കര്‍മ്മ വീഥിയില്‍ കരുത്തോടെ ഈ നായകന്‍

ഇന്നലെ വിടപറഞ്ഞ സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാര്‍, മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'അല്‍ഇര്‍ഷാദ്‌' ദ്വൈമാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും.
ദീര്‍ഘ സംഭാഷണം 
ശംസൂദ്ധീന്‍ ചേരൂര്‍, സുഹൈല്‍ പൊവ്വല്‍
ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍… രണ്ടരപതിറ്റാണ്ടിലേറെയായി കാസര്‍കോട് മുസ്‌ലിംകള്‍ കേട്ടു പരിചയിച്ചൊരു പേരാണിത്. ആയിരക്കണക്കിനാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വിവാഹങ്ങള്‍ നടത്തിക്കുകയും ചെയ്യുന്ന ടി.കെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെന്ന ബാവ മുസ്‌ലിയാര്‍ കാസര്‍കോട്ടുകാരുടെ സ്വന്തം ഖാളിയാര്‍ച്ചയാണ്.
ലക്ഷങ്ങള്‍ നിറഞ്ഞ് കവിയുന്ന സമസ്തയുടെ സമ്മേളനങ്ങള്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ തുടക്കം കുറിക്കുന്നത് നമ്മുടെ ഖാളിയാര്‍ച്ചയാണ്. ”അല്ലാഹുമ്മ ദമ്മിര്‍ അഅ്ദാഅനാ” എന്ന് ഉസ്താദ് ദുആ ചെയ്യുമ്പോള്‍ ആമീന്‍ പറയുന്നത് ഉലമാക്കളെയും മഹാന്മാരെയും കൊണ്ട് നിറഞ്ഞ വലിയ സദസ്സായിരിക്കും. സമസ്തയുടെ ‘മുസ്തജാബുദ്ദുആ’യാണ് ഉസ്താദ്. കേരളത്തിനകത്തും പുറത്തും…ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഒമ്പതിനായിരത്തോളെ മദ്രസകളിലായി 10 ലക്ഷത്തോളം മുസ്‌ലിം കുരുന്നുകള്‍ക്ക് ദീനിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന മഹത്തായ മദ്രസാ സംവിധാനം, അതിന്റെ ചുക്കാന്‍ പിടിക്കുന്ന, സ്വാതികരായ പണ്ഡിതമഹത്തുക്കള്‍ തുടങ്ങിവെച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡെന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ പ്രസിഡന്റും കൂടിയാണ് ടി.കെ.എം ബാവ മുസ്‌ലിയാര്‍.
പാണ്ഡിത്യത്തിന്റെ നിറകുടം, ഈമാന്റെ പ്രഭചൊരിയുന്ന മുഖം, അഹംഭാവത്തിന്റെ ലാജ്ഞന പോലുമില്ലാത്ത സൗമ്യമായ പെരുമാറ്റം, വാര്‍ദ്ധക്യവും അസുഖങ്ങളും ബുദ്ധിമുട്ടിക്കുമ്പോഴും ദീനിന് വേണ്ടി നീക്കി വെച്ച ജീവിതം…പക്ഷെ നാട്ടുകാരുടെ പ്രീയ്യപ്പെട്ട ഖാളിയാര്‍ച്ച നമ്മുടെ നാട്ടുകരനല്ലെന്ന് പലര്‍ക്കും അറിയില്ല. കാല്‍നൂറ്റാണ്ടിലധികമായി കാസര്‍കോട് ചരിത്രം ഉറങ്ങുന്ന, കേരളത്തില്‍ ഇസ്‌ലാമിന്റെ ആരംഭകാലഘട്ടത്ത് തന്നെയുണ്ടാക്കപ്പെട്ട പുരാതനമായ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ഓരത്തായി ”ഖാസി റൂം” എന്നെഴുതി വെച്ച ചെറിയ റൂമിലായിരുന്നു ഉസ്താദിന്റെ ജീവിതം.
ഇന്നിപ്പോള്‍ ഉസ്താദ് കാസര്‍കോട് മുസ്‌ലിംകളുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. മഹല്ലത്തുകളുടെ മാതൃകാ പുരുഷനും നിരന്തര സാനിദ്ധ്യവുമാണുസ്താദ്. നാടിന്റെ സര്‍വ്വ ഉണര്‍വ്വിലും ഖാളിയാര്‍ച്ച ഒപ്പമുണ്ടാകുന്നു.
സമസ്ത ഫത്‌വ കമ്മിറ്റിയില്‍ ആദ്യകാല മുഫ്തിയായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാരടക്കമുള്ള മഹാന്മാരായ നിരവധി പണ്ഡിതര്‍ കടന്നുവന്ന തൊണ്ടിക്കോടന്‍ തറവാട്ടില്‍ നിന്ന് മലപ്പുറം ജില്ലയിലെ വെള്ളിമുക്ക് എന്ന സ്ഥലത്ത് പ്രശസ്ത പണ്ഡിതനായിരുന്ന ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനായി ജനിച്ചു. ഉപ്പാപ്പയുടെ (മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍) അടുത്തായിരുന്നു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. പേരക്കുട്ടിയുടെയും ഉപ്പാപ്പയുടെയും പേര് ഒന്നായതിനാല്‍ എല്ലാവരും ബാവയെന്ന് വിളിച്ചു. അങ്ങനെയാണാ പേര് വന്നത്.
‘അല്‍ ഇര്‍ഷാദിന്’ വേണ്ടിയുള്ള അഭിമുഖത്തിനായി ഉസ്താദിന്റെ റൂമിലെത്തിയപ്പോള്‍ ഉസ്താദ് ബാത്ത്‌റൂമിലായരുന്നു. കുളിയും ളുഹാ നിസ്‌കാരവും കഴിഞ്ഞ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉസ്താദ് മറുപടി പറഞ്ഞ്തുടങ്ങി.
ഉസ്താദിന്റെ പഠനവും ഉസ്താദുമാരും?
ഉപ്പാപ്പയുടെ അടുത്ത് നിന്നാണ് ആദ്യം കിതാബോതിയത്. സ്‌കൂളൊന്നും ഇല്ലാത്ത കാലമാണ്. പള്ളിക്കൂടത്തില്‍ പോകുമായിരുന്നു. വെള്ളിമുക്ക് ദര്‍സിലാണ് ഉപ്പാപ്പ് ദര്‍സ് നടത്തിയിരുന്നത്. പിന്നീട് അന്നറിയപ്പെട്ട വലിയ ദര്‍സായിരുന്ന കോമു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കോട്ടുമല ഉസ്താദ്, മഞ്ഞനാടി ഉസ്താദ് തുടങ്ങിയവര്‍ ദര്‍സിലുണ്ടായിരുന്നു.
അല്‍ഫിയ കഴിയുന്നത് വരെ അവിടെയായിരുന്നു. ശേഷം അരീക്കോടിനടുത്ത വെളയില്‍ ദര്‍സില്‍ ചേര്‍ന്ന് 7 വര്‍ഷം അവിടെ ഓതി. പിന്നീടാണ് കാസര്‍കോടെത്തിയത്. ദീര്‍ഘകാലം കാസര്‍കോട് ഖാളിയായിരുന്ന അവറാന്‍ മുസ്‌ലിയാര്‍ (എന്റെ എളാമ്മയുടെ ഭര്‍ത്താവ്) വരാന്‍ പറഞ്ഞത് കൊണ്ടാണിവിടെ എത്തിയത്. യു.കെ ആറ്റക്കോയ തങ്ങള്‍, അന്തുമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. അഞ്ച് വര്‍ഷം അവിടെ ഓതി. മറ്റത്തൂര്‍ ദര്‍സിലേക്ക് പോകുന്ന വഴിയാണ് കോട്ടുമലിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത് ദര്‍സില്‍ ചേര്‍ന്നത്. (കോട്ടുമല ഉസ്താദിന്റെ നാട് യഥാര്‍ത്ഥത്തില്‍ കാളമ്പാടിയാണ്. ദര്‍സ് നടത്തിയത് കൊണ്ട് കോട്ടുമല എന്നറിയപ്പെട്ടു). ഒരു വര്‍ഷം അവിടെയായിരുന്നു. ഉപ്പാപ്പ ഹജ്ജിന് പോയപ്പോള്‍ വെള്ളിമുക്കില്‍ ഖുതുബയും ദര്‍സും എന്നെയേല്‍പിച്ചു. ബാഖിയാത്തില്‍ പോകാന്‍ ആലോചിക്കുകയായിരുന്നു. അല്‍പം കൂടി കിതാബുകള്‍ തീര്‍ക്കാന്‍ ബാക്കിയുണ്ട്. അങ്ങനെ ഇമ്പിച്ചാലി മുസ്‌ലിയാരുടെ അടുത്ത് കുറ്റിക്കാട്ടൂരില്‍ ഒരു വര്‍ഷം പഠനം നടത്തി. മടവൂര്‍ സി.എം സഹപാഠിയായിരുന്നു. അതിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി. മുഖ്തസര്‍ ബിരുദം (മൂന്നു വര്‍ഷം) പൂര്‍ത്തിയാക്കി. കെ.കെ ഹസ്‌റത്ത് സഹപാഠിയായിരുന്നു. ശേഷം മുതവ്വല്‍ പൂര്‍ത്തിയാക്കി. ഹൈദ്രോസ് മുസ്‌ലിയാര്‍, ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.

