മദ്രസ നവീകരണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം: മന്ത്രി അബ്ദുറബ്ബ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മദ്രസാ ഫണ്ട് വാങ്ങിയെടുക്കുന്നതിലും വിനിയോഗിക്കുന്നതിലും പല മദ്രസകളും പിറകിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മദ്രസ നവീകരണ പദ്ധതി പ്രകാരം കിണാശ്ശേരി യതീംഖാന സെക്കണ്ടറി മദ്രസയില്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ ലാബിന്റേയും സയന്‍സ് ലാബിന്റേയും ലൈബ്രറിയുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന് കേന്ദ്ര ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങിയതോടെ 1462 മദ്രസകള്‍ക്ക് ഇതുവഴി ഗ്രാന്റ് ലഭ്യമായി. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നേടിയെടുക്കാന്‍ സന്നദ്ധ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. മദ്രസകളില്‍ ശാസ്ത്രവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവക്ക്
പ്രാധാന്യം നല്‍കുന്നത് ഗുണകരമാകും- മന്ത്രി പറഞ്ഞു.
പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.ടി ബീരാന്‍കോയ, ശ്രീവല്ലിരാമന്‍, ഒലീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എച്ച്.എം ആലിസ് ജോര്‍ജ്ജ്, പ്രസിഡണ്ട് പി. മമ്മദ് കോയ ഹാജി, യതിംഖാന ട്രഷറര്‍ വി. മുഹമ്മദ്, മമ്മദ് കോയ കിണാശ്ശേരി, മണലൊടി മുഹമ്മദ് ഇസ്മായില്‍, കെ. മുഹമ്മദ് ഫൈസി സംസാരിച്ചു.