ശരീഅത്ത്; തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള നീക്കം തിരിച്ചറിയണം

കോഴിക്കോട് : ഇസ്‌ലാമിക ശരീഅത്ത് മതനിയമ വ്യവസ്ഥകളാണ്. അത് അംഗീകരിക്കുന്നവരാണ് മുസ്‌ലികള്‍. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ചില രാഷ്ട്രങ്ങളില്‍ ശരീഅത്ത് വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഭാഗികമായേ നിലനില്‍ക്കുന്നുള്ളു. ഇന്ത്യയുടെ ഭരണഘടന അതിന്റെ മൗലികാവകാശം അനുഛേദം 25,26,27,28 ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കിയതാണ് പൗരന്മാരുടെ വിശ്വാസ, സംസ്‌ക്കാര അവകാശവും, സംരക്ഷണവും. ഇന്ത്യക്കാര്‍ക്കെല്ലാം ഒരുപോലെ ബാധകമായ ക്രിമിനല്‍ ചട്ടങ്ങള്‍ പോലെ ഏക വ്യക്തിനിയമവും ഉണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന ബി.ജെ.പിയുടെ നിയുക്ത നേതാവ് നരേന്ദ്രമോഡിയുടെ പ്രസ്താവന വന്നപ്പോള്‍ തന്നെ കേരളത്തിലും ചിലര്‍ അനാവശ്യ ശരീഅത്ത് ചര്‍ച്ചകള്‍ കൊണ്ടുവന്നത് ദുരൂഹമാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് വിഷയമാക്കി ശരീഅത്ത് മാറ്റാന്‍ ചിലര്‍ ലക്ഷ്യമാക്കുന്നതായി സംശയിക്കണം.
ശരീഅത്ത് സാമൂഹിക പ്രമാനം മാത്രമല്ല-അത് സാമൂഹികവും, കര്‍മ്മപരവും വിശ്വാസ പരവുമായ സംമ്പൂര്‍ണ്ണ വ്യവസ്ഥകളാണ്. അത് സ്വീകരിക്കുന്നവരെ വിലക്കാനോ, ഇകഴ്ത്താനോ ആര്‍ക്കും ആധികാരമില്ല. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന പ്രായോഗികവും, ശാസ്ത്രീയവുമായ ഈ വ്യവസ്ഥകളെ പൂഛിക്കാന്‍ ചിലര്‍ കാണിക്കുന്ന തിടുക്കം മറ്റുപലതുമാണ് സൂചിപ്പിക്കുന്നത്. ഭരണകൂടങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളും ചില മാധ്യമങ്ങളും മതകാര്യങ്ങളിലടപെടുന്നതും, മതം വ്യാഖ്യാനിക്കുന്നതും ആശ്യാസ്യമല്ല.
ഇയ്യിടെ ചെന്നൈ ഹൈക്കോടതി നടത്തിയ ഒരു വിധിന്യായത്തില്‍ പ്രായപൂര്‍ത്തിയായവര്‍ നടത്തുന്ന അവിഹിത ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കണമെന്ന പരാമര്‍ശവും ശരിയായില്ല. വിവാഹം സാധുവാകാനാവശ്യമായ ശരീഅത്ത് വ്യവസ്ഥകള്‍ പാലിക്കാതെ വിവാഹം സംഭവിക്കുന്നില്ല. വലിയ്യ്, മഹ്‌റ്, സാക്ഷികള്‍ തുടങ്ങിയവ ഉള്‍പ്പെടെ നടക്കുന്ന ഉടമ്പടിയാണ് വിവാഹം. വിഭിചാരം മാപ്പര്‍ഹിക്കാത്ത മഹാ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് ജീവിക്കാനുള്ള അവകാശം അനുവദിക്കുന്നതോടൊപ്പം ഇടക്കിടെ അപസ്വരങ്ങള്‍ ഉയര്‍ത്തി അവരെ അപമാനിക്കാതിരിക്കാനും എല്ലാവര്‍ക്കും ബാധ്യത ഉണ്ടന്ന് സുന്നി യുവജന സംഘം സംസ്ഥാന കാര്യദര്‍ശിമാരായ പി.പി.മുഹമ്മദ് ഫൈസി, എം.പി.മുസ്തഫല്‍ ഫൈസി, കെ..റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
- Samasthalayam Chelari