വിശുദ്ധിയുടെ സന്ദേശവുമായി റമളാൻ പിറന്നു..ഉത്തരേന്ത്യയിൽ നാളെ

കോഴിക്കോട്‌: കുമ്പിളു നിറയെ സുകൃതങ്ങളുമായി വിശുദ്ധ റമസാന്‍ ആഗതമായി. ഇനി പ്രാര്‍ത്ഥനയുടെ പട്ടുറുമാലു കെട്ടിയ ഇരവു പകലുകള്‍. സ്വര്‍ഗവാതിലുകള്‍ തുറന്നു വെച്ച് നാഥന്‍ വിശ്വാസിക്കായി കാത്തിരിക്കുന്ന കാലം. മാസങ്ങള്‍ നീണ്ട പ്രാര്‍ത്ഥന നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് റമസാന്റെ വരവ്. അന്ന പാനം ത്യജിച്ച് വിശ്വാസി നാഥനിലേക്ക് ഈ മാസത്തില്‍ സമര്‍പ്പിതനാവുന്നു. അനുഗ്രഹം, പാപമോചനം, നരകമോക്ഷം എന്നിവയാണ് റമസാന്റെ കാതല്‍.
സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും വ്രതം ഇന്നാരംഭിക്കും. യുഎഇ, ഖത്തര്‍, കുവൈത്ത്‌, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഇന്നാണു റമസാന്‍ വ്രതാരംഭം. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ നാളെ മുതലാണു നോമ്പ്‌
റമസാനിനെ വരവേല്‍ക്കാനായി പള്ളികളും വീടുകളുമെല്ലാം വൃത്തിയാക്കി വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു. മാസപ്പിറവി കണ്ടതോടെ പള്ളികളില്‍ തറാവീഹ്‌ നമസ്‌കാരം നടന്നു.