പി.പി. മുഹമ്മദ് മുസ്‍ലിയാര്‍ ; വിടപറഞ്ഞത് പൊന്നാനിയിലെ പണ്ഡിത കാരണവര്‍

പി.പിമുഹമ്മദ് മുസ്‍ലിയാരെ SKSSF ആദരിച്ചപ്പോള്‍ (മഖ്ദൂം മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ഫയല്‍ ചിത്രം)
പൊന്നാനി : പുതുപൊന്നാനി പി.പി. മുഹമ്മദ് മുസ്‍ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് പൊന്നാനിയുടെ പണ്ഡിത തറവാട്ടിലെ കാരണവരെ. അര നൂറ്റാണ്ട് കാലത്തോളമായി പുതുപൊന്നാനിയിലെ മതനേതൃത്വ രംഗത്ത് നിറഞ്ഞു നിന്ന പണ്ഡിതന്‍റെ വിയോഗ വാര്‍ത്ത നാടിന്‍റെ ദുഃഖമേറ്റുവാങ്ങി. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ മഹല്ലുകളില്‍ മുദരിസായി സേവനം ചെയ്ത ഇദ്ദേഹത്തിന് നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. കേരളത്തിലെ അനവധി മഹല്ലുകളില്‍ നൂറുക്കണക്കിന് മതപ്രഭാഷണ വേദികളില്‍ തന്‍റെ വാഗ്‍വൈഭവം കൊണ്ട് പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നു. കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‍ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‍ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് അത്മീയ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്.
- Rafeeq Puthuponani