വഖഫ് ആക്ട് ഒരു വിശകലനം- പരമ്പര -ഭാഗം -2. I വഖഫ് സ്വത്തുക്കള്‍ പാട്ടത്തിനു നല്‍കാം

ഖഫുകളില്‍ കമ്മിറ്റി അംഗങ്ങളില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തേണ്ടിവരും. തമിഴ്‌നാട്ടില്‍ അഡ്വ. ബദര്‍സഈദ്, വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നിട്ടുണ്ട്. പ്രൊഫസര്‍ നസീം ബറക്കത്ത് മധുര എം.കെ. നമ്പ്യാര്‍ പള്ളിക്കമ്മിറ്റി അംഗം ആയിരുന്നിട്ടുണ്ട്. അതിനാല്‍ പള്ളിക്കമ്മിറ്റികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടിവരും. തല്‍ഫലമായി എല്ലാ പള്ളികളിലും അവര്‍ക്കു പ്രവേശനവും അനുവദിക്കേണ്ടിവരും. വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സനും അംഗവും ആകാമെങ്കില്‍, പള്ളിയില്‍ പ്രവേശിച്ച് നമസ്‌കരിക്കുന്നതിന് എന്താണ് തടസ്സം?
ബോര്‍ഡ് അംഗങ്ങളുടെ അയോഗ്യതയുടെ കൂട്ടത്തില്‍, ഏതെങ്കിലും വഖഫ് വസ്തു കൈയേറി കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആളെയും ഉള്‍പ്പെടുത്തി വകുപ്പ് 16 ഭേദഗതി ചെയ്തിട്ടുണ്ട്.
ബോര്‍ഡ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനും നീക്കം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന വകുപ്പ് 20 ന് സമഗ്രമായ ഭേദഗതി വരുത്തിയിട്ടുണ്ട്. ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് വരുന്ന തീയതി മുതല്‍ ഒരു കൊല്ലത്തിനകം, നീക്കം ചെയ്യാനായി യാതൊരവിശ്വാസ പ്രമേയവും കൊണ്ടുവരാന്‍ പാടില്ല. ഗവണ്‍മെന്റിന്റെ മുന്നനുമതിയോടുകൂടിയേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ. ബോര്‍ഡിന്റെ മൊത്തം അംഗങ്ങളില്‍ കുറഞ്ഞത് പകുതിപ്പേരെങ്കിലും ഒപ്പിട്ട, കാരണങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നോട്ടീസ് ഗവണ്‍മെന്റിന് നല്‍കണം.

നോട്ടീസിന്റെ ഉള്ളടക്കം വായിക്കുകയോ വായിച്ചുകേള്‍ക്കുകയോ ചെയ്തുവെന്ന് കാണിച്ച് മൂന്ന് അംഗങ്ങളെങ്കിലും നേരിട്ട് ഗവണ്‍മെന്റ് മുമ്പാകെ ഹാജരായി ഒരു സത്യവാങ്മൂലം നോട്ടീസിനൊപ്പം നല്‍കണം. തുടര്‍ന്ന് ഗവണ്‍മെന്റ് തീയതി നിശ്ചയിച്ച് പ്രമേയാവതരണത്തിനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. വിശദമായ നടപടിക്രമവും ഭേദഗതിയിലൂടെ നിശ്ചയിച്ചിട്ടുണ്ട്.
വകുപ്പ് 23 (1) ല്‍ വരുത്തിയ ഭേദഗതിമൂലം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗവണ്‍മെന്റ് നിയമിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഒരു മുസ്‌ലിം ഓഫീസര്‍ ആയിരിക്കും. ബോര്‍ഡ് ഗവണ്‍മെന്റിലേക്കയയ്ക്കുന്ന രണ്ടു പേരുടെ പാനലില്‍ നിന്നായിരിക്കും നിയമനം. ആ പദവിയിലുള്ള മുസ്‌ലിം ഓഫീസര്‍ ലഭ്യമല്ലെങ്കില്‍, തുല്യപദവിയിലുള്ള ഒരു മുസ്‌ലിം ഓഫീസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണം.

പുതുക്കിയ വകുപ്പ് 27 പ്രകാരം, ബോര്‍ഡിന്റെ എല്ലാ അധികാരങ്ങളും ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമല്ല. പഴയ വകുപ്പ് പ്രകാരം പരിമിതികളില്ലായിരുന്നു.
പഴയ വകുപ്പ് 28 പ്രകാരം ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍, കലക്ടര്‍മാര്‍ മുഖേന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനു മാറ്റം വരുത്തി. നിര്‍ദേശങ്ങള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ് എന്നിവരെ അറിയിക്കണം. അവരാണ് നടപ്പാക്കേണ്ടത്. നടപ്പാക്കുന്നതിനായി ആവശ്യമാണെങ്കില്‍ വഖഫ് ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങളും തേടാവുന്നതാണ്.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍, മുതവല്ലിമാര്‍, അവരുടെ അധീനതയിലുള്ള രേഖകള്‍, നിര്‍ണ്ണയിക്കാവുന്ന സമയത്തിനകം അവ അദ്ദേഹത്തിന്റെ മുമ്പാകെ ഹാജരാക്കണമെന്ന് വകുപ്പ് 29 ല്‍ ഭേദഗതി വരുത്തിയിരിക്കുന്നു. ഗവണ്‍മെന്റിന്റെ ഏതെങ്കിലും ഏജന്‍സിയോ സംഘടനയോ വഖഫ് സംബന്ധമായി അവരുടെ കൈവശമുള്ള രേഖകളുടെ പകര്‍പ്പുകള്‍, ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ ആവശ്യപ്പെട്ടാല്‍, പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കകം അദ്ദേഹത്തിനു ലഭ്യമാക്കണമെന്നും പുതിയ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു. ഇങ്ങനെ ആവശ്യപ്പെടുന്നതിനു മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍, ബോര്‍ഡിന്റെ അനുമതി നേടിയിരിക്കേണ്ടതാണ്.
സംസ്ഥാന ഗവണ്‍മെന്റ് നിയമം പാസാക്കുന്നപക്ഷം, ബോര്‍ഡ് ചെയര്‍പേഴ്‌സന്നും അംഗങ്ങള്‍ക്കും പാര്‍ലമെന്റിലെയോ നിയമസഭകളിലെയോ അംഗമായിരിക്കുന്നതിന് അയോഗ്യതയുണ്ടായിരിക്കുന്നതല്ല.

