സ്‌ക്കൂള്‍ കായികമേളകളിലെ നഗ്നതാ പ്രദര്‍ശനം ഒഴിവാക്കണം :എസ്.കെ.എസ്.എസ്.എഫ്

മതവിരുദ്ധമാകയാൽ ആത്മാഭിമാനമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ മാറ്റി നിര്‍ത്തണമെന്നും നേതാക്കള്‍
കാസറകോട്: സ്‌ക്കൂള്‍ കായികമേളകളില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ നഗ്നത വെളിവാക്കുന്ന രൂപത്തില്‍ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.കേരളത്തിന്റെ പുറത്തുള്ള ഇതര സംസ്ഥാനങ്ങളിലും പാശ്ചാത്യന്‍ രാജ്യങ്ങളിലും നഗ്നത മറച്ച് കൊണ്ടുള്ള വസ്ത്രങ്ങളാണ് കായിക മേളകളില്‍ ഉപയോഗിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അതില്‍ നിന്നും വിത്യസ്തമായ രൂപത്തിലുള്ള വസ്ത്രധാരണയോട് കൂടി കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ഇത് ഇസ്ലാം മതം കല്‍പ്പിച്ച വസ്ത്ര ധാരണയ്ക്ക് വിരുദ്ധമായത് കൊണ്ട് മതവിരുദ്ധ പ്രവര്‍ത്തനവുമാണ്.കായിക മത്സരങ്ങളിലെ ഇത്തരം സമീപനങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് പിന്‍മാറിയില്ലെങ്കില്‍ ആത്മാഭിമാനമുള്ള രക്ഷിതാക്കള്‍ പ്രതിഷേധ സൂചകമായി നഗ്നത വെളിവാക്കുന്ന രൂപത്തിലുള്ള വസ്ത്ര ധാരണയോട് കൂടിയ കായിക മത്സരങ്ങളില്‍ നിന്ന് തങ്ങളുടെ മക്കളെ മാറ്റി നിര്‍ത്തണമെന്ന് ജില്ലാ നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.