വിശ്വാസിയുടെ വിജയം ഖുര്‍ആനിക ജീവിതത്തിലൂടെ' : സിംസാറുല്‍ ഹഖ് ഹുദവി

മനാമ: നന്‍മയുടെ വിളക്കായി വിശുദ്ധ റമളാനില്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍ വിഭാവനം 
ചെയ്യുന്ന ജീവിത സന്ദേശം ഉള്‍കൊള്ളുന്നതിലൂടെ മാത്രമേ വിശ്വാസിക്ക് വിജയം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് ബഹുഭാഷാ പണ്ഡിതനും വാഗ്മിയും അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക വിഭാഗം തലവനായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്‌ബോധിപ്പിച്ചു.
സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ പാകിസ്ഥാന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ നടത്തിയ അഹ്‌ലന്‍ റമളാന്‍ പരിപാടിയില്‍ 'ഖുര്‍ആനിലൂടെ റമളാനിലേക്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മീയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചാവണം വിശ്വാസി ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കേണ്ടതെന്നും റമളാന്‍ അതിനുള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കുഞ്ഞാലന്‍ മുസ് ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. സൈദലവി മുസ് ലിയാര്‍, മുജീബ് റഹ്മാന്‍ ദുബായ്, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.