വാഫിക്കു സ്വന്തം കാമ്പസ്

ദീനീ വിദ്യാഭ്യാസത്തിന് ലോകത്തുതന്നെ കേളികേട്ട ഇടമാണ് കേരളം. നമ്മുടെ പൂര്‍വ്വികര്‍ പ്രശസ്തി തേടിപ്പോയില്ലെങ്കിലും പ്രശസ്തി അവരെ തേടിയെത്തിയിട്ടുണ്ട്. വലിയ വിലകൊടുത്താണ് ഈ പാരമ്പര്യം നമ്മള്‍ സംരക്ഷിച്ചു പോരുന്നത്. പുതിയകാലത്തു പാരമ്പര്യ സംരക്ഷണത്തിനു പുതിയ മാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മുസ്‌ലിംകള്‍. അങ്ങനെയാണ് നാം സമന്വയത്തിലേക്കു കടക്കുന്നത്. പരമ്പരാഗത ദര്‍സുകള്‍ തൊട്ട് ഉന്നത കലാലയങ്ങള്‍ വരെ പരോക്ഷമായെങ്കിലും സമന്വയത്തിലേക്കു കടന്നുകൊണ്ടിരിക്കുകയാണല്ലോ.
നാട്ടില്‍ നിലവിലുള്ള നിസാമിയ്യ സിലബസ് സമന്വിതമാണ്. ബുദ്ധിശാസ്ത്രങ്ങള്‍ക്കതില്‍ വലിയ പ്രാധാന്യമുണ്ട്. ഔപചാരിക സെക്യുലര്‍ വിദ്യാഭ്യാസം തനതുരീതിയില്‍ തന്നെ ഉന്നത മതപഠനത്തോടൊപ്പം നല്‍കുക എന്ന പുതിയ സമന്വയരീതി നമ്മുടെ വഴികാട്ടികളായ ഉസ്താദുമാര്‍തന്നെ സ്വീകരിച്ചിട്ടുണ്ട്. കുറേ മുമ്പ് തന്നെ എടവണ്ണപ്പാറ റശീദിയ്യയില്‍ കണ്ണിയത്ത് ഉസ്താദിന്റെ (ന:മ) നേതൃത്വത്തില്‍ സമന്വയം തുടങ്ങിയിരുന്നു. അങ്ങിങ്ങ് സമന്വയങ്ങള്‍ പിന്നെയും ഉണ്ടായി. എം.എം ബശീര്‍ മുസ്‌ലിയാരും ഹൈദറൂസ് മുസ്‌ലിയാരും ബാപ്പുട്ടി ഹാജിയും ചേര്‍ന്ന് ദാറുല്‍ഹുദയില്‍ ഒരുക്കിയതും സമന്വയത്തിന്റെ ഉത്തമ മാതൃകയായിരുന്നു.
ഈ സമന്വയ പാതയില്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ആവിഷ്‌ക്കരിക്കപ്പെട്ട വാഫി, വഫിയ്യയില്‍ എത്തി നില്‍ക്കുന്നു. കാലത്തിനനുസരിച്ച് ഈ കോഴ്‌സുകള്‍ പുതുക്കിക്കൊണ്ടിരിക്കുന്നു. പഴമയുടെ തനിമ കാത്തു സൂക്ഷിച്ച് കൊണ്ടുതന്നെ പുതുമയുടെ നന്മകള്‍ സ്വാംശീകരിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനു ഒട്ടേറെ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
മതപഠന രംഗത്തുവലിയ മാറ്റങ്ങളാണ് വാഫി, വഫിയ്യ കോഴ്‌സുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ദീനീ പഠനത്തിനു മത്സര പരീക്ഷ എഴുതി അവസരം കാത്തിരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി.
മതപഠനത്തിന് ഭൗതിക പഠനമോ ഭൗതിക പഠനത്തിന് മതപഠനമോ തടസ്സമാകാതെ പഴമയുടെ തനിമയും പുതുമയുടെ മേന്മയും നഷ്ടപ്പെടാതെ ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം ഈ കോഴ്‌സുകള്‍ മുന്നോട്ട് വെക്കുന്നു. പരമ്പരാഗത ഗുരുകുല സമാന സമ്പ്രദായം പിന്തുടരുമ്പോള്‍ തന്നെ ആധുനിക ബോധന സമ്പ്രദായങ്ങളും നിരന്തര മൂല്യനിര്‍ണ്ണയ രീതികളും ഈ കരിക്കുലം പിന്തുടരുന്നു. അതേസമയം യു.ജി.സി അംഗീകരിക്കുന്ന ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയും ഒപ്പം നല്‍കുന്നു.
