പശ്ചിമേഷ്യ പിളര്‍ത്താന്‍ അമേരിക്കന്‍ തന്ത്രം

സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ജന്മഭൂമിയായ ഇറാഖ് ലോകത്തെ വീണ്ടും കരയിപ്പിക്കുകയാണ്. ചോരയും നീരും ഊറ്റിയെടുത്ത് അമേരിക്ക ഒഴിഞ്ഞ് പോയ പ്രേതഭൂമിയില്‍ വെടിയൊച്ചയും കരിഞ്ഞ മാംസത്തിന്റെ ഗന്ധവുമാണ് ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ കാലത്തും ഓരോ ന്യായങ്ങള്‍ ചമച്ച് അധികാരത്തില്‍ തൂങ്ങിയ ഇറാഖ് പ്രസിഡന്റ് നൂരിമാലികിക്ക് ഇനിയും ഭരണത്തില്‍ തുടരാന്‍ ശിയാവിഭാഗീയത ആളിക്കത്തേണ്ടതുണ്ട്. സുന്നി-ശിയാ വിഭാഗീയത കത്തി നില്‍ക്കുന്ന ഇറാഖില്‍ അധികാരം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ വലിയൊരു തുറുപ്പ്ശീട്ട് കിട്ടാനില്ല. കുറേ കാലങ്ങളായി പ്രബലരായ സുന്നി വിഭാഗത്തെയും അവരില്‍പ്പെട്ട നേതാക്കളെയും ഒറ്റയായും കൂട്ടായും ആക്രമിച്ച് നിര്‍വീര്യമാക്കുകയെന്ന ശൈലിയാണ് നൂരിമാലികി തുടര്‍ന്ന് വന്നിരുന്നത്.
നൂരിമാലികിയുടെ സുന്നിവിരുദ്ധ-ശിയാപക്ഷപാതിത്വ ഭരണത്തിനെതിരെ ഇറാഖില്‍ തുടരുന്ന ജനകീയ പ്രക്ഷോഭമാണ് അപകടകരമായ രൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നത്. ഇറാഖിലെ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം നൂരിമാലികിയുടെ പട്ടാളം ജീവനും കൊണ്ട് ഓടിയ വാര്‍ത്തകളാണ് ലഭിക്കുന്നത്. ശിയാപക്ഷപാതിയായ നൂരിമാലികിയോടുള്ള ഇറാഖി ജനതയുടെ പ്രതിഷേധമാണ് ഐ.എസ്.ഐ.എസ് (ദാഇശ്) ഹൈജാക്ക് ചെയ്തിരിക്കുന്നത്. അറബ് വസന്തകാലത്ത് അറബ് നാടുകളിലെ ഭരണാധികാരികളുടെ കൊള്ളരുതായ്മയും സ്വേഛാധിപത്യവും ഇല്ലാതാക്കാന്‍ തെരുവിലിറങ്ങിയ ജനങ്ങളുടെ പ്രതിഷേധം ബ്രദര്‍ഹുഡ് പോലുള്ള പാര്‍ട്ടികള്‍ തട്ടിയെടുത്തത് പോലെയാണ് ഇറാഖിലും സംഭവിച്ചിട്ടുള്ളത്.


സിറിയയിലും ഇറാഖിലും ശിയാ മിലീഷ്യ നടത്തുന്ന നരനായാട്ടില്‍ പൊറുതിമുട്ടിയാണ് ജനം തെരുവിലിറങ്ങിയത്. ശിയാ സായുധസംഘങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ടാണ് കൊലയാളിയായ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ പിടിച്ചു നിര്‍ത്തിയത്. ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂഥികളും മറ്റു ശിയാ മിലീഷ്യയും ചേര്‍ന്ന് കാടന്‍ അക്രമങ്ങളാണ് സിറിയയിലെ ജനങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടത്. ശിയാ ഭീകരതയുടെ ഏറ്റവും ബീഭത്സ മുഖമാണ് യമനിലെ ഹൂഥികള്‍. അവിടത്തെ സുന്നി വിഭാഗത്തോട് യുദ്ധം പ്രഖ്യാപിച്ച് നിരപരാധികളെ അറുകൊല നടത്തുകയാണ് ഹൂഥികള്‍. ഇറാന്റെ പൂര്‍ണ പിന്തുണയോടെയാണ് ഹൂഥികള്‍ സുന്നി വിരുദ്ധ കലാപങ്ങള്‍ ഉണ്ടാക്കുന്നത്.


