റമസാന്‍ മാസപ്പിറവി: സൌദിയിൽ തിങ്കളാഴ്ച മുതല്‍ നിരീക്ഷണം തുടങ്ങും

റിയാദ്: ശഅബാന്‍ 25 തിങ്കളാഴ്ച മുതല്‍ 29 ന് രാത്രി വരെ മാസപ്പിറവി നിരീക്ഷിക്കുമെന്ന് ചന്ദ്ര നിരീക്ഷകന്‍ അബ്ദുല്ല അല്‍ഖുളൈരി അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം. സൂര്യാസ്തമയത്തിന്റെ 50 മിനുട്ട് മുമ്പെങ്കിലും നിരീക്ഷകര്‍ സ്ഥലത്തെത്തും. 
സൂര്യാസ്തമയത്തിന് മുമ്പ് എല്ലാവരും ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കും. ചന്ദ്രന്റെ രൂപമാണ് നിരീക്ഷിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കുക. ചിലപ്പോള്‍ ശുക്രന്‍ ചന്ദ്രക്കല രൂപത്തിലെത്താറുണ്ട്. ഇത് ചിലരില്‍ ആശയക്കുഴപ്പമുണ്ടാക്കും. മാസപ്പിറവി ദൃശ്യമായ സമയം രേഖപ്പെടുത്തി എല്ലാവരും പ്രത്യേക നിരീക്ഷണ സമിതിക്ക് മുമ്പാകെയെത്തും. അവിടെനിന്ന് പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കി സാക്ഷികളുടെ ഒപ്പ് സഹിതം ജഡ്ജിയുടെ മുന്നിലെത്തും. മാസപ്പിറവി നിരീക്ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ ടെലിസ്‌കോപ്പുകളുടെ സഹായവും തേടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(അവ.الشرق الأوسط)