കാസര്‍കോട് ഖാളിയെന്ന നിലയിലാണിപ്പോള്‍ എല്ലാവരും ഉസ്താദിനെ അറിയുന്നത്. ഇവിടെ വരുന്നതിന് മുമ്പുള്ള ഉസ്താദിന്റെ ജീവിതം (മുദരിസും ഖതീബുമായി) എങ്ങനെയായിരുന്നു?
വെല്ലൂരില്‍ നിന്ന് വന്ന് വെള്ളിമുക്കിനടുത്ത് കൂമണ്ണയില്‍ ദര്‍സ് തുടങ്ങി. പതിനേഴരക്കൊല്ലം അവിടെയുണ്ടായിരുന്നു. ശേഷം കോഴിക്കോട് മൂര്യാടിലെത്തി. ഇംപീരിയല്‍ ബില്‍ഡിങ് ഉടമ മമ്മൂട്ടി ഹാജിയായിരുന്നു അവിടെ മുതവല്ലി. ഒന്നര വര്‍ഷത്തിന് ശേഷം പാണക്കാടിനടുത്ത് ഊരകം എന്ന സ്ഥലത്തേക്കു മാറി. 3 മൂന്ന് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. പിന്നീട് ചെലൂരില്‍ 2 വര്‍ഷം ദര്‍സ് നടത്തിയതിന് ശേഷം നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പക്ഷെ അല്ലാഹുവിന്റെ വലിയ്യായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം കുണ്ടൂരില്‍ ദര്‍സ് തുടങ്ങി. കുട്ടികള്‍ക്ക് ‘ജലാലൈനി’ ഓതിക്കൊടുത്ത് എന്റെ കയ്യില്‍ തന്ന് ദര്‍സ് നടത്താനാണ് ബാപ്പു മുസ്‌ലിയാര്‍ എന്നോടു പറഞ്ഞത്. അഞ്ചു വര്‍ഷം അവിടെയായിരുന്നു. അതിനിടയില്‍ ആ മഹാന്‍ വഫാത്തായി.

