സൗദി സ്വദേശിവത്കരണം: ആശങ്ക ശക്തം; ഭീതി വേണ്ടെന്ന് എംബസി

ജിദ്ദ: സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും തൊഴില്‍രംഗം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി അനധികൃത തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കാനും ഭരണകൂടം നീക്കം ശക്തമാക്കിയത് പ്രവാസികളെ ആശങ്കയിലാഴ്ത്തി.
സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ കൊണ്ടുവന്ന നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 10ല്‍ താഴെ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാന തീയതി ബുധനാഴ്ച അവസാനിച്ചു. വരുംദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
നല്‍കലും തുടര്‍നടപടികളും വരും ദിനങ്ങളില്‍ ആരംഭിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിലനില്‍പിനു വേണ്ടി ഒരു സൗദി പൗരനെയെങ്കിലും ജോലിക്കു നിര്‍ത്തുകയും അയാള്‍ക്ക് മിനിമം 3000 റിയാലില്‍ കുറയാത്ത തുക മാസവേതനമായി നല്‍കുകയും വേണം.
മലയാളി പ്രവാസികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന ഗ്രോസറി (ബഖാല), സ്നാക്ക് ഷോപ്പുകള്‍ (ബൂഫിയ), റസ്റ്റാറന്റുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ക്ക് ഇത് അധികസാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ അവര്‍ രംഗം വിടാനിടയാകും.
നിതാഖാത് എന്ന സ്വദേശിവത്കരണ പദ്ധതിയനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ചെറുകിട, ഇടത്തരം, മേത്തരം, മികച്ചത് എന്നീ നാലിനങ്ങളായി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും വര്‍ഗീകരിച്ചിരുന്നു. ഇതില്‍ 51 തൊഴിലിനങ്ങളില്‍ സ്വദേശി നിയമനത്തിനുള്ള തോതും ഭരണകൂടം നിശ്ചയിച്ചു. ഇതനുസരിച്ച് എക്സലന്റ്, പച്ച, മഞ്ഞ, ചുകപ്പ് വിഭാഗത്തിലായി സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ സ്വഭാവം നിജപ്പെടുