ഒരു പള്ളിയില്‍ പല തവണ ജുമുഅ വാദം കര്‍മ്മശാസ്ത്ര വിരുദ്ധം: സമസ്ത

പല തവണ ജുമുഅ നടത്താമെന്നതിന്റെ  ഉദ്ദേശ്യം ഒരു മഹല്ലിലെ വിവിധ സ്ഥലങ്ങളില്‍ മാത്രമാണ്
കോഴിക്കോട്: ഒരു മഹല്ലില്‍ ജുമുഅ: നടന്നുവരുന്ന പള്ളിയില്‍ അവിടെ ജുമുഅക്ക് പങ്കെടുക്കുന്നവര്‍ക്ക് സ്ഥലം മതിയാകാതെ വന്നാല്‍ ആവശ്യത്തിന്റ തോതനുസരിച്ച് ഒന്നിലധികം ജുമുഅ: നടത്താം എന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണെന്ന് സമസ്ത ഫത്‌വ കമ്മറ്റി. എന്നാല്‍ ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം അതേ മഹല്ലത്തിലെ വിവിധ സ്ഥലങ്ങളില്‍ പല ജുമുഅകള്‍ നടത്തുക എന്നതാണെന്ന് അവര്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്.
മറിച്ച് ഒരേ പള്ളിയില്‍ തന്നെ തവണകളായി ജുമുഅകള്‍ നടത്താവുന്നതാണ് എന്ന വാദം പണ്ഡിതരുടെ വിശദീകരണത്തിന് വിരുദ്ധവും പ്രവാചക കാലം മുതല്‍ മുസ്‌ലിംകളില്‍ നില നിന്നു പോന്ന ചര്യക്ക് എതിരുമാണെന്ന് സമസ്ത ഫത്‌വ കമ്മിറ്റി വ്യക്തമാക്കി. ശറഹുല്‍ മുഹദബ്, തുഹ്ഫാ, നിഹായ, മുഅ്‌നി, ശറഹുല്‍ മന്‍ഹജ്, ഫത്താവ സുബ്ഖി, ഹാശിയത്തുല്‍ ജമല്‍ തുടങ്ങിയ ധാരാളം പ്രാമാണിക കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഈകാര്യം വ്യക്തമാണെന്നും സമസ്ത: ഫത്‌വ കമ്മറ്റി ഒരു പ്രസ്താവനയില്‍ അറിയിച്ചു.