വകുപ്പ് 32 ല്‍ വരുത്തിയ ഭേദഗതി പ്രകാരം, വഖഫ് വസ്തുക്കള്‍ പാട്ടത്തിന് അനുവാദം കൊടുക്കുവാന്‍ ബോര്‍ഡിന് അധികാരമുണ്ട്. അതിനനുകൂലമായി മുന്നില്‍ രണ്ടു ഭാഗം അംഗങ്ങള്‍ വോട്ടു ചെയ്തിരിക്കണം. ബോര്‍ഡ് അനുവാദം കൊടുക്കാത്തപക്ഷം, അതിനുള്ള കാരണം, കാണിച്ചിരിക്കണം വഖഫ് വസ്തുവിന്റെയും കെട്ടിടത്തിന്റെയും കമ്പോള വാടക നിശ്ചിയിക്കാനുള്ള അധികാരം ബോര്‍ഡിനാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഭവന നിര്‍മ്മാണം, താമസത്തിനുള്ള ഫഌറ്റുകള്‍, അതുപോലെയുള്ള സ്ഥാപനങ്ങള്‍ വഖഫ് വസ്തുക്കളില്‍ നിര്‍മ്മാണം നടത്തി, വഖഫ് വസ്തുക്കള്‍ വികസിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കാനുള്ള അധികാരം ബോര്‍ഡിനാണ്. ഇതിന് ഗവണ്‍മെന്റിന്റെ മുന്നനുമതിവേണമെന്ന വ്യവസ്ഥ നീക്കം ചെയ്തു.
വകുപ്പ് 37 ല്‍ വരുത്തിയ ഭേദഗതി പ്രകാരം, വഖഫ് വസ്തുക്കളുടെ വിശദവിവരങ്ങള്‍ ആ വസ്തുക്കള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭൂരേഖകള്‍ സൂക്ഷിക്കുന്ന ആഫീസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്. ബന്ധപ്പെട്ട ലാന്‍ഡ് റവന്യൂ ആഫീസ് പ്രസ്തുത വിവരങ്ങള്‍ അവരുടെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുകയും ആ വിവരം വഖഫ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ ആറുമാസത്തിനകം ബോര്‍ഡിനെ അറിയിക്കേണ്ടതുമാണ്.


വകുപ്പ് 44 പ്രകാരം മുതവല്ലിമാര്‍, ബോര്‍ഡിന് അവരുടെ വഖഫ് സംബന്ധമായ ബജറ്റ് അയച്ചുകൊടുക്കേണ്ട സമയം, സാമ്പത്തിക വര്‍ഷത്തിനു തൊണ്ണൂറുദിവസം മുമ്പ് എന്നുള്ളതിന് പകരം, മുപ്പതു ദിവസം എന്നാക്കിയിട്ടുണ്ട്. ബജറ്റില്‍ ചേര്‍ത്തിരിക്കുന്ന ഏതെങ്കിലും ഇനം, വഖഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍പെടാത്തതാണെങ്കില്‍ അതുനീക്കം ചെയ്യുന്നതിന് ബോര്‍ഡിന് അധികാരം നല്‍കുന്നുണ്ട്.


വകുപ്പ് 46 ല്‍ ബോര്‍ഡിന് കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി, മെയ് ഒന്ന് പറഞ്ഞതിനുപകരം ജൂലൈ ഒന്നാക്കിയിരിക്കുന്നു. വകുപ്പ് 47 പ്രകാരം പതിനായിരം രൂപ വരെ വാര്‍ഷിക അറ്റാദായം ഉള്ള വകുപ്പുകളില്‍ ഓഡിറ്റ് ഇല്ലായിരുന്നു. ഈ തുക അമ്പതിനായിരമായി ഉയര്‍ത്തിയിട്ടുണ്ട്.


നിലവിലുള്ള വകുപ്പ് 51 ഭേദഗതി ചെയ്ത പ്രകാരം വഖഫ് വസ്തുക്കള്‍ ബോര്‍ഡിന്റെ മുന്നനുമതിയില്ലാതെ പാട്ടത്തിനു കൊടുക്കാന്‍ പാടില്ല. വഖഫ് വസ്തുക്കളുടെ വില്പന, ദാനം, പരസ്പര കൈമാറ്റം, ഒറ്റിക്കു കൊടുക്കല്‍, മറ്റു കൈമാറ്റങ്ങള്‍ എല്ലാം അസാധുവാണ്. വഖഫ് വസ്തുക്കള്‍ പൊതു കാര്യങ്ങള്‍ക്കായി വ്യവസ്ഥകളോടെ പൊന്നുംവിലക്കെടുക്കാം.(തുടരും)