മര്‍ക്കസ്: സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവില്‍

മുസ്‌ലിം സമൂഹ ത്തിന്റെയും പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയുടെയും വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യമാക്കി 1984 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ വന്ന ഉന്നത മത ഭൗതിക വിദ്യാഭ്യാസ കലാലയമാണ് മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ. അതിന്റെ ചാരിതാര്‍ത്ഥ്യ ജനകമായ മൂന്ന് പതിറ്റാണ്ടിനോടടുക്കുമ്പോള്‍ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ചിന്താ മണ്ഡലത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് മര്‍ക്കസ് തിരികൊ ളുത്തിയിരിക്കുകയാണ്. സമസ്ത പ്രസിഡണ്ടായിരുന്ന ശൈഖുനാ കെ.കെ അബൂബക്കര്‍ ഹസ്രത്താണ് മര്‍ക്കസിന്റെ സ്ഥാപകന്‍.
കൊട്ടും കുരവയുമില്ലാതെ, പ്രചരണ കോലാഹലങ്ങളില്ലാതെ ഒരു നിശ്ശബ്ദ വിദ്യാഭ്യാസ വിപ്ലവത്തിന്റെ രംഗവേദിയായി നിളാ നദിക്ക് വിളിപ്പാടകലെ
ഈ അനുഗൃഹീത ക്യാമ്പസ് തലയുയര്‍ത്തി നില്‍ക്കുന്നു. വിജനമായിരുന്ന ഈ മൊട്ടക്കുന്ന് വൈജ്ഞാനിക ധാരകളുടെ അണമുറിയാത്ത കൈവഴികളൊഴുകുന്ന ഒരു ഉര്‍വ്വര ഭൂമിയായി മാറിയതിന്റെ അനുഭവ സാക്ഷ്യം കൂടിയാണ് മര്‍ക്കസിന്റെ കഴിഞ്ഞ പതിറ്റാണ്ടുകള്‍.
ഋജുവായ ഇസ്‌ലാമിക ചിന്തയാണ് മര്‍ക്കസ് പ്രതിനിധാനം ചെയ്യുന്നത്. പ്രശാന്തമായ ഈ ക്യാമ്പസിലെ സൗഹൃദാന്തരീക്ഷം അതാണ് വിളിച്ചറിയിക്കുന്നത്. അഥവാ ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നതിലുപരി മനുഷ്യ സ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും പോഷണമേകുന്ന ഒരു ചിന്തയാണ് മര്‍ക്കസ്.
wafies1983ല്‍ അബൂദാബിയിലെ ഏതാനും പ്രവാസി മലയാളികള്‍ക്കിടയില്‍ ബീജാവാപംകൊണ്ട മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ എന്ന ആശയത്തിന്ന് സാക്ഷാത്കാരം ലഭിച്ചത് 1984 ല്‍ വളാഞ്ചേരി ബുസ്താനുല്‍ ഉലൂമില്‍ ചേര്‍ന്ന ജില്ലയിലെ ഉലമാക്കളും ഉമറാക്കളും പങ്കെടുത്ത കണ്‍വെന്‍ഷനില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും കെ.ടി കുഞ്ഞുട്ടിഹാജി ജനറല്‍ സെക്രട്ടറിയുമായി മര്‍ക്കസ് പ്രവര്‍ത്തക സമിതി നിലവില്‍ വന്നതോടെയാണ്.




1985 ജനുവരി 25ന് ക്യാമ്പസിലെ ആദ്യ സ്ഥാപനത്തിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍, യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് അബ്ദുറഹ്മാന്‍ അല്‍ ഹാഷിമി ശിലാസ്ഥാപനം നടത്തി. 1986 ജനുവരി 31ന് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളും ബോര്‍ഡിംഗ് മദ്രസയും തുടങ്ങിയാണ് മര്‍ക്കസ് വിദ്യാരംഭം കുറിക്കുന്നത്. ശൈഖുന കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, എം.എം ബഷീര്‍ മുസ്‌ല്യാര്‍, കെ. വി മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്, സി. എച്ച് ഹൈദ്രൂസ് മുസ്‌ല്യാര്‍, കെ.ടി മാനു മുസ്‌ല്യാര്‍, സി. എച്ച് ആലികുട്ടി ഗുരുക്കള്‍, പി.കെ മെയ്തീന്‍കുട്ടി സാഹിബ്, കാരത്തൂര്‍ ബാപ്പുഹാജി തുടങ്ങിയ കേരളത്തിലെ പ്രബുദ്ധരായ ഉലമാക്കളുടെയും ഉമറാക്കളുടെയും ആശിര്‍വാദങ്ങളും അനുഗ്രഹാശിസ്സുകളും വേണ്ടുവോളം ലഭിച്ച ഈ വിദ്യാഭ്യാസ സംരംഭം കേരളത്തിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നടത്തിയ ക്രിയാത്മക ഇടപെടലുകള്‍ നിസ്തുലവും ശ്രദ്ധേയവുമായിരുന്നു.