പശ്ചിമേഷ്യയെ പകുത്ത് സമ്പൂര്‍ണ ശിയാ മേഖലയുടെ നിര്‍മിതിയാണ് ഇറാന്‍ ബൗദ്ധിക നേതൃത്വം നല്‍കുന്ന ശിയാ മിലീഷ്യ ആഗ്രഹിക്കുന്നത്. ഇറാഖ്, ഇറാന്‍, യമന്‍, യമനിനോട് ചേര്‍ന്ന് കിടക്കുന്ന സഊദി അറേബ്യയിലെ ചില സ്റ്റേറ്റുകള്‍, ബഹ്‌റൈന്‍, സിറിയ, ലബനാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു വിശാല ശിയാ സാമ്രാജ്യമാണ് ശിയാ സായുധസംഘങ്ങളുടെ സ്വപ്‌നം. ഈ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള പണിയാണ് കുറേ നാളുകളായി ഇറാഖ് പ്രസിഡണ്ട് നൂരി മാലികി നടത്തുന്നത്. ഇറാനില്‍ സുന്നി പള്ളികളും സെന്ററുകളും അഗ്നിക്കിരയാക്കുന്നത് പോലെ സമ്പൂര്‍ണ സുന്നി ശുദ്ധീകരണമാണ് നൂരിമാലികി ലക്ഷ്യം വെച്ചത്.


ഇറാഖില്‍ അക്രമം കാണിക്കുന്ന ശിയാ സായുധ സംഘങ്ങളെയും ദാഇശിനെയും (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ) ഒരുപോലെ അപലപിക്കുന്നതിന് പകരം പടിഞ്ഞാറും അവരുടെ മീഡിയയും ദാഇശിനെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റി കല്ലെറിയുകയാണ്. അല്‍ഖാഇദയുടെ മറ്റൊരു പതിപ്പാണ് ദാഇശെന്ന് ഏറെക്കുറെ എല്ലാവരും അംഗീകരിച്ചതാണ്. ദാഇശിന്റെ ക്രൂരകൃത്യങ്ങളെ ആരും ന്യായീകരിക്കുന്നില്ല. എന്നിട്ടും സുന്നികളെ മൊത്തം ഭീകര വാദികളാക്കാന്‍ ദാഇശിന്റെ ദുഷ്‌ചെയ്തികളെ ദുരുപയോഗം ചെയ്യുകയാണ്. അല്‍ഖാഇദയുടെ ആക്രമണങ്ങളെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിശിതമായി എതിര്‍ക്കുന്നവരെയും അല്‍ഖാഇദയുമായി കൂട്ടിക്കെട്ടി ഉപന്യസിക്കുന്ന ഒരു രീതി കാണുന്നുണ്ട്. അത്‌പോലുള്ള ഒരു മാധ്യമ നിര്‍മിതിയാണ് ദാഇശിനെ സുന്നികളുമായി കൂട്ടിക്കെട്ടുന്നത്.


