ഖാസി കേസില്‍ സംഭവിച്ചതെന്ത്?- ഉസ്മാന്‍ ചെമ്പിരിക്ക എഴുതുന്ന പരമ്പര -ഭാഗം -1

മസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയാണ് ഈ കറിപ്പിനാധാരം. ഈ വാര്‍ത്ത ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരള ഹൈക്കോടതി മുഖാന്തിരം ജനസമൂഹം അറിഞ്ഞതാണ്. ഈ വാര്‍ത്തയോടെ ജനങ്ങളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം സി.ബി.ഐ വീണ്ടും കേസ് അന്വേഷിക്കുകയും വീണ്ടും ആത്മഹത്യ എന്ന റിപോര്‍ട്ട് സമര്‍പ്പിച്ചു എന്ന വിധത്തിലാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പുതുതായി ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
സി.ബി.ഐ യുടെ അന്വേഷണം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിച്ചതാണെങ്കിലും ഇത് വരെ സി.ബി.ഐ കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിരുന്നില്ല. എങ്കിലും അന്വേഷണം അവസാനിപ്പിച്ചിട്ടും റിപോര്‍ട്ട് കോടതിയില്‍ സമര്‍പിക്കാതെ സി.ബി.ഐ ഒളിച്ചുകളിച്ചപ്പോള്‍ ഖാസിയുടെ ബന്ധുക്കള്‍ ഒന്നര വര്‍ഷം മുമ്പ് ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സീല്‍ ചെയ്ത കവറില്‍ അന്വേഷണ റിപോര്‍ട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പിക്കുകയും ബന്ധുക്കളുടെ ആവശ്യാര്‍ത്ഥം റിപോര്‍ട്ടിന്റെ പകര്‍പ് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഈ റിപോര്‍ട്ടാകട്ടെ അപൂര്‍ണവും അബദ്ധ ജഡിലവും പരിഹാസ്യവുമാണ്.

ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ ഉന്നയിക്കുന്ന വാദങ്ങള്‍ വളരെ ദുര്‍ബലവും അശാസ്ത്രീയവുമാണ്. ഈ റിപോര്‍ട്ടിന്റെ മേല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ബാലകൃഷ്ണന്റെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ യഥാസമയം കീഴ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പിക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് സി.ബി.ഐ ശ്രമിച്ചു കൊണ്ടിരുന്നത്. അതിനിടെ സി.ബി.ഐ റിപോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും പുതിയ ഒരു അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഖാസിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അതിന്മേലുള്ള വാദത്തിനായി കേസ് പല
അവസരങ്ങളിലും പരിഗണയില്‍ വന്നെങ്കിലും പല സ്വാധീനങ്ങളുടെയും ഫലമായി ഓരോ തവണകളിലും കേസ് ലിസ്റ്റില്‍ നിന്ന് പിന്നിലാക്കപ്പെടുകയും കോടതി സമയം കഴിഞ്ഞെന്നും പറഞ്ഞു ബെഞ്ചിനു മുമ്പില്‍ എത്താതിരിക്കുകയും അനന്തമായി നീട്ടിക്കൊണ്ടുപോകുകയുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടയിലാണ് ഇപ്പോള്‍ സി.ബി.ഐ കേസ് അവസാനിപ്പിച്ചെന്നും പറഞ്ഞ് കീഴ്‌കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചതും മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ചതും. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടലില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അവസാനം സി.ബി.ഐയും കേസ് അന്വേഷിച്ചു. ഖാസിയുടെ മരണം ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് തെളിയിക്കുന്നതാണ് ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അവസാനം സി.ബി.ഐയുടെയും അന്വേഷണ പ്രഹസനങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ നിരത്തുന്ന തെളിവുകള്‍ വളരെ വിചിത്രമാണെന്നാണ് സി.ബി.ഐ റിപോര്‍ട്ട് പൂര്‍ണമായി വായിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. സി.ബി.ഐ നിരത്തുന്ന പ്രധാന തെളിവുകളില്‍ ഒന്ന് ഖാസിക്ക് കടുത്ത കാലു വേദന
ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ പാറക്കല്ലിനു മുകളില്‍ ഖാസിക്ക് കയറാന്‍ കഴിയുമെന്നതിനു അതേ സി.ബി.ഐ മറ്റൊരു തെളിവായി ഉദ്ധരിക്കുന്നത് അദ്ദേഹം മരണത്തിനു തലേ ദിവസം 35 പടികള്‍ കയറി പിതാവിന്റെ ഖബര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ്. ഇതില്‍ നിന്നുതന്നെ വൈരുധ്യങ്ങളുണ്ടെന്നു മനസിലാക്കാന്‍ വലിയ പ്രയാസമില്ല.

