പഠിക്കാൻ വന്നവരെ ഇന്നു മടക്കി അയക്കും..നിരക്ഷരതയിലേക്കും ദാരിദ്ര്യത്തിലേക്കും

പാലക്കാട്‌: കഴിഞ്ഞ 18 ദിവസങ്ങളായി നീണ്‌ട അരക്ഷിതാവസ്ഥയ്ക്കും മാനസിക പീഡനങ്ങള്‍ക്കും ഒടുവില്‍ അനാഥബാല്യങ്ങള്‍ ഇന്ന്‌ ജനമ നാട്ടിലേക്കു മടങ്ങും. 
മികച്ച ജീവിത സാഹചര്യങ്ങളും ഭക്ഷണവും വിദ്യാഭ്യാസവും മാത്രം സ്വപ്‌നം കണ്‌ട്‌ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികളെ അയച്ച രക്ഷിതാക്കളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തിയാണ്‌ കുരുന്നുകള്‍ മടങ്ങാന്‍ ഒരുങ്ങുന്നത്‌. 
ഈ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയിലാണ്‌ ഉത്തരേന്ത്യയില്‍ നിന്നുള്ള കുരുന്നുകളെ കേരളത്തിലേക്കു കൊണ്‌ടുവന്നത്‌. എന്നാല്‍, രേഖകളില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ജൂണ്‍ രണ്‌ടിന്‌ സ്‌കൂളുകള്‍ തുറന്നപ്പോഴും കുട്ടികള്‍ പോലിസ്‌ നടപടികളുടെ ഭാഗമായി വിവിധ അനാഥാലയങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നു രാത്രി ജത്തനാട്ടിലേക്കു മടങ്ങുന്നതോടെ പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ ഇവരുടെ തുടര്‍വിദ്യാഭ്യാസം മുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. 
കഴിഞ്ഞ 24നാണ്‌ ജാര്‍ഖണ്ഡ്‌, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കൊണ്‌ടുവന്നത്‌. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ പിടിയിലായതോടെ മാധ്യമങ്ങളും വര്‍ഗീയ മനോഭാവമുള്ള ചില ഉദ്യോഗസ്ഥരും രാഷ്ട്രീയപ്പാര്‍ട്ടികളും സംഭവം വിവാദമാക്കുകയായിരുന്നു. കുരുന്നുകളുടെ അവകാശങ്ങളുടെ പേരു പറഞ്ഞ്‌ രംഗത്തിറങ്ങിയവര്‍ സംഭവത്തെ മനുഷ്യക്കടത്തായും അനാശാസ്യ പ്രവര്‍ത്തനമായും ചിത്രീകരിച്ചു.
വര്‍ഗീയ മുതലെടുപ്പിനുള്ള സാധ്യത തിരിച്ചറിഞ്ഞ ബി.ജെ.പി സംഭവത്തിനു പിന്നില്‍ തീവ്രവാദ റിക്രൂട്ട്‌മെന്റാണെന്ന പ്രചാരണവുമായി രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത്‌ കേരളത്തിലെ ചില ബി.ജെ.പി. നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്താനുള്ള ശ്രമവും നടത്തി.
കുട്ടികളെ കൊണ്‌ടുവന്ന സംഭവം മനുഷ്യക്കടത്താണെന്നു പറയാനാവില്ലെന്ന്‌ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. എസ്‌ അനന്ദകൃഷ്‌ണന്‍ വ്യക്തമാക്കിയെങ്കിലും ഇന്നലെ ഇറങ്ങിയ ഒരു പ്രമുഖപത്രം സംഭവത്തെ `കുട്ടിക്കടത്താ'യാണ്‌ അവതരിപ്പിച്ചത്‌. ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ മനുഷ്യരെ എത്തിക്കുന്നതാണ്‌ മനുഷ്യക്കടത്തിന്റെ പരിധിയില്‍ പെടുകയെന്ന്‌ വിശദീകരണം ഉണ്‌ടായിട്ടും ചില കോണുകളില്‍ നിന്നുയരുന്ന ഇത്തരം പ്രചാരണങ്ങള്‍ ദുഷ്ടലാക്കോടെയാണെന്ന്‌ വിലയിരുത്തപ്പെടുന്നു. 
രാത്രി 7.50ന്‌ പാലക്കാട്‌ ഒലവക്കോട്‌ സ്റ്റേഷനിലെത്തുന്ന എറണാകുളം–പട്‌ന എക്‌സ്‌പ്രസില്‍ പ്രത്യേകം എ.സി. കോച്ചുകള്‍ ഘടിപ്പിച്ചാണ്‌ കുട്ടികളെ കൊണ്‌ടുപോവുക. 122 കുട്ടികളടക്കം 140 പേരാണ്‌ ഇന്ന്‌ മടങ്ങുന്നത്‌. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്‌ പ്രത്യേകം കോച്ചുകള്‍ അനുവദിക്കണമെന്ന ജാര്‍ഖണ്ഡ്‌ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോച്ചുകള്‍ അനുവദിച്ചത്‌. 
എറണാകുളം–പട്‌ന എക്‌സ്‌പ്രസിന്റെ ഒരു ജനറല്‍ കംപാര്‍ട്ട്‌മെന്റ്‌ ഒഴിവാക്കിയാണ്‌ കോച്ചുകള്‍ ഘടിപ്പിക്കുക. ഓരോ കോച്ചിലും നാല്‌ പോലിസ്‌ ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനും പാലക്കാട്‌ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥനും കുട്ടികളെ അനുഗമിക്കും. പാലക്കാട്‌ ശിശുക്ഷേമ സമിതി ജാര്‍ഖണ്ഡ്‌ ശിശുക്ഷേമ സമിതിക്കാണ്‌ കുട്ടികളെ കൈമാറുക.