സുന്നി രാഷ്ട്രങ്ങളായ സഊദി അറേബ്യയും ഖത്തറും ഇറാഖി ജനതയുടെ വികാരത്തോടൊപ്പം നില്‍ക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. അറബ് ലീഗും ദാഇശിന്റെയും ശിയാ മിലീഷ്യയുടെയും ആക്രമണങ്ങളെ അപലപിക്കുകയുണ്ടായി. നൂരി മാലികിയെ ഒഴിവാക്കി ഇറാഖിലെ സുന്നികളെയും ശിയാക്കളെയും ഉള്‍ക്കൊള്ളിച്ച് ഒരു ദേശീയ ഐക്യ സര്‍ക്കാറാണ് രൂപീകരിക്കേണ്ടതെന്നാണ് സഊദിയുടെ നിലപാട്. പശ്ചിമേഷ്യയുടെ ഭദ്രതക്കാണ് സഊദി ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തം. ശിയാ-സുന്നി വിഭാഗീയത മൂര്‍ഛിച്ച് അറബ് രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്ന അവസ്ഥ അത്യന്തം അപകടകരമാണെന്ന് സഊദി കരുതുന്നു. സിറിയ, ഇറാഖ്, ബഹ്‌റൈന്‍, യമന്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശിയാ സാന്നിധ്യമുണ്ട്. കുര്‍ദുകളെ പോലെ സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കായി എല്ലാവരും ആയുധമെടുത്താല്‍ പശ്ചിമേഷ്യയില്‍ രക്തപ്പുഴ വീണ്ടും ഒഴുകും.


പശ്ചിമേഷ്യയെ ശിയാ-സുന്നി മേഖലകളാക്കി വിഭജിച്ച് ദുര്‍ബലമാക്കണമെന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സാമ്രാജ്യത്വ തത്പരരുടെയും ഏറെ കാലത്തെ ആഗ്രഹമാണ്. ആ ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പരവതാനിയാണ് ഇസ്‌ലാമിക രാഷ്ട്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇറാന്‍ വിരിക്കാന്‍ ഒരുങ്ങുന്നത.് യഹൂദ രാഷ്ട്രമായി സ്വയം വിശേഷിപ്പിക്കുന്ന ഇസ്രാഈലിനും ഇതിനേക്കാള്‍ ആഹ്ലാദം നല്‍കുന്ന മറ്റൊന്നില്ല. വിഭജനത്തിന്റെ വിത്ത് പാകി മുളപ്പിച്ചിട്ടാണ് അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടത്. അവര്‍ വിതച്ചതിന്റെ ഭവിഷ്യത്ത് മുഴുവന്‍ ഇറാഖി ജനത കൊയ്യുന്നത് കണ്ട് അമേരിക്ക അസ്വസ്ഥത അഭിനയിക്കുകയാണ്. തങ്ങള്‍ വിതച്ച വിഷക്കായകള്‍ തിന്ന് ഇറാഖി ജനത കൂട്ടത്തോടെ ചത്തൊടുങ്ങും മുമ്പ് ഇറാഖിലെത്തി നൂരി മാലികിയെന്ന ശിയാ പക്ഷപാതിയായ പാവയെ മാറ്റാനെങ്കിലും അമേരിക്ക ആര്‍ജവം കാണിക്കണം.


ശിയാ പക്ഷപാതിത്വം തലക്ക് പിടിച്ച ഇറാന്‍ ഇറാഖിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള തിടുക്കത്തിലാണ്. ഉപരോധങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ച ലോകത്തിന്റെ മുന്നില്‍ തെമ്മാ
ടി മുദ്ര നല്‍കി അപമാനിച്ച അമേരിക്കക്കും ബ്രിട്ടനും സൈനിക താവളമൊരുക്കി അടിമത്തം വിലക്കുവാങ്ങാനുള്ള പുറപ്പാടിലാണോ ഇറാന്‍. മുന്‍ പ്രസിഡണ്ട് അഹ്മദ് നജാദി നെഞ്ച് വിരിച്ച് പറഞ്ഞ ഗീര്‍വാണങ്ങളെല്ലാം പുതിയ പ്രസിഡണ്ട് റൂഹാനിക്കും കൂട്ടര്‍ക്കും ദഹിക്കുന്നില്ലെന്നല്ലേ ജോണ്‍ കെറിയുടെ പ്രസ്താവനയോടുള്ള ഇറാന്റെ മൗനം സൂചിപ്പിക്കുന്നത്.


