സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള പ്രകടനം പ്രതിഷേധാര്‍ഹം:എസ്.കെ.എസ്.എസ്.എഫ്


കാസറകോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കണമെന്ന് ആവശ്യപ്പെട്ടു കാനത്തൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ടൗണില്‍ പ്രകടനം നടത്തിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനും ഉത്തരവാദികളായ അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് എസ്.കെ. എസ്. എസ്.എഫ്.കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു.പിഞ്ചു വിദ്യാര്‍ത്ഥികളുടെ കുരുന്നു മനസ്സുകളിലേക്ക് വിവാദവുമായി ബന്ധപ്പെട്ട് വിഭാഗീയത ഉണ്ടാക്കുന്ന രൂപത്തിലുള്ള ആശയം പകര്‍ന്നു നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്.രക്ഷിതാക്കള്‍ വിദ്യാത്ഥികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് പ്രകടനം നടത്താനോ നാട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ പ്രതിഷേധിക്കാനോ അല്ല.അത്തരം കാര്യങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും ഇവിടെ ബുദ്ദിജീവികളെന്ന് അവകാശപ്പെടുന്നവരും മുതിര്‍ന്നവരും ഉണ്ട്.വിവാഹ പ്രായത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ഇത്തരം വിവാദ വിഷയങ്ങളില്‍ പിഞ്ചുമക്കളെ ഇടപെടീക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.