ദുബൈയിൽ അറബി ഭാഷാ കേന്ദ്രം ശൈഖ് മാജിദ് ഉദ്ഘാടനം ചെയ്തു


ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ച അറബി ഭാഷയുടെ പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അഥോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ അറബി ഭാഷാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
യുനെസ്‌കോയുടെ ലോക അറബി ഭാഷാ ദിനാചരണ വേളയില്‍ നടത്തിയ പ്രഖ്യാപനം അറബി ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. അറബി ഭാഷയെ ശക്തിപ്പെടുത്തണമെന്നത് 2021 യു.എ.ഇ വിഷന്റെ അജണ്ട കൂടിയാണ്. അറബി ഭാഷ ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയാണെന്ന് ശൈഖ് മാജിദ് പറഞ്ഞു.
ദുബൈയുടെ സാംസ്‌കാരിക മേഖലയില്‍ അറബി ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും അഥോറിറ്റി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ശൈഖ് പറഞ്ഞു. അറബി ഭാഷ ലൈബ്രറി, അറബി സാഹിത്യത്തിന്റെയും കവിതകളുടെയും ശേഖരം തുടങ്ങിയ കേന്ദ്രത്തിലുണ്ടാവും. അറബി ഭാഷയുടെ വികാസം ലക്ഷ്യം വെച്ച് ചര്‍ച്ചകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കും.
അറബിക് കാലിഗ്രഫി വര്‍ക്‌ഷോപ്പ്, അറബി പുസ്തകമേളകള്‍, എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. 2014 വേനലില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുബൈ അറബി ഭാഷാ കേന്ദ്രത്തിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വിലയിരുത്താന്‍ ദുബൈ കള്‍ച്ചര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. അന്തര്‍ദേശീയ ഭാഷാ നിലവാരത്തിലുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും സെന്ററില്‍ നിന്നും ലഭിക്കും. അറബി ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ ഭാഷയുടെ സംസ്‌കാരവും വികാസവും പരിചയപ്പെടുത്തുന്നതിന് പുറമെ അന്യ ഭാഷക്കാര്‍ക്കും ഈ ഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കും.
സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളില്‍ അറബി ഭാഷ വ്യാപകമാക്കാനുള്ള പദ്ധതികളും സെന്ററിന്റെ കീഴില്‍ വരും. ഇതിനെല്ലാം പുറമെ അറബി ഭാഷയുടെ വികസനത്തിനും സംരക്ഷണത്തിനും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കി ആദരിക്കും.- അവ.gulf desk,ചന്ദ്രിക