കുറ്റവാളികളെ ഉടന്‍ പിടിക്കൂടണം : കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്

മേല്‍പറമ്പ് : കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള മാണിമൂല ജമാഅത്തിന്റെ മുന്‍പ്രസിഡന്റ് എന്‍.എ അബ്ദുള്‍ കാദര്‍ ഹാജിയെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ പിടിക്കൂടണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റി അടിയന്തിര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 1982 മുതല്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കീഴിലുള്ള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരം മദ്രസ്സയും, സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ പള്ളിയും പ്രവര്‍ത്തിച്ചു വന്നിരിക്കെ ഏ.പി. വിഭാഗത്തില്‍പ്പെട്ട ചില സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പള്ളിയില്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. എട്ട് മാസം മുമ്പ് പള്ളിയില്‍ ഖത്തിബായിരുന്ന ഇബ്രാഹിം മുസ്ല്യാരെയും കഴിഞ്ഞ ആഴ്ച താജുദ്ധീന്‍ അസ്ഹരി എന്ന ഇമാമിനെയും അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പള്ളിയുടെയും മദ്രസ്സയുടെയും പേരില്‍ വികടിത വിഭാഗം വ്യാജ രജിസ്‌ട്രേഷന്‍ നടത്താനുള്ള ശ്രമം നിലനില്‍ക്കേയാണ് വീണ്ടും അക്രമം അഴിച്ചു വിട്ടത്.
സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ ഉടന്‍ പിടിക്കൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും നാട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ നിയമപാലകര്‍ മുന്നോട്ട് വരണമെന്നും സംയുക്ത ജമാഅത്ത് പത്ര കുറിപ്പില്‍ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ കാദര്‍ ഹാജിയെ കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വഖ അഹമ്മദ് അല്‍ അസ്ഹരി, ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, കെ.ബി.എം. ഷെരീഫ് കാപ്പില്‍, ഹമീദ് കുണിയ, അന്‍വര്‍ കോളിയുടക്കം, ഹാജി അബ്ദുല്ല ഹുസൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
- HAMEED KUNIYA Vadakkupuram