പി പി മുഹമ്മദ് ഫൈസി ആത്മാര്ഥതകൊണ്ട് ചരിത്രമെഴുതിയ കര്മയോഗി: വലിയ ഖാസി

മലപ്പുറം: പ്രബോധന വീഥിയില്‍ ആത്മാര്‍ഥത കൊണ്ട് ചരിത്രം തീര്‍ത്ത മഹാകര്‍മ യോഗിയും വരും തലമുറയ്ക്ക് കരുത്ത് പകരുന്ന ചരിത്രങ്ങള്‍ ശേഖരിച്ചു തൂലികകളിലും പ്രഭാഷണങ്ങളിലുമായി സമൂഹത്തിനു സമര്‍പ്പിക്കുന്നതില്‍ സമയം ചെലവഴിച്ച വ്യക്തിത്വമായിരുന്നു പി പി മുഹമ്മദ് ഫൈസിയെന്ന് സമസ്ത താലൂക്ക് കമ്മിറ്റി വേങ്ങരയില്‍ സംഘടിപ്പിച്ച പി പി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. പി പിയുടെ മരണത്തിന്റെ 40ാം ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണം സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഖബ്ര്‍ സിയാറത്തോടെ ആരംഭിച്ചു. മൗലിദ് പാരായണത്തിന് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് കെ കെ എസ് ബാപ്പുട്ടി തങ്ങള്‍, വെളിമുക്ക് മെയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, അല്‍ ഹാജ് അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.