ഖബര്‍ സന്ദര്‍ശിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ കടുത്ത കാലു വേദനയുള്ള ഒരാള്‍ എങ്ങനെയാണു 35 ലധികം പടികള്‍ കയറി പോകുന്നത് എന്ന് മനസിലാകുന്നില്ല. ഇതില്‍ നിന്നും വ്യക്തമാണ് അദ്ദേഹത്തിന് അസഹ്യമായ കാലു വേദന ഉണ്ടായിരുന്നില്ലെന്ന കാര്യം. എന്ന് മാത്രവുമല്ല വളരെ ദുര്‍ഘടമായ, പൂര്‍ണ ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് പോലും എളുപ്പത്തില്‍ കയറിച്ചെല്ലാന്‍ കഴിയാത്ത വിധത്തിലുള്ള പാറക്കല്ലുകളില്‍ അര്‍ധ രാത്രിയില്‍, ഒരു കയ്യില്‍ ടോര്‍ച്ചും മറുകയ്യില്‍ ഊന്നു വടിയുമായി എവിടെയും വീഴാതെ പരിക്കേല്‍ക്കാതെ, അസഹ്യമായ കാലു വേദനയുള്ള ഒരാള്‍ക്ക് എങ്ങനെയാണു എത്തിച്ചേരാനാവുക?

മറ്റൊരു പ്രധാന തെളിവായി സി.ബി.ഐ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന് കാന്‍സര്‍ രോഗവും അത് മൂലം വിഷാദ രോഗവുമുണ്ടായിരുന്നു എന്നാണ്. കാന്‍സര്‍ രോഗ നിര്‍ണയം നടത്തിയിരുന്നു. പക്ഷെ അത് അദ്ദേഹത്തെ ഒരിക്കല്‍ പോലും അലട്ടിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മരണത്തിനു ആറ് മാസങ്ങള്‍ക്ക് മുമ്പ് പതിവ് പോലെയുള്ള ഒരു മംഗലാപുരം സന്ദര്‍ശന ദിവസം ഓഫീസില്‍ ഇരിക്കുമ്പോള്‍ വയറു വേദന തോന്നുകയും ഹോസ്പിറ്റലില്‍ പോയി പരിശോധിച്ചപ്പോള്‍ ആന്തരീക രക്തസ്രാവം നടക്കുന്നതായി മനസിലാക്കുകയും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതിനു ശേഷം നടത്തിയ രോഗ നിര്‍ണയ പരിശോധനയില്‍ കരളില്‍ കാന്‍സര്‍ സെല്ലുകള്‍ കാണപ്പെടുകയുണ്ടായി എന്നതൊഴിച്ചാല്‍ അതിനു മുമ്പോ ശേഷമോ അതുമായി ബന്ധപ്പെട്ട ഒരു പ്രയാസവും ഖാസിക്ക് അനുഭവപ്പെട്ടിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ കാന്‍സര്‍ രോഗത്തിനുള്ള തുടര്‍ ചികിത്സ
നടത്തുമായിരുന്നല്ലോ.

എങ്കില്‍ സി.ബി.ഐ ഇവിടെ തെളിയിക്കേണ്ടത് അദ്ദേഹം കാന്‍സറിനുള്ള തുടര്‍ ചികിത്സ നടത്തിയിരുന്നോ എന്നാണ്. ഇതിനു അവര്‍ക്ക് സാധിച്ചിട്ടില്ല. ഒരു റേഡിയേഷന്‍ പോലും നടത്തിയിരുന്നില്ല എന്നതാണ് സത്യം. സാധാരണ ഷുഗറിനും പ്രഷറിനുമുള്ള മരുന്നല്ലാതെ മറ്റൊന്നും അദ്ദേഹം കഴിച്ചിരുന്നില്ല. ഉണ്ടെങ്കില്‍ സി.ബി.ഐ അവരുടെ റിപോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ഖാസി കഴിച്ചിരുന്ന മരുന്നുകളെല്ലാം തന്നെ അന്വേഷണ സംഘം കൊണ്ടുപോയിരുന്നു. എന്നാല്‍ കടുത്ത വേദന ഉണ്ടായിരുന്നുവെന്നു പറയുന്ന സി.ബി.ഐ അതില്‍ ഒരു വേദന സംഹാരി എങ്കിലും ഉണ്ടായതായി വ്യക്തമാക്കിയിട്ടില്ല.

സിബിഐയുടെ വാദങ്ങളും തെളിവുകളും ഒരു സ്ഥലത്തും ഒത്തു പോകുന്നില്ല. പിന്നെ പറയുന്നത് വിഷാദ രോഗത്തെ കുറിച്ചാണ്. ഇതിനു തെളിവ് നല്‍കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല. ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍ നിന്നോ മറ്റു രോഗ നിര്‍ണയ പരിശോധനയില്‍ നിന്നോ ഒരു തെളിവും സി.ബി.ഐക്ക് അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വെറും ഊഹാപോഹങ്ങള്‍ നടത്തി കോടതിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സി.ബി.ഐ ക്ക് എങ്ങനെ കഴിയും. ഇതൊക്കെ കൊണ്ട് തന്നെയാണ് കോടതിയെ അഭിമുഖീകരിക്കാന്‍ സി.ബി.ഐ മടി കാണിക്കുന്നത്. സി.ബി.ഐയുടെ മറ്റൊരു വാദം ബാധ്യതകളൊക്കെ തീര്‍ത്തിരുന്നു എന്നാണ്. ബാധ്യതകള്‍ തീര്‍ക്കുകയെന്നത് ആത്മഹത്യക്ക് തെളിവാകുന്നത് എങ്ങനെയാണ്?-ഉസ്മാന്‍ ചെമ്പിരിക്ക