ഉസ്താദ് കാസര്‍കോട് ഖാസിയാവാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു?
ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ എന്നെയേല്‍പിച്ച കുണ്ടൂരിലെ ദര്‍സിലായിരുന്നുവെന്ന് പറഞ്ഞല്ലോ. അദ്ദേഹം വഫാത്തായ ശേഷമാണ് കാസര്‍കോട്ട് നിന്നും പൗരപ്രമുഖരായ കെ.എസ് സുലൈമാന്‍ ഹാജി, ചൂരി ഹാജി തുടങ്ങിയവര്‍ എന്റെയടുത്ത് വന്ന് കാസര്‍കോട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചു. ബാപ്പു മുസ്‌ലിയാര്‍ എന്നെയേല്‍പിച്ച ദര്‍സായത് കൊണ്ട് ഒറ്റയടിക്ക് നിര്‍ത്താനും പറ്റില്ല. പെട്ടെന്ന് ”മാലിക് ദീനാര്‍ പള്ളി കാലിയായിപ്പോകുമല്ലോ” എന്ന് പറഞ്ഞ് ചൂരിഹാജി പൊട്ടിക്കരഞ്ഞു. ഇതൊക്കെ കണ്ടപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായി. പ്രമുഖ പണ്ഡിതനും കാസര്‍കോട്ട് നീണ്ട കാലം ഖാസിയായിരുന്ന അവറാന്‍ മുസ്‌ലിയാരുടെ അടുത്ത് 5 വര്‍ഷം ഓതിയ പരിചയവുമുണ്ട്. കോട്ടുമല ഉസ്താദും എന്നെ പോകാനാണ് നിര്‍ബന്ധിച്ചത്. അങ്ങനെ കാസര്‍കോട് വരാന്‍ തീരുമാനിച്ചു. 1983 ല്‍ ഞാന്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു.

സമസ്തയുമായി ഉസ്താദ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയത്?
ചെറുപ്പം മുതലേ സമസ്തയുടെ മെമ്പര്‍ഷിപ്പെടുത്തിരുന്നു. ആദ്യം നാലണക്കായിരുന്നു. പിന്നീടത് എട്ടണയായക്കി. സമസ്തയുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ………മുശാവറയിലെത്തി. ——–സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കാസര്‍കോഡ് സെക്രട്ടറിയായി. സി.എം ഉസ്താദിന്റെ മരണത്തോടെ സെക്രട്ടറിയായിരുന്ന ഞാന്‍ പ്രസിഡന്റും യു.എം അബ്ദുറഹ്മാന്‍ മൗലവി സെക്രട്ടറിയുമായി.

