മണ്ണാർക്കാട് സംഭവം; ഇരട്ടക്കൊലയെ കുറിച്ച് സമഗ്ര അന്വേഷണം വേണം - പിണങ്ങോട്

ദുശക്തികളെയും സഹായികളെയും കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ട് 
ചേളാരി:മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലയില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്. കൊല്ലപ്പെട്ട പള്ളത്ത് ഹംസയും, നൂറുദ്ദീനും 1998ല്‍ ദാരുണമായി വധിക്കപ്പെട്ട മുഹമ്മദ് വധക്കേസിലെ പ്രതികളാണ്. ഇവരെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ജലീലിന്റെ പിതാവാണ് 1998ല്‍ കൊല്ലപ്പെട്ട മുഹമ്മദ്.
കല്ലാംകുഴിയില്‍ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതിന് വളവും, വെള്ളവും നല്‍കി വളര്‍ത്തി നിഷേധികള്‍ക്ക് സഹായം ചെയ്തു വരുന്ന ചില വിദ്രോഹശക്തികളും അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ടന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മൌലവി ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പോലും തടയാനും പള്ളികളില്‍ നിരന്തരം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി സങ്കുചിത രാഷ്ട്രീയ സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അരാജകത്വം വളര്‍ത്തുന്ന ശക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.
''വാഖിഫിന്റെ (മതസ്ഥാനങ്ങള്‍ക്ക് വസ്തുവഹകള്‍ നല്‍കിയവര്‍) ഉദ്യേശ്യലക്ഷങ്ങള്‍ക്ക് വിരുദ്ധമായി പള്ളി, മദ്‌റസകള്‍ പിടിച്ചടക്കാനും, സ്തംഭിപ്പിക്കാനും, തകര്‍ക്കാനും കേരള വ്യാപകമായി ചിലര്‍ ഒത്താശചെയ്യുന്നു. ഇവര്‍ക്ക് സാമ്പത്തിക്കവും നിയമപരവുമായ സഹായങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നു. ഇത്തരം ശക്തികളുടെ സാമ്പത്തിക സ്രോതസും അന്വേഷണ വിധേയമാക്കണം. മുസ്‌ലിം സമുദായത്തില്‍ ആഭ്യന്തര കലഹം തീര്‍ത്തു മലിനമാക്കുന്ന ദുശക്തികളെയും അവര്‍ക്ക് ഒത്താശയും, ധനവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ശക്തികളെയും കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് അധികാരികള്‍ക്ക് ബാധ്യത ഉണ്ടന്നും അദ്ദേഹം പറഞ്ഞു.