ഉന്നത ദീനി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമറിയിച്ച് 1986 ല്‍ അറബിക് കോളജും 1987 ല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജും സ്ഥാപിക്കപ്പെട്ടു. ഈ രണ്ട് കലാലയങ്ങളും പിന്നീട് കേരളത്തിലെ മത ഭൗതിക വിദ്യാ സമന്വയ രംഗത്ത് നടത്തിയ ചുവടുവെപ്പുകള്‍ മാതൃകാപരമായിരുന്നു. 1995ല്‍ മത വിദ്യാഭ്യാസത്തോടൊപ്പം അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം കൂടി നല്‍കുന്ന സമന്വയ കോഴ്‌സിന് രൂപം നല്‍കിയ മര്‍ക്കസ് അറബിക്ക് കോളജ് പ്രതീക്ഷാ നിര്‍ഭരമായ ഒരു ദിശാ മാറ്റത്തിന്ന് നാന്ദി കുറിക്കുകയായിരുന്നു.




കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനമാണ് മത ഭൗതിക വിദ്യാ സമന്വയ രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായ വാഫി കോഴ്‌സിന് ഊടും പാവും നല്‍കിയത്. കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജിസി (സി.ഐ.സി) ന്റെ ആസ്ഥാനവും ഉറവിടവുമായി പ്രവര്‍ത്തിക്കുന്നതും മര്‍ക്കസ് ആണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂണിവേഴ്‌സിറ്റി തുടങ്ങിയവകളുമായി എം.ഒ.യുവിലെത്താനും വാഫിക്ക് സാധിച്ചിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.




പെണ്‍കുട്ടികള്‍ക്കായി സി.ഐ.സി ആവിഷ്‌കരിച്ച ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദവും അംഗീകൃത യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്ന അഞ്ചു വര്‍ഷത്തെ വഫിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയ പണ്ഡിത വിദ്യാത്ഥിനികള്‍ ഈ ജൂണ്‍ മാസത്തോട് കൂടി പുറത്തിറങ്ങുന്നു എന്നത് ഇസ്‌ലാമിക കേരളത്തിന്ന് മര്‍ക്കസ് നല്‍കിയ സംഭാവനകളില്‍ ഏറ്റവും മികച്ചതാണ്.




സമ്പൂര്‍ണ ഇസ്‌ലാമിക ശിക്ഷണത്തിലും പരിചരണത്തിലും പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് മദ്രസ പുതിയ തലമുറക്ക് ജീവിത സംസ്‌കരണം നല്‍കുകയെന്ന സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തുപോരുന്നത്. വര്‍ഷങ്ങളായി അക്കാദമിക് നിലവാരം പുലര്‍ത്തുന്ന മര്‍ക്കസ് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മര്‍ക്കസിന്റ മറ്റൊരു സംഭാവനയാണ്.




1987 ല്‍ സ്ഥാപിതമായ അനാഥ അഗതി മന്ദിരം സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ വിദ്യാത്ഥികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയെന്ന ശ്രമകരമായ ദൗത്യമാണ് നിറവേറ്റുന്നത്. മര്‍ക്കസ് ബി.എഡ്. കോളജ്, ടി.ടി.ഐ, ഇലക്ട്രോണിക്‌സ്, സിവില്‍ ട്രേഡുകളില്‍ ഡിപ്ലോമ നല്‍കുന്ന ഐ.ടി.സി എന്നിവയും കാമ്പസിലെ ശ്രദ്ധേയമായ സ്ഥാപനങ്ങളാണ്. ഇവയെല്ലാം കുറഞ്ഞ കാലത്തിന്നുള്ളില്‍ അഭിമാനാര്‍ഹമായ വിജയവും പൊതുജനാംഗീകാരവും നേടിയെടുക്കുകയുണ്ടായി.




2003 ല്‍ നിലവില്‍ വന്ന മര്‍ക്കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ന്യൂ ബ്ലോക്കിന്റെ ഉദ്ഘാടനവും പി.ജി ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഈ വരുന്ന 27ന് നടക്കും. മര്‍ക്കസിനെ സ്‌നേഹിക്കുകയും അതിന്റെ ഓരോ ചുവടുവെപ്പിലും സന്തോഷിക്കുകയും ചെയ്തിരുന്ന ശിഹാബ് തങ്ങളുടെ പേര് ആ കെട്ടിടത്തിന്ന് നല്‍കുന്നതിലൂടെ മര്‍ക്കസ് ശിഹാബ് തങ്ങളോടുള്ള പ്രതിബദ്ധത ഒന്നുകൂടി പുതുക്കുകയാണ്. ഇതോടൊപ്പം ഓഡിറ്റോറിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. പ്രതിബന്ധങ്ങളുടെയും പ്രയാസങ്ങളുടെയും വഴികള്‍ ധാരാളമുണ്ടായിട്ടും മര്‍ക്കസ് അതിന്റെ നിശ്ശബ്ദ പ്രയാണം തുടരുകയാണ്.


- പി.കെ. ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി
(മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ജനറല്‍ സെക്രട്ടറി)