സി.എം ഉസ്താദുമായും എം.ഐ.സിയുമായും ഉസ്താദിന്റെ ബന്ധം?
ഞാന്‍ ഇവിടെ വന്നതിന് ശേഷമാണ് സി.എം ഉസ്താദിനെ അറിയുന്നത്. ഞാന്‍ ഖാസിയായി വരുമ്പോള്‍ തന്നെ അദ്ദേഹം ഖാസിയായിരുന്നു. കൂടുതല്‍ ബന്ധപ്പെടാന്‍ തുടങ്ങിയത് കാസര്‍കോട് ജില്ലാ ജംഇയ്യതുല്‍ ഉലമയുടെ സെക്രട്ടറിയായതോടെയാണ്. അദ്ദേഹം പ്രസിഡന്റായിരുന്നു. അപ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. പിന്നെ രണ്ട് പേരും ഖാസിയായതിനാല്‍ മാസം ഉറപ്പിക്കലും മറ്റും പരസ്പരം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു. ഞാന്‍ അദ്ദേഹത്തെയും അദ്ദേഹം എന്നെയും വിളിക്കും.
പിന്നെ എം.ഐ.സിയെ പറ്റി പറയുകയാണെങ്കില്‍ തുടക്കം മുതല്‍ ഞാന്‍ എം.ഐ.സിയുടെ ഖജാന്‍ജിയാണ്. സി.എം ഉസ്താദ് വളരെ കഷ്ടപ്പെട്ട് തുടങ്ങിയ സഅദിയ്യ ഒരു വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴേക്കും ചിലയാളുകള്‍ സ്വന്തം ഇഷ്ടപ്രകാരം സിലബസ്സ് മാറ്റി ഭരണം കൈക്കലാക്കിയിരുന്നു. അവിടെ വിട്ട ശേഷം സി.എം നീലേശ്വരം മര്‍കസിലായിരുന്നു. അവിടെ ഒരു യോഗത്തിന് ഞാന്‍ കാറില്‍ പോകുകയായിരുന്നു. മേല്‍പറമ്പിലെത്തിയപ്പോള്‍ ഒരാള്‍ കൈകാട്ടി കാര്‍ നിര്‍ത്തി (അത് തെക്കില്‍ മൂസ ഹാജിയായിരുന്നു. ആ സമയത്ത് എനിക്കദ്ദേഹത്തെ പരിചയമില്ലായിരുന്നു). 4 ചായക്ക് ഓര്‍ഡര്‍ കൊടുത്തു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കല്ലട്ര അബ്ബാസ് ഹാജിയും സി.എം ഉസ്താദും വരാനുണ്ടെന്നും ഒരു പദ്ധതിയെകുറിച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞു. പദ്ധതി പറയാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ വന്നശേഷം പറയാമെന്ന് പറഞ്ഞു. അവര്‍ രണ്ട് പേരും വന്ന ശേഷം മൂസ ഹാജി (ഹാര്‍ട്ടിന്റെ അസുഖമുള്ളയാളാണ് അദ്ദേഹം): പെട്ടെന്ന് തന്നെ നമുക്കൊരു സ്ഥപനം തുടങ്ങണമെന്നും അതിനുള്ള ജോലികള്‍ ആരംഭിക്കണമെന്നും പറഞ്ഞു. നല്ലത് തന്നെ പക്ഷെ ജില്ലാ ജംഇയ്യതുല്‍ ഉലമ യോഗത്തില്‍ സി.എം തന്നെ കാര്യം അവതരിപ്പിക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു ദിവസം യോഗം ചേര്‍ന്നു. എന്റെ റൂമില്‍ തന്നെയായിരുന്നു യോഗം (മാലിക് ദീനാര്‍) അന്ന് സമസ്തക്ക് ഓഫീസുണ്ടായിരുന്നില്ല. സി.എം കാര്യം പറഞ്ഞു എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് റിക്കാര്‍ഡുകള്‍ എന്റെ കയ്യില്‍ തന്നു. എനിക്ക് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടായത് കൊണ്ട് ഞാന്‍ സി.എമ്മിനെ തന്നെ തിരിച്ചേല്‍പിച്ചു. സ്ഥാപനത്തിന്റെ പിരിവിനായി സി.എമ്മിന്റെ കൂടെ ഞാനും പോകുാറുണ്ടായിരുന്നു. രാത്രിയിലായിരുന്നു പോക്ക്. പാദൂറിന്റടുത്തും മറ്റും അന്ന് പോയിരുന്നു.
തളങ്കരക്കാരനായിരുന്ന പാക്കിസ്ഥാന്‍ അബ്ദുല്ലയുടെ മകളുടെ നിക്കാഹിന്ന് എന്നെയദ്ദേഹം ദുബായിലേക്ക് ക്ഷണിച്ചു.
(അദ്ദേഹം ദുബായില്‍ സ്ഥിര താമസമാക്കിയിരുന്നു) ദുബായിലേക്ക് വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ എളാപ്പ ഇങ്ങനെ പറയില്ലല്ലോ എന്നദ്ധേഹം പറഞ്ഞു. (37 വര്‍ഷം ഇവിടെ ഖാളിയായിരുന്ന എന്റെ എളാമ്മയുടെ ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം എന്റെ ഉസ്താദുമായിരുന്ന അവറാന്‍ മുസ്‌ലിയാരെക്കുറിച്ചാണദ്ധേഹം സൂചിപ്പിച്ചത്) പിന്നെയെനിക്ക് പോകാതെ പറ്റില്ലെന്നായി അങ്ങനെ ഞാന്‍ ദുബായിലെത്തി. വരന്‍ സി.എമ്മിന്റെ സ്ഥലത്തെയാളായിരുന്നു. സി.എമ്മും വന്നിരുന്നു എനിക്ക് 14 ദിവസത്തെ വിസയാണുണ്ടായിരുന്നത്. എനിക്കവിടെന്ന് കടുത്ത പനി വന്നിരുന്നു അവിടെയും എം.ഐ.സിക്ക് വേണ്ടി സി.എമ്മിനൊപ്പം പിരിവിന്ന് പോയിരുന്നു.

