ഇറാഖ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: സൈനുൽ ഉലമ

കോഴിക്കോട്: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും ഉരുണ്ടുകൂടുന്ന ആഭ്യന്തര കലാപങ്ങള്‍ ഇന്ത്യയെയും സാരമായി ബാധിക്കും.
ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആസ്പത്രികളിലും നിര്‍മാണ മേഘലകളിലും ധാരാളം ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്. അവരുടെ അവസ്ഥ ആശങ്കാജനകമാണ്. പലപ്രദേശങ്ങളിലും ടെലഫോണ്‍ബന്ധം പോലും അസാധ്യമായിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് വിഷയം സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടായില്ലങ്കില്‍ അപകടസാധ്യത അധികമാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രവാസികളെ വിസ്മരിച്ചിരുന്നു. ഇന്ത്യക്കാരായ പലരേയും ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
ബഗ്ദാദുമായി കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ബന്ധപ്പെടാന്‍ താമസിച്ചുകൂടാ. ഉന്നതതല സംഘം ബഗ്ദാദ് സന്ദര്‍ശിച്ചു ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും അനിവാര്യമെങ്കില്‍ നാട്ടിലെത്തിക്കേണ്ടതും ഉണ്ട്. ഇറാഖില്‍ സന്ദര്‍ശനത്തിന് പോകുന്നവര്‍ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇത്‌വരെ വിദേശകാര്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. രാഷ്ട്രത്തിലെ പൗരന്മാരുടെ സുരക്ഷയും രാഷ്ട്രത്തിന്റെ അഭിമാനവും കാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും സൈനുൽ ഉലമ ആവശ്യപ്പെട്ടു.