'മാതൃക വിവാഹങ്ങൾ' - ക്യാമ്പസ് സെമിനാർ നവംബറിൽ

വേങ്ങര : സമൂഹത്തിൽ മാതൃകയാകേണ്ട വിവാഹ രീതികളെ സംബന്ധിച്ച് 'മാതൃക വിവാഹങ്ങൾ' എന്ന വിഷയത്തിൽ ക്യാമ്പസുകളിൽ സെമിനാർ നടത്താൻ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു. വിപണി നിയന്ത്രിക്കുന്ന വിവാഹ രീതികളെ ലളിത രീതിയിലേക്ക് കൊണ്ട് വരാൻ യുവാക്കൾ മുന്നിട്ടിറങ്ങേണ്ട സമകാലിക സാഹചര്യത്തെ ചർച്ച ചെയ്യുകയും, സ്ത്രീധനം വാങ്ങാൻ ആഗ്രഹിക്കാത്ത യുവാക്കളെ ഒരുമിച്ച് കൂട്ടുകയും ആണ് സെമിനാർ ലക്ഷ്യമാക്കുന്നത്.
വിവാഹ ബന്ധം നിരോധിക്കപ്പെട്ടിരുന്ന സോവിയറ്റ് റഷ്യയുടെയും, സംബന്ധങ്ങൾ എന്ന പേരിൽ ഇന്ത്യയിലെ ചില വിഭാഗങ്ങളിൽ നില നിന്നിരുന്ന അനാചാരത്തിന്റെയും, ചുവട് പിടിച്ചുള്ള ചിലരുടെ ഇടപെടലുകൾ വിവാഹം എന്ന സാമൂഹിക വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണെന്നും, സാമൂഹിക വ്യവസ്ഥിതി സംരക്ഷിക്കാൻ ക്യാമ്പസ് വിംഗ് പ്രതിജ്ഞാബദ്ധമാണെന്നും കൗണ്‍സിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ക്യാമ്പസുകളിൽ നവംബറിൽ ആരംഭിക്കുന്ന സെമിനാറുകളിൽ മാതൃകപരമായ രീതിയിൽ വിവാഹം കഴിച്ചവരും, മത സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.കൗണ്‍സിൽ മീറ്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി സത്താർ പന്തലൂർ ഉദ്ഘാടനം ചെയ്തു. റഹീം ചുഴലി, ഡോ.സുബൈർ ഹുദവി, സാദിഖ് ഫൈസി താനൂർ, ഖയ്യൂം കടമ്പോട്, ഷബിൻ മുഹമ്മദ്‌, സ്വാലിഹ് എൻ.ഐ.ടി, റാഷിദ് വേങ്ങര, മുനീർ പി.വി, ഡോ. അബ്ദുൽ ജവാദ്, സയ്യിദ് സവാദ്, നിസാമുദ്ദീൻ സി.ഇ.ടി, നിയാസ് ടി.കെ.എം, അബൂബക്കർ സിദ്ദീക്ക്, ഹാരിസ് പറക്കുളം എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.