ഖാളിയായി സ്ഥനമേറ്റ ശേഷം ഇവിടം എങ്ങനെയനുഭവപ്പെട്ടു? മുസ്‌ലികളുടെ ജീവിത രീതികള്‍, ചുറ്റുപാടുകള്‍, ഇപ്പോള്‍ അതിന്ന് വന്ന മാറ്റങ്ങള്‍?
കാസര്‍കോട് അഞ്ച് വര്‍ഷം ഓതിയ പരിചയം എനിക്കുണ്ടായിരുന്നു. ഇവിടെത്തെ ആള്‍ക്കാര്‍ (പ്രത്യേകിച്ചും പഴയ തലമുറ വളരെ നല്ലവരായിരുന്നു. ദീനീ കാര്യത്തിലും മറ്റും നല്ല ശ്രദ്ധയുള്ളവരായിരുന്നു അവര്‍. മാലിക് ദീനാര്‍ പള്ളി ഉള്ളത് കൊണ്ട് തന്നെ നല്ല ഇസ്ലാമിക അന്തരീക്ഷമായിരുന്നു തളങ്കരയും ചുറ്റുഭാഗങ്ങളും, മാലിക് ദീനാര്‍ പള്ളിയില്‍ ഞാന്‍ വരുന്നതിന്ന് മുമ്പേ ദര്‍സുണ്ടായിരുന്നു. നിരവധി വലിയ പണഡിതര്‍ ഇവിടെ ദര്‍സ് നടത്തിയിരുന്നു. ഞാനും കുറെ കാലം ദര്‍സ് നടത്തി. ആദ്യം പള്ളിയുടെ മുകളിലായിരുന്നു പിന്നീട് കയറിയിറങ്ങാന്‍ ബുദ്ധിമുട്ടായപ്പോള്‍ റൂമില്‍ തന്നെയാക്കി. പിന്നീട് വിദ്യാര്‍ത്ഥികളൊക്കെ കുറഞ്ഞു. ഇപ്പോള്‍ ദര്‍സില്ല. ഇവിടെത്തെ ദീനീ ചുറ്റുപാടുകളില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്, കാലം പുരോഗമിച്ചതോടെ മതപഠനത്തിനും മറ്റും സൗര്യം കൂടി. മാലിക ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പോലെയുള്ള കോളേജുകള്‍ വന്നു. പള്ളികളും മദ്രസകളും ഭദ്രമായ സാമ്പത്തിക സ്ഥിതിയിലായി. അങ്ങനെയുളള മാറ്റങ്ങള്‍…

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ് മുസ്‌ലും വീടുകളിലെ വിവാഹ ധൂര്‍ത്ത്. ഇതിന് കാരണമായി ഉസ്താദിന് തോന്നുന്നതെന്ത്?
പണം തന്നെ…പണം കൂടിയപ്പോള്‍ അവര്‍ ഒരുപാട് ചിലവഴിക്കാന്‍ തുടങ്ങി. അതൊരു പതിവായപ്പോള്‍ പാവങ്ങള്‍ക്കും വിവാഹത്തിനായി അങ്ങനെ ചെലവാക്കാതെ വയ്യെന്നായി. കയ്യില്‍ പണമില്ലെങ്കിലും വളരെ കഷ്ടപ്പെട്ട് ചിലവാക്കുന്നു. കാശില്ലാത്തവരുടെ പെണ്‍മക്കള്‍ ഈ പ്രവണത മൂലം കണ്ണീരിലാണ്. ഇന്ന് പല വീടുകളും ധൂര്‍ത്ത് കാരണം കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത് സ്ഥിതിയിലാണ്. അത് മാറണം. പണം അല്ലാഹുവിന്റെതാണ്. ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമാണ്. അതിന്റെ ഒരു സൂക്ഷിപ്പുകാരാണ് ഈ പണക്കാര്‍. ഒരു സൂക്ഷിപ്പുകാരന്‍. അത് അല്ലാഹു പറഞ്ഞ മാര്‍ഗത്തിലൂടെ മാത്രമെ ചെലവഴിക്കാന്‍ പറ്റുകയുള്ളൂ… ധൂര്‍ത്ത് ചെയ്യുന്ന പണം പാവങ്ങളുടെ കല്ല്യാണം കഴിപ്പിച്ച് കൊടുക്കുന്നതിന്ന് ഉപയോഗിച്ചാല്‍ അത് വളരെ ഉപകാരമായിരിക്കും ….. പണമുള്ളവര്‍ അങ്ങനെയുള്ള മാനസികാവസ്ഥയിലേക്ക് മാറണം.