മറ്റു അടിസ്ഥാന വിഷയങ്ങള്‍ക്കു പുറമെ ഫങ്ഷണല്‍ അറബിക്, ഉര്‍ദു, കമ്പ്യൂട്ടര്‍, മതങ്ങളുടെ താരതമ്യം, ഇസ്‌ലാമിക് ബാങ്കിങ്, ബിഹൈവിയറല്‍ സൈക്കോളജി, പ്രബോധന ശൈലികള്‍, പ്രീ-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലേഴ്‌സ് ട്രൈനിങ് തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വാഫി കോഴ്‌സ്. ഇതിന്റെ പി.ജി തലം മൂന്ന് ഫാക്കല്‍റ്റികളിലായി ഏഴ് ബ്രാഞ്ചുകളാക്കി തിരിച്ചിരിക്കുന്നു. വഫിയ്യ കോഴ്‌സ് പഠനത്തോടൊപ്പം ഹോം സയന്‍സിന്റെ അവശ്യ ഭാഗങ്ങളും പ്രവര്‍ത്തി പരിചയങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. വഫിയ്യയുടെ പി ജിയും സി ഐ സി നല്‍കുന്നുണ്ട്.


എസ്.എസ്.എല്‍.സി തുടര്‍ പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ് ജയവും നേടി യവരെ പ്രവേശന പരീക്ഷയിലൂടെ വാഫി, വഫിയ്യ കോഴ്‌സുകള്‍ക്ക് പരിഗണിച്ച് വരുന്നു. കെ കെ ഉസ്താദിന്റെ വളാഞ്ചേരി മര്‍ക്കസാണ് വാഫി ആസ്ഥാനം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ കോഴ്‌സിന് വാഫി എന്ന് പേരിട്ടത്.
ലോക നിലവാരത്തിലുള്ളതാണ് പാഠ്യപദ്ധതി. അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി, കൈറോ യൂനിവേഴ്‌സിറ്റി, അറബ്‌ലീഗിന് കീഴിലുള്ള അലെക്‌സൊ, അക്കാദമി ഓഫ് അറബിക് ലാംഗ്വേജ്, അല്‍അസ്ഹര്‍ അലുംനി, ഈജിപ്ത് മതകാര്യ മന്ത്രാലയം, അലിഗഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ എന്നിവയുമായി സി.ഐ.സി എം.ഒ.യു (അഥവാ അക്കാദമിക് സഹകരണത്തിനുള്ള ധാരണ) ഒപ്പുവെച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും യൂനിവേഴ്‌സിറ്റി മാതൃകയിലുള്ളതാണ് പാഠ്യപദ്ധതി. എല്ലാം തിട്ടപ്പെടുത്തിയ സിലബസ്സ്, സെമസ്റ്റര്‍ സിസ്റ്റം, പി.ജി തലത്തില്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതി, കുറ്റമറ്റ പരീക്ഷാ ക്രമം, മൂല്യനിര്‍ണ്ണയ രീതികള്‍, കൃത്യമായ അക്കാദമിക് കലണ്ടര്‍ എല്ലാം ഉണ്ടതിന്ന്. അക്കാദമിക് കാര്യങ്ങളിലും ശിക്ഷണ രംഗത്തും നിലനിറുത്തിപ്പോരുന്ന കാര്‍ക്കശ്യങ്ങളും ചിട്ടകളുമാണ് ഈ പദ്ധതിയുടെ ഉള്‍ബലം.
വിവിധ വിഷയങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്ന എക്‌സ്‌പേര്‍ട്ടുകളുടെ ക്ലാസുകളും വര്‍ക്‌ഷോപ്പുകളും ഡിബേറ്റുകളും ഇതിന്റെ ഭാഗമായി ചിട്ടയില്‍ നടത്തപ്പെടുന്നു. വാഫി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നടത്താറുള്ള വാഫി കലോല്‍സവങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഇപ്പോള്‍ 36 സ്ഥാപനങ്ങള്‍ സി ഐ സി യോട് അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. സൗകര്യങ്ങളുടെ മേന്മയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങള്‍ക്കു ഗ്രേഡ് നിശ്ചയിക്കാന്‍ പോവുകയാണിപ്പോള്‍ സി ഐ സി. ആധുനിക സൗകര്യങ്ങളും സുരക്ഷിതത്വവും വിശാലതയും ഏറെയുള്ളതാണ് വഫിയ്യാ കാമ്പസുകള്‍.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്‌മെന്റിനേയും ഉദ്ദേശിച്ച് ഓറിയെന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ സി ഐ സി ശ്രദ്ധിച്ച് വരുന്നു. അധ്യാപക മാനേജ്‌മെന്റ് ശില്‍പശാലകള്‍, പ്രിന്‍സിപ്പല്‍സ് മീറ്റുകള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ക്കു പരിശീലനം തുടങ്ങിയവയും നടത്തുന്നു. കൂടാതെ രക്ഷിതാക്കളുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും അവസരം കണ്ടെത്താറുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഏതൊരു വിദ്യാഭ്യാസ സംവിധാനവും അളക്കാനുള്ള മാനദണ്ഡം.
