യു.എ.ഇ 42-ാംദേശീയ ദിനം; ദുബൈ എസ്.കെ.എസ്.എസ്.എഫിന്റെ ദേശീയ ദിനാശംസകള്‍

ദുബൈ: ഐക്യ അറബ് എമിറേറ്റുകളു (യു.എ.ഇ) ടെ 42-ാം ദേശീയ ദിനത്തിൽ രാജ്യമെങ്ങും വിപുലവും വര്‍ണാഭവുമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും നേടി യു.എ.ഇ ഇന്ന് ലോകത്തിന്റെ നെറുകയില്‍ നിലകൊള്ളുന്നു. 
1971 ഡിസംബര്‍ 2ന് സ്ഥാപിതമായ ശേഷം രാഷ്ട്രം കൈവരിച്ച നേട്ടങ്ങളും ഉന്നത നിലയിലുള്ള വികസനവും പൗരന്മാര്‍ ആസ്വദിക്കുന്ന സന്തുഷ്ടിയും സംതൃപ്തിയും ക്ഷേമവും മറ്റൊരു അറബ് രാഷ്ട്രത്തിനും നേടാനാവാത്തത്ര മികച്ച രീതിയിലാണുള്ളത്. മധ്യപൂര്‍വേഷ്യന്‍ മേഖലാ-അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും സമൃദ്ധിയും സ്ഥിരതയുമുള്ള രാഷ്ട്രങ്ങളില്‍ യു.എ.ഇ ഇന്ന് അഗ്രഗാമിയാണെന്ന് 2013ല്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്‌ളോബല്‍ കോംപറ്റീറ്റീവ്‌നസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാനായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അടിത്തറ പാകിയ യു.എ.ഇ തുടര്‍ന്നങ്ങോട്ട് അദ്ഭുത കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോയത്. വിവേകം, ക്ഷമ, സന്മനോഭാവം, പ്രൊഫഷനലിസം, ജീവിത നന്മ, ഉത്തരവാദിത്ത നിര്‍വഹണത്തിലെ ആത്മാര്‍ത്ഥ, അര്‍പ്പണത തുടങ്ങിയ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കി രാജ്യത്തിന് നേടാനാകുന്ന പുരോഗതി എല്ലാ അര്‍ത്ഥത്തിലും സ്വന്തമാക്കാന്‍ സ്വയം സമര്‍പ്പിച്ച് മുന്നേറുകയായിരുന്നു ആ മഹാനുഭാവന്‍. പൗരന്മാര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതവും അഭിമാനവും പ്രദാനം ചെയ്ത്, സ്ഥാപകാംഗങ്ങളായ തന്റെ സഹോദരന്മാരുടെ ആത്മാര്‍ത്ഥ സഹകരണത്തിലും ഇഛാശക്തിയിലും രാഷ്ട്രം കെട്ടിപ്പടുത്തു അദ്ദേഹം. 
2012 ഡിസംബര്‍ 2ന് 41-ാം ദേശീയ ദിനത്തില്‍ രാഷ്ട്രത്തോട് സംബോധന ചെയ്ത് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു: ''ഇന്ന് നാം അഭിമാനിക്കുകയും സംരക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രത്തിന്റെ അടിത്തറയാണ് അവര്‍ പാകിയത്. ആ മഹത്തുക്കള്‍ പകര്‍ന്നേകിയ പാരമ്പര്യം അങ്ങേയറ്റം നാം പിന്തുടരുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഭരണജ്ഞതയിലും നിയമാനുസാരങ്ങളിലും നീതിയിലുമധിഷ്ഠിതമായ സമീപനമാണിത്. പൗരന്മാര്‍ക്ക് മനുഷ്യാന്തസ്സ്, അഭിമാനകരമായ അസ്തിത്വം, സാമൂഹിക നീതി പ്രദാനം ചെയ്യല്‍ എന്നിവ സാമൂഹികവും മൗലികവുമായ അവകാശങ്ങളാണ്.
ഭരണഘടന ഉറപ്പു വരുത്തുന്ന ഇക്കാര്യങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യറി വഴി സംരക്ഷിക്കപ്പെട്ടതുമാണ്''. രാജ്യത്തിന്റെ ഫെഡറല്‍ ഏകത ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത പ്രസിഡന്റ്, ഈ ഐക്യം സംരക്ഷിക്കേണ്ടത് ദേശീയ ലക്ഷ്യമാണെന്നും വിവിധ രാഷ്ട്രങ്ങള്‍ക്കും ജന സമൂഹങ്ങള്‍ക്കുമിടക്ക് നമ്മുടെ രാജ്യം ശക്തമായി നിലകൊള്ളാന്‍ ഐക്യത്തെ കുറിച്ചുള്ള അവബോധവും രഞ്ജിപ്പും അനിവാര്യമാണെന്നും വിശദീകരിക്കുകയും ചെയ്തു.
അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ ഏഴു എമിറേറ്റുകളിലും നിരവധി പരിപാടികളാണ് ദേശീയ ദിന ഭാഗമായി നടക്കുന്നത്. കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച, 2020ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള ദുബൈയുടെ അവസരം ആഘോഷ പൊലിമ പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഴു എമിറേറ്റുകളുടെയും കിരീടാവകാശികള്‍ കൈമാറി ഇന്ന് അബുദാബിയില്‍ സമാപിക്കുന്ന ദേശീയ പതാകാ മാര്‍ച്ച്, ദുബൈയിലും അബുദാബിയിലും അല്‍ഐനിലും ഷാര്‍ജയിലും നടക്കുന്ന വ്യോമ പ്രദര്‍ശനങ്ങള്‍, ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ ഡൗണ്‍ടൗണില്‍ ഇഅ്മാര്‍ ഒരുക്കുന്ന പരേഡ് തുടങ്ങി ഒട്ടേറെ ആകര്‍ഷക പരിപാടികളാണ് ഇന്ന് നടക്കുക. 
പ്രവാസി സമൂഹവും തങ്ങളാലാകും വിധത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഘോഷ പരിപാടികള്‍ നടന്നു വരുന്നുണ്ട്.