സംയുക്ത ജമാഅത്ത് ഖാളിയെന്ന നിലയില്‍ ഇതിനെതിരെ എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക?
സംയുക്ത ജമാഅത്തിലുള്ള എല്ലാ പള്ളികമ്മിറ്റികളിലേക്കും ഇതിന്റെ കാര്യഗൗരവം മനസ്സിലാക്കിക്കൊണ്ട് കത്തയക്കുകയും മഹല്ലില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അത് ഓരോ കമ്മിറ്റികളും ചര്‍ച്ച ചെയ്ത് സ്വന്തം മഹല്ലിലെ അനാചാരങ്ങളും അധാര്‍മ്മികതയും തുടച്ചുനീക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണം. ദീനിന്റെ കാര്യമായതിനാല്‍ കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും മുന്നിട്ടിറങ്ങുകയും മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെ സര്‍വ്വ പിന്തുണയും സഹകരണവുമായി രംഗത്ത് വരികയും വേണം.

ഉസ്താദ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ് ?
എല്ലാ മഹല്ലുകളിലേയും ഖത്വീബുമാരുടെ കൂട്ടായ്മയാണ് ജംഇയ്യത്തുല്‍ ഖുത്വബാഅ്. മഹല്ലുകളിലെ അധാര്‍മ്മികതയും ദുരാചാരങ്ങളും ഉന്മൂലനം ചെയ്ത് ഇസ്ലാമികാന്തരീക്ഷത്തിലുള്ള ഒരു ജീവിത രീതി ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം. വിവാഹദൂര്‍ത്തിനെതിരെ മാത്രമല്ല മഹല്ലുകളിലെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവാക്കളെ നേര്‍വഴി നയിക്കുക. മദ്യം മയക്കുമരുന്ന് തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന കൊണ്ട് ലക്ഷീകരിക്കുന്നത്.

ഇത് എത്രമാത്രം ലക്ഷ്യം കണ്ടിട്ടുണ്ട്?
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പക്ഷെ ഒറ്റയടിക്ക് എല്ലാം നടപ്പില്‍ വരുത്താന്‍ പറ്റില്ലല്ലോ. ഒരു മഹല്ലില്‍ ഇസ്‌ലാമികമായ എല്ലാ കാര്യങ്ങളുടെയും പൂര്‍ണാധികാരം അവിടത്തെ ഖതീബിനായിരിക്കണം. ദീനീ കാര്യത്തില്‍ ഖതീബ പറയുന്നതനുസരിച്ച് നാട് പോകുന്ന രീതി നിലവില്‍ വരണം. എന്നാലേ ഈ ലക്ഷ്യങ്ങള്‍ വിജയം കാണൂ. ഇന്ന ഖതീബുമാര്‍ കേവസം ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എന്ന നിലയിലേ ജമാഅത്ത് കമ്മിറ്റികള്‍ കാണുന്നുള്ളൂ. അത് മാറി ഇസ്‌ലാമിക കാര്യങ്ങളുടെ ചുക്കാന്‍ ഖതീബിന്റെ കയ്യിലാവണം. തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം ഖതീബും അതില്‍ പങ്കാളിയാവണം. എന്നാലേ ജംഇയ്യതുല്‍ ഖുതബായുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

ഗള്‍ഫ് ഇവിടുത്തെ മുസ്‌ലിംകളെ ഏതു തരത്തില്‍ ബാധിച്ചു?
ഗള്‍ഫ് കൊണ്ട് ഒരുപാടുപകാരങ്ങളുണ്ടായി. ദീനീസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കുമെല്ലാം സാമ്പത്തിക സ്രോതസ്സായി ഗള്‍ഫ് മാറി. ജീവിത നിലവാരം മെച്ചപ്പെടു. പക്ഷം ധാരാളം ധനം കയ്യില്‍ വന്നപ്പോള്‍ സൂക്ഷിച്ചുപയോഗിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇത് മൂലമുണ്ടായിട്ടുണ്ട്.

കാസര്‍കോട്ടെ മുസ്‌ലിംകള്‍ക്കുള്ള (മറ്റുനാട്ടുകാര്‍ക്കില്ലാത്ത) പ്രത്യേകമായ നല്ല കാര്യമായി ഉസ്താദിന്ന് തോന്നുന്നതെന്താണ് ?
ഇവിടത്തെ മുസ്‌ലിംകള്‍ക്ക് സയ്യിദന്മാരോടും ഉലമാക്കളോടും ബഹുമാനം കൂടുതലാണ്(മറ്റു നാടുകളെക്കാളും). അത് ചിലയിടത്തത് അമിതമായിപ്പോവാറുണ്ട് എന്നതാണ് പ്രശ്‌നം. സയ്യിദുമാരോടുള്ള ബഹുമാനക്കൂടുതല്‍ കാരണം അവരെ ദീനീ കാര്യങ്ങളില്‍ വരെ അംഗീകരിക്കുന്നു (ചിലപ്പോള്‍ സയ്യിദ് ജാഹിലായിരിക്കും). അപ്പോള്‍ അവര്‍ തെറ്റുകളില്‍ ചെന്ന് ചാടുന്നു. സയ്യിദ് ആലിമാണെങ്കില്‍ പ്രശ്‌നമില്ല.