ജീവിതത്തില്‍ വിവിധ മേഖലകളില്‍ വാഫികള്‍ ആദരണീയ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. മത ഭൗതിക അധ്യാപകരും ഇമാമുമാരും ഖത്തീബുമാരും, ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ബിസിനസ്സുകാരും റിസര്‍ച്ച് സ്‌കോളേഴ്‌സും ഒക്കെയുണ്ട് അവര്‍ക്കിടയില്‍. ഏതാനും വാഫികള്‍ ഈജിപ്തിലെ അല്‍അസ്ഹറില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴു പേര്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്നു എന്നത് അഭിമാനകരമാണ്.
സി ഐ സി അതിന്റെ ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ പുതിയ തലമുറക്ക് വളരെ സ്വാഭാവികമായി ധര്‍മ്മബോധം കിട്ടണം. ധര്‍മ്മജ്ഞാനവും ബോധവുമുള്ള അധ്യാപക സമൂഹത്തിന് വരികള്‍ക്കിടയിലൂടെ അത് പകര്‍ന്നു കൊടുക്കാനാകും. ഈ ദിശയില്‍ ഇന്റര്‍ നാഷണല്‍ വാഫി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് സി ഐ സി ആലോചിക്കുന്നു. സമീപ'ഭാവിയില്‍ വാഫി ബിരുദാനന്തര ബിരുദ പഠനത്തിനു സജ്ജരാകുന്നവരുടെ ആധിക്യം പ്രതീക്ഷിക്കുന്ന സി ഐ സി പുതിയസൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്. സ്വന്തം സ്ഥാപനമായ പെരിന്തല്‍മണ്ണ പാറല്‍ ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രണ്ടായിരം കുട്ടികള്‍ക്കു താമസിച്ചു പഠിക്കാനും ഒരു യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനും സൗകര്യമുള്ള ആധുനികവും വിശാലവുമായ കാമ്പസാണ് സി.ഐ.സി സ്വപ്‌നം കാണുന്നത്.
പരിസരത്തു തന്നെ റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസും ഉയര്‍ന്നു വരണം. സ്ത്രീ വിദ്യാഭ്യാസത്തിന് നമ്മളിപ്പോള്‍ വേണ്ട പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീക്ക് മതവിദ്യ കൂടി ഒപ്പം നല്‍കാന്‍ മുന്നോട്ടു വരണം. വഫിയ്യ സമന്വയ കോഴ്‌സ് ഈ രംഗത്ത് ശ്രേഷ്ട മാതൃകയാണ്. സുരക്ഷിതത്വവും ആധുനികതയും ഇഴചേരുന്ന റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസുകള്‍ തേടി ധാരാളം പെണ്‍കുട്ടികളെത്തുന്നുണ്ട്. പക്ഷേ സംസ്ഥാനത്ത് നിലവില്‍ നാല് വഫിയ്യ കോളജുകളാണുള്ളത്. കൂടുതല്‍ കോളജുകള്‍ തുടങ്ങാന്‍ ദീനീ തല്‍പരര്‍ മുന്നോട്ടു വരേണ്ടതുണ്ട്.
നല്ല കാര്യങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കുന്നവര്‍ക്കു അവസരമൊരുക്കുകയാണ് വാഫി വഫിയ്യ കോഴ്‌സുകള്‍. ഉമ്മത്തിന്റെ മുന്നേറ്റത്തില്‍ താല്‍പര്യമുള്ളവര്‍ ഈ സംരംഭങ്ങളില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നു താല്‍പര്യപ്പെടുന്നു. അല്ലാഹുവിന്റെ ദീന്‍ സംരക്ഷിക്കാന്‍ നമുക്കൊക്കെ ബാധ്യതയുണ്ട്. ആ ബാധ്യത പലവിധേനയായി നിറവേറ്റിപ്പോരുന്നു. എന്നാല്‍ ഉമ്മത്തിന് ചിന്താ പരമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിനു നാം മുന്‍ഗണന കല്‍പിക്കേണ്ടതാണ്. ബുദ്ധിയും പഠനശേഷിയുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ദീനും ദുന്‍യാവും ഒപ്പം പഠിപ്പിക്കുക എന്നത് രാജ്യത്തിനും സമുദായത്തിനും വലിയ പ്രയോജനം ചെയ്യും. കാരണം ബൗദ്ധിക പോരാട്ടങ്ങളുടെ കാലമാണല്ലോ ഇത്. ഈ ദിശയില്‍ നാം വാഫികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. അല്ലാഹു തുണക്കട്ടെ. ആമീന്‍.
- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് റെക്ട്ടർ)