ആധുനിക വെല്ലുവിളികളെ നേരിടാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യം : ഹൈദരലി ശിഹാബ് തങ്ങള്‍

വേങ്ങര : ആധുനിക വെല്ലുവിളികളെ നേരിടാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാനക്ക് കീഴില്‍ ആരംഭിച്ച ശരീഅത്ത് കോളജിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം അനാഥകളും,അഗതികളും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരണം. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും ഉറപ്പു വരുത്തലും അതിനായി പ്രവര്‍ത്തിക്കലും നമ്മുടെ കടമയാണ്. ഇതാണ് പ്രവാചക മാതൃകയെന്നും തങ്ങള്‍ പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് ശേഷം ഏഴ് വര്‍ഷം കൊണ്ട് മത പഠനത്തോടൊപ്പം അംഗീകൃത യൂനിവേഴ്‌സിറ്റിയുടെ ബിരുദവും,ഉന്നത ബിരുദവും ലഭിക്കുന്നതാണ് കോഴ്‌സ്. ആദ്യ ഘട്ടത്തില്‍ 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കോഴ്‌സ് തികച്ചു സൗജന്യമാണ്. ചടങ്ങില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ബഹാഉദ്ദീന്‍മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെയ്തു നെടുമ്പള്ളി, സൈതുമ്മര്‍ തങ്ങള്‍ പ്രസംഗിച്ചു. എം.എം.കുട്ടി മൗലവി സ്വാഗതവും ആവയില്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.