കടമേരി റഹ്മാനിയ്യ വാര്‍ഷികം; 40 'റഹ്മാനിയ്യ മഹല്‍ വീടുകള്‍ നിര്‍മിച്ചുനല്‍കും

നാദാപുരം: കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ നാല്‍പ്പതാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍ധനരായ 40 വിദ്യാര്‍ഥികള്‍ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്ന് പ്രിന്‍സിപ്പലും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റഹ്മാനിയ്യില്‍ പഠിച്ചവരും പഠിക്കുന്നവരുമായവര്‍ക്ക് യു.എ.ഇ. ഉത്തരമേഖലാ കമ്മിറ്റിയാണ് വീടുനിര്‍മിച്ച് നല്‍കുക. 'റഹ്മാനിയ്യ മഹല്‍' എന്ന പേരിലുള്ള പദ്ധതിയുടെ പ്രഖ്യാപനം സമാപനസമ്മേളനത്തില്‍ നടക്കും.
വാര്‍ഷിക സനദ്ദാന സമ്മേളനം 18-ന് വൈകുന്നേരം 3.30 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.
സുവനീര്‍ പ്രകാശനം എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ. നിര്‍വഹിക്കും. 19-ന് മൂന്നിന് നടക്കുന്ന 'വഴിവിളക്ക്' സെമിനാര്‍ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. 20-ന് 10 മണിക്ക് 'ജാഗരണം' സെമിനാര്‍ സിറാജ് ഇബ്രാഹിം സേഠും രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
21-ന് ഏഴിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.