സിറിയയിലെ അമേരിക്കന്‍ തീക്കളിയില്‍ നേട്ടം ആര്‍ക്ക്‌

സ്‌ലാമിക നാഗരികതയുടേയും സംസ്‌കാരത്തിന്റെയും മറ്റൊരു കേന്ദ്രം കൂടി ഭൂതലത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചിരിക്കുന്നു. ഇറാഖില്‍ സദ്ദാമിന്റെ വീരവാദം അതിന് കാരണമായെങ്കില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ നരമേധമാണ് ഹേതു.
സ്വന്തം ജനതയെ നിഷ്‌ക്കരുണം കൊന്നൊടുക്കിയ ബശ്ശാര്‍, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. സിറിയയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഗൗത്തയില്‍ വിഷം തളിച്ച് പറക്കമുറ്റാത്ത പൈതങ്ങളെയും വൃദ്ധരെയും കൊന്നൊടുക്കുകയോ അതിന് കാരണമുണ്ടാക്കുകയോ ചെയ്ത ബശ്ശാറും സൈന്യവും അവരെ അന്ധമായി സഹായിക്കുന്ന ഹിസ്ബുല്ലയും
ഇറാനും മാനവരാശിയെ വെല്ലുവിളിക്കുകയാണ്. പശ്ചിമേഷ്യയില്‍ അശാന്തിയുടെ വിത്ത് പാകി ആയുധവ്യാപാരികള്‍ക്ക് വിപണിയൊരുക്കുന്ന നികൃഷ്ടമായ നീക്കങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക.
പശ്ചിമേഷ്യയിലെ ഓരോ യുദ്ധത്തിലും പ്രക്ഷോഭത്തിലും ആത്യന്തിക വിജയം നേടുന്നത് അമേരിക്കയും ഇസ്രായേലുമാണ്. സിറിയക്കെതിരെയാണ് അമേരിക്കന്‍ പടക്കപ്പലുകള്‍ തയാറായി നില്‍ക്കുന്നതെങ്കിലും ലക്ഷ്യംവയ്ക്കുന്നത് ഹിസബുല്ലയേയും ഇറാനേയുമാണ്. ഐക്യരാഷ്ട്ര സഭയുടെ അനുമതിക്കൊന്നും കാത്ത് നില്‍ക്കാതെ റഷ്യയുടെ മൗനാനുവാദത്തോടെയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയെ വലയം ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയും ചൈനയും നയതന്ത്രഭാഷയില്‍ സിറിയക്ക് അനുകൂലമായി സംസാരിക്കുന്നുണ്ടെങ്കിലും അവരുടെ മൗനാനുവാദമില്ലാതെ ഇത്തരമൊരു സാഹചര്യത്തില്‍ സിറിയയെ ആക്രമിക്കാനുള്ള ധൈര്യം അമേരിക്കക്ക് ഉണ്ടാവുകയില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ഇറാഖിലും അഫ്ഗാനിലും യുദ്ധം ചെയ്ത് കുത്ത്പാളയെടുത്ത അമേരിക്ക, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യുദ്ധസന്നാഹമൊരുക്കുന്നത് ഹിസ്ബുല്ലയെയും ഇറാനെയും പാഠം പഠിപ്പിക്കാന്‍ തന്നെയാണ്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഏറ്റവും നൂതന യുദ്ധരീതിയാണത്രെ അമേരിക്ക സിറിയയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ശത്രുവിനെ തെരഞ്ഞ് പിടിച്ച് കൊല്ലുന്ന ഡ്രോണുകളും അത്യന്താധുനിക യുദ്ധവിമാനങ്ങളും ഉപയോഗിച്ച് സിറിയയെ തുടച്ച് നീക്കാനാണ് പടപ്പുറപ്പാട്.
തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം ജനങ്ങളും ബശ്ശാറിന്റെ സൈന്യവും ഒഴിഞ്ഞുപോകുന്നതായിട്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷം മനുഷ്യരുടെ ജീവഹാനിക്കും ഇരുപത് ലക്ഷം സിറിയക്കാരുടെ പലായനത്തിനും കാരണമായ സിറിയന്‍ പ്രക്ഷോഭം കൊണ്ട് ആര്, എന്ത് നേടിയെന്ന ചോദ്യത്തിനുള്ള ഉത്തരം വരും നാളുകളില്‍ അമേരിക്കയും സഖ്യകക്ഷികളും നല്‍കും. എല്ലാ പരിധിയും വിട്ട കൂട്ടപലായനം വലിയ മാനുഷിക ദുരന്തത്തിനാണ് വഴിവെക്കുന്നത്. സിറിയയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി, സിറിയയുടെ കടുത്ത എതിരാളിയായി മാറിയത് ബശ്ശാറിനും തീവ്രവാദിക്കൂട്ടങ്ങള്‍ക്കും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സുഊദി അടക്കമുള്ള പ്രബല അറബ് രാഷ്ട്രങ്ങളെല്ലാം സിറിയന്‍ വ്യവസ്ഥക്കെതിരെ നിലകൊള്ളുമ്പോള്‍ സൈനികാക്രമണത്തിന് വേഗം ന്യായം ചമയ്ക്കാന്‍ കഴിയുമെന്ന വിചാരത്തിലാണ് അമേരിക്ക. ബശ്ശാറിന്റെ ക്രൂര ചെയ്തിയുടെ മുന്‍പില്‍ തല്‍ക്കാലത്തേക്കെങ്കിലും അമേരിക്കന്‍ ആക്രമണം ന്യായീകരിക്കപ്പടുമെന്ന ധാരണ അവര്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യമാകുമോ എന്ന ആശങ്കയുമുണ്ട്.