അതു പോലെ മോശമായ കാര്യം?
വിവാഹം നടത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധയും ഗൗരവവും കാണിക്കുന്നില്ല. പെണ്ണിന് എല്ലാ നിലയിലും യോചിക്കുന്നുവെന്നും വരന്‍ നല്ലവനാണെന്നും വിവാഹത്തിന് മുമ്പ് തന്നെ ഗൗരവമായി അന്വേഷിച്ച് ഉറപ്പിക്കണം. പോരായ്മകളും പ്രശ്‌നങ്ങളും മുമ്പേ തന്നെ അറിയണം. അത് ഇവിടത്തുകാര്‍ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ലെന്നാണ് തോന്നുന്നത്. അത് കാണ്ട് തന്നെ മറ്റു നാടുകളെക്കാളും വിവാഹമോചനക്കേസുകളും ഇവിടെ കൂടി വരുന്നുവെന്നാണ് മനസ്സിലാവുന്നത്.

സമസ്തയുടെ കീഴിലുള്ള മദ്രസകളില്‍ വിഘടിതവിഭാഗങ്ങത്തിന്റെ അധ്യപകര്‍ ജോലിയെടുക്കുകയും ക്രമേണ അല്‍പം നാട്ടുകാരെ കൈക്കാലക്കി മദ്രസ രണ്ടാക്കുകയും നാട്ടുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് സുന്നി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കും തെരുവ് യുദ്ധങ്ങള്‍ക്കും വഴിവെക്കുന്നു. വിദ്യഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഉസ്താദിന്റെ അഭിപ്രായമെന്ത്?
ഒന്നു രണ്ടിടങ്ങളില്‍ മാത്രമാണങ്ങനെ സംഭവിച്ചത്. സദര്‍ മാത്രമല്ല വിഘടിത വിഭാഗത്തിലെ ഒരധ്യാപകനും സമസ്തയുടെ മദ്രസകളില്‍ പഠിപ്പിക്കേണ്ടവരല്ല. പക്ഷെ അധ്യാപകരെ തികയാതെ വരുന്നത് കൊണ്ട് അവരെ നിയമിക്കുന്നു എന്ന് മാത്രം. പക്ഷെ അവര്‍ക്ക് സംഘടനാ പരമായി ഒന്നും ചെയ്യാന്‍ അധികാരമില്ല. കാരണം മദ്രസ സമസ്തയുടെതാണ്. സമസ്തുടെ മദ്രസകളെല്ലാം വഖ്ഫ് സ്വത്താണ്. ഇസ്‌ലാമിന്റെ ശരീഅത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ വാഖിഫ് (വഖ്ഫ് ചെയ്യുന്നയാള്‍) എന്താണോ നിബന്ധന വെക്കുന്നത് (എന്തിന് വേണ്ടിയാണീ വഖ്ഫ്) അതനുസരിച്ച് നീങ്ങണം എന്നാലേ വഖ്ഫ് സ്വഹീഹാവുകയുള്ളൂ. മദ്രസകള്‍ സമസ്തക്ക് വേണ്ടിയാണ് മഹല്ലത്തുകാര്‍ വഖ്ഫ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് അത് മാറാന്‍ പാടില്ല. മദ്രസകള്‍ പിടിച്ചടക്കിയാല്‍ അത് വഖ്ഫ് സ്വത്തിനെ പിടിച്ചടക്കലാവും. വിദ്യാഭ്യാസ ബോര്‍ഡിന്റെ നയവും അതു തന്നെയാണ്.

ഇപ്പോള്‍ വന്‍ ചര്‍ച്ചാ വിശയമായിരിക്കുകയാണ് തിരുകേശമെന്ന പേരില്‍ വിഘടിതര്‍ കൊണ്ട് വന്ന മുടിയും പള്ളിക്ക് വേണ്ടിയുള്ള പിരിവും. ഇതിനെ പറ്റി ഉസ്താദ് എന്ത് പറയുന്നു?
വിഘടിതര്‍ കൊണ്ടുവന്ന മുടി പ്രവാചകന്റേതാണെന്ന് അവര്‍ക്ക് തന്നെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് അതില്‍ വഞ്ചിതരാവരുതെന്നും തെളിയിക്കുന്നത് വരെ അതിനെ തൊട്ട് വിട്ട് നില്‍ക്കണമെന്നുമാണ്(അതിനെ ചര്‍ച്ച ചെയ്യാനോ സഹായിക്കാനോ വെള്ളം കുടിക്കാനോ തുനിയരുതെന്നാണ്) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ തീരുമാനം. കാസര്‍ഗോഡ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനത്തില്‍ ഇത് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെ എന്റെ പ്രസംഗത്തില്‍ വെല്ലൂരിലെ മുടിയെക്കുറിച്ചുള്ള പരാമര്‍ശം വിഘടിതര്‍ പകുതി മുറിച്ച് ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. ബാഖിയാത്തിലൊരു മുടിയുണ്ട്. അതിന് വേണ്ട വ്യക്തമായ സനദില്ലാത്തതിനാല്‍ അത് പുറത്തെടുക്കാറില്ല. ലത്വീഫിയയിലാണ് സനദുള്ള നബി(സ)യുടെ യഥാര്‍ത്ഥ മുടിയുള്ളത്. അത് റബീഉല്‍ അവ്വലില്‍ ബാഖിയാത്തില്‍ കൊണ്ട്‌വന്നാണ് വെള്ളം കൊടുക്കാറ്. ഇതിനെ മുറിച്ച് വെല്ലൂരിലെ മുടിക്ക് സനദില്ലെന്ന് ഞാന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയാണീ വിഘടിതര്‍. അത് കൊണ്ട് സമസ്തയുടെ തീരുമാനം അംഗീകരിക്കുക.

