വിവാഹ പ്രായം; പണ്ഡിതന്മാരെ പരിഹസിക്കുന്നവര്‍ സമുദായത്തില്‍ ഒറ്റപ്പെടും : SKSSF

കോഴിക്കോട്: വിവാഹ പ്രായം വിവാദമായ പശ്ചാത്തലത്തില്‍ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ബാലിശമായ വാദങ്ങളുമായി രംഗത്തു വന്നത് സമുദായ താല്‍പര്യത്തിനെതിരായ ബോധപൂര്‍വ്വ നീക്കമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധന നിയമത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് മത ബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലമാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.