കുറച്ചു കാലമായി അമേരിക്കക്ക് ബ്രദര്‍ഹുഡിനോടും ശിയാ മിലീഷ്യയോടും വല്ലാത്ത ഒരു പ്രേമമാണ്. കാരണം, അറബ്‌ലോകത്തെ നെടുകെ പിളര്‍ത്താന്‍ ഇവരേക്കാള്‍ വലിയൊരു വടി കിട്ടാനില്ലെന്ന് അമേരിക്കക്ക് അറിയാം. അതുകൊണ്ടാണ് തെമ്മാടിക്കുഴിയില്‍ നിന്ന് ഇറാനെ തോണ്ടിയെടുത്ത് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. അറബ്-ഇസ്‌ലാമിക ലോകത്തിന്റെ കഠിന വിരോധിയായ ഇസ്രാഈലുമായും ചേര്‍ന്ന് സൈനിക നീക്കത്തിന് ഇറാന്‍ മടി കാണിക്കില്ലെന്ന സൂചനയാണ് ആ ഈനാംപേച്ചിയുമായിട്ടുള്ള പുതിയ കൂട്ടുകെട്ട് വ്യക്തമാക്കുന്നത്. ഇസ്‌ലാമിക വിപ്ലവത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ഇറാന്‍ അറബ് രാജ്യങ്ങളെ വെട്ടിമുറിക്കാന്‍ വാള്‍ കൊടുക്കുന്നത് അധികമാരെയും അസ്വസ്ഥമാക്കുന്നില്ല. അപ്പോഴും സുന്നി ഭീകരതയെന്ന അപനിര്‍മിതി പ്രചരിപ്പിക്കുന്നതിലാണ് താത്പര്യം.


അല്‍ഖാഇദയെയും ദാഇശിനെയും പരസ്യമായി തള്ളാന്‍ ആര്‍ജവം കാണിച്ച സുന്നി രാഷ്ട്രങ്ങളെ പോലെ യമനിലെ ഹൂഥി തീവ്രവാദികളെയും സിറിയയില്‍ കലാപകാരികളോടൊപ്പം ചേര്‍ന്ന് നിരപരാധികളെ അറുകൊല ചെയ്യുന്ന ഹിസ്ബുല്ലയെയും ഇറാഖില്‍ ആയുധമേന്തിയ ശിയാ തീവ്രവാദികളെയും തള്ളിപറയാന്‍ എന്തുകൊണ്ട് ഇറാന്‍ മടിക്കുന്നു. ശിയാ ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം മറച്ച്‌വെച്ച് ദാഇശിനെയും അല്‍ഖാഇദയെയും സുന്നികളുടെ മേല്‍ കെട്ടി വയ്ക്കുന്നത് എത്രമേല്‍ അപരാധമാണ്.


അറബ് വസന്തനാളുകളില്‍ ജനങ്ങളോടൊപ്പം നിന്ന മാധ്യമങ്ങള്‍ എന്ത് ന്യായത്തിന്റെ പേരിലാണ് ഇറാഖി ജനതയുടെ പ്രതിഷേധങ്ങളെ മുഴുവന്‍ ഭീകരതയുടെ ചാപ്പ കുത്തുന്നത്? ചിലരുടെ പ്രതിഷേധങ്ങള്‍ ജനാധിപത്യവും മറ്റു ചിലരുടേത് ഭീകരതയും ആകുന്ന രസതന്ത്രമാണ് പിടികിട്ടാത്തത്. ഭീകരതയെ മുഖം നോക്കാതെ അപലപിക്കുന്നതോടൊപ്പം സ്വേച്ഛാധിപതികളും പക്ഷപാതികളുമായ ഭരണാധികാരികളുടെ ദുഷ്‌ചെയ്തികളെ വലിച്ച് പുറത്തിടാനും മാധ്യമങ്ങള്‍ക്ക് സാധിക്കണം. നൂരിമാലികിയുടെ ശിയാ പക്ഷപാതിത്വത്തെ ദാഇശിന്റെ ആക്രമണങ്ങള്‍ പൊലിപ്പിച്ച് മൂടിവയ്ക്കരുതെന്നാണ് ഇറാഖിലെ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ പറയാനാവുക.
- ഡോ. എ.ഐ അബ്ദുല്‍ മജീദ്(അവ.ചന്ദ്രിക)