ഇവിടത്തെ മഖ്ബറ ലോകപ്രശസ്തമാണെങ്കിലും മാലിക് ദീനാര്‍(റ) അല്ല, കൂടെ വന്ന മറ്റാരോ ആണ് ഇവിടെയുള്ളതെന്നും ഒരു വാദമുണ്ട്. വസ്തുതയെന്താണ് ?
ഹിജ്‌റ 21ല്‍ മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്ന് കേരളത്തില്‍ വന്ന സംഘം ഇവിടെ പത്തോളം പള്ളികള്‍ നിര്‍മിച്ചു.അതിന്റെ എട്ടാമത്തെ പള്ളിയാണിത്. മാലിക് ബ്‌നു ഹബീബിനെ ഇവിടെ ഖാളിയാക്കി അദ്ദേഹം മടങ്ങിപ്പോയി. അതിന് ശേഷം എന്ത് സംഭവിച്ചു എന്നത് രേഖകളില്ല. എന്നാല്‍ ഉബൈദ് സാഹിബിന്റെ ഒരു ഗ്രന്ദത്തില്‍ പറയുന്നത് ഖുറാസാനില്‍ നിന്നു മടങ്ങിവന്ന ശേഷം ഇവിടെ വഫാത്തായി. ഇവിടെത്തന്നെ ഖബറടക്കപ്പെട്ടു എന്നാണ്.
1975ല്‍ മാലിക് ദീനാര്‍ ഉറൂസിന് വന്ന ഈജിപ്തിലെ വലിയ കോടീശ്വരനും പണ്ഡിതനും എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ വലിയും ആരിഫുമായ ശൈഖ് സാമി അഹ്മദ് ഫര്‍ഹാത്ത് , കശ്ഫിന്റെ ജ്ഞാനമുള്ളയാളായിരുന്നു. ആരെ കണ്ടാലും അയാളുടെ പൂര്‍ണവിവരവും ഏത് സ്ഥലത്തെത്തിയാലും അതിന്റെ പൂര്‍ണചരിത്രവും പറയാന്‍ അദ്ധേഹത്തിന് കഴിവുണ്ടായിരുന്നു. ഉറൂസിന് അദ്ധേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത് ഇന്ന് മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാളിയും എം ഐ സി പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവിയാണ്. അന്നിവിടെ ഖാസിയായ അവറാന്‍ മുസ്‌ലിയാര്‍ അദ്ദേഹത്തോട് ഈ മഖ്ബറയെക്കുറിച്ച് സംശയം ചോദിക്കുകയും അദ്ദേഹം ഇത് മാലിക് ദീനാര്‍ തന്നെയാണെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീടൊരിക്കല്‍ സിയാറത്തിന് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ കുറച്ച് കഴിഞ്ഞ ശേഷംഅദ്ദേഹം പറഞ്ഞു ”സംശയിക്കേണ്ട ഇവിടെയുള്ളത് മാലിക് ദീനാര്‍ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവിടെയുള്ളത് മാലിക് ദീനാര്‍(റ)ല്ല എന്നതിന് ഒരു തെളിവുമില്ല. അല്ലാഹുവിന്റെ പഴയ ആരിഫീങ്ങളായിരുന്ന പഴയകാലത്തെ ഖാളിമാരും നാട്ടുകാരുമല്ല പണ്ടു മതലേ അംഗീകരിച്ചു പോന്ന കാര്യമാണിത്. അത് കൊണ്ട് സംശയത്തിന് വകയില്ല….!!!
11.40ന് തുടങ്ങിയ സംസാരം അവസാനിക്കുമ്പോള്‍ 3.10 ആയിരുന്നു. ഒന്നര മണിക്ക് തന്നെ റൂമിലെത്തിയ ചോറിന്റെ പാത്രം അവിടെത്തന്നെയുണ്ട്. ഭക്ഷണം കഴിക്കാതെ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൂന്നര മണിക്കൂര്‍ സ്‌നേഹത്തോടെ മറുപടി പറയുകയായിരുന്നു ഉസ്താദ്..!! വളരെ വൈകി ഉസ്താദ് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കൈ ചുംബിച്ച് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്ത് സലാം പറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി.