ഖുര്‍ആന്‍ പഠനം ലോകത്തിന് വെളിച്ചം പകരുന്നു: ത്വാഖാ അഹ്മദ് മൗലവി

എം..സിദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ പടിഞ്ഞാര്‍ കാമ്പസിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ഉദുമ : ഹാഫിളീങ്ങള്‍ നവലോകത്തിന് വെളിച്ചം പകരുന്നുവെന്നും കേരളത്തില്‍ ഹാഫിളീങ്ങളുടെ വര്‍ധനവ് സ്തുത്യര്‍ഹമാണെന്നും ത്വാഖാ അഹ്മദ് മൗലവി. ഉദുമ പടിഞ്ഞാറിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് ക്യാമ്പസില്‍ വെച്ചു നടന്ന ഹാഫിളിനെ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനില്‍ ഏറ്റവും മഹത്വമര്‍ഹിക്കുന്നത് ഖുര്‍ആന്‍ പഠിക്കുന്നതിലാണെന്നും അതിനായി പുതു തലമുറ രംഗത്ത് വരണമെന്നും ജനങ്ങള്‍ അവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടി സമസ്ത കേന്ദ്ര മുശാവറംഗം യു. എം. അബ്ദുര്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു.
പതിനാല് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കിയ തംജീദ് തൊട്ടിയെ ചടങ്ങില്‍ ഉസ്താദ് ത്വാഖാ അഹ്മദ് മൗലവി ആദരിച്ചു. പരിപാടിയില്‍ കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. ക്യാമ്പസില്‍ നടന്ന ചിറാഗെ മദീന പരിപാടിയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംസ്ഥാന കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും കെ.എസ് അലി തങ്ങള്‍ വിതരണം ചെയ്തു. പ്രൊഫസര്‍ നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഹാഫിള് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ്‌വേ, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ശാഫി ഹാജി ബേക്കല്‍, മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ശാഫി ഹാജി കട്ടക്കാല്‍, ടി.വി മുഹമ്മദ് കുഞ്ഞി ഹാജി എനര്‍ജി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിന് മുജീബ് റഹ്മാന്‍ ഹുദവി സ്വാഗതം പറഞ്ഞു. അബ്ദുര്‍റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി നന്ദി പറഞ്ഞു.