം' പദ്ധതിയുടെ ഉദ്ഘാടനം നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍ നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉപഹാര സമര്‍പ്പണം നടത്തും.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ  ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ.സി ജോസഫ്, ഡോ. എം. കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, അഡ്വ. പി.എസ് ശ്രീധരന്‍പിള്ള,എം.പി മാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എൈ ഷാനവാസ്,  എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എം.പി അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലികേഷന്‍സ് കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അംപലക്കടവ്, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി, മുസ്തഫ മുണ്ടുപാറ, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി.പി രാജശേഖരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ എന്നിവര്‍  സംബന്ധിച്ചു. - Suprabhaatham