ശക്തമായ സുന്നി - ശിയാ വേര്‍തിരിവ് അമേരിക്കന്‍ ഇടപെടലോടെ പശ്ചിമേഷ്യയില്‍ സംഭവിക്കാന്‍ പോകുകയാണ്. ഇറാന്‍, ഹിസ്ബുല്ല, ബ്രദര്‍ഹുഡ്, ഹമാസ്, ഹൂഥികള്‍, അല്‍ഖാഇദ തുടങ്ങിയ അറേബ്യന്‍വ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ചവരും അറബ്-ഇസ്‌ലാമിക ലോകവും കടുത്ത സംഘട്ടനത്തിലേക്കാണ് നീങ്ങുന്നത്. അറബ് ലോകത്ത് കലാപത്തിന്റെ വിത്ത് പാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച ബ്രദര്‍ഹുഡിന് ഈജിപ്തില്‍ സംഭവിച്ച വീഴ്ചയും അവര്‍ക്ക് സൗദി പോലുള്ള രാജ്യങ്ങളോടുള്ള പകയും ഏത് രൂപത്തിലേക്കാണ് നിങ്ങുകയെന്ന് പറയാനാവില്ല. ഇവിടെയെല്ലാം ശക്തി സംഭരിക്കുന്നത് അല്‍ഖാഇദയായിരിക്കും. അല്ലെങ്കിലും അല്‍ഖാഇദ ദുര്‍ബലമാകുന്നത് അമേരിക്ക അത്ര ഇഷ്ടപ്പെടാത്ത കാര്യമാണ്. കാരണം, അല്‍ഖാഇദയുടെ സജീവ സാന്നിദ്ധ്യമാണ് ആയുധവ്യാപാര വിപണി സജീവമാക്കുകയെന്ന് അമേരിക്കക്ക് അറിയാം.
ഭൂരിഭാഗം വരുന്ന സുന്നികളെ ന്യൂനപക്ഷമായ നുസൈരികള്‍ ഭരിക്കുന്നത് സിറിയയിലെ സുന്നികള്‍ക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ പറ്റാത്തതാണ്. പിതാവ് അസദിനോടും പുത്രന്‍ ബശ്ശാറിനോടും ഇക്കാര്യത്തില്‍ സിറിയന്‍ ജനതക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.നാലാം ഖലീഫ അലിയെ ദൈവത്തിന്റെ സ്ഥാനത്തേക്ക് വരെ ഉയര്‍ത്തി ഇസ്‌ലാമിക വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന നുസൈരികള്‍ക്ക് എന്നും പിന്തുണ ഇറാനായിരുന്നു. മാറിയ സാഹചര്യത്തില്‍ സുന്നികള്‍ക്കെതിരെ ശക്തമായ ചേരിനിര്‍മ്മിക്കാന്‍ ഇറാന്‍ ബൗദ്ധിക നേതൃത്വം നല്‍കുന്നു. സിറിയയില്‍ ഹിസ്ബുല്ലയുടേയും ഇറാന്‍ സായുധസംഘങ്ങളുടേയും സാന്നിദ്ധ്യമാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയത്.
ആഗോള ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ദൃശ്യമാകുന്ന അവസ്ഥയാണ് സിറിയയില്‍ ഉണ്ടായത്. പാര്‍ട്ടി പക്ഷാപാതിത്വത്തിന്റെ പേരില്‍ ഇടതുപക്ഷം ഏറ്റവും മൗലിക വാദികളായ ഹിസ്ബുല്ലയുമായും ഇറാനുമായുമെല്ലാം ചേര്‍ന്ന് സിറിയന്‍ ക്രൂരവ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ പാടുപെടുന്നത് അപഹാസ്യമാണ്. ജനാധിപത്യത്തിനും ജനഹിതത്തിനുമെല്ലാം വാദിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയും മനുഷ്യത്വരഹിതമായ ചെയ്തികള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്നത് എന്തുമാത്രം നീതിരാഹിത്യമല്ല?
സിറിയയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഉമവി ഭരണത്തിന്റെ നല്ല അടയാളങ്ങളും പൈതൃകങ്ങളും തല്ലിയുടച്ച് അമേരിക്കന്‍ സൈന്യം നൃത്തം ചെയ്യുമ്പോള്‍ മുസ്‌ലിംലോകത്തിന് അതില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്ന് ഇനിയും മനസിലാക്കാത്തവരുണ്ടോ?-- ഡോ. എ.ഐ അബ്ദുല്‍മജീദ്‌(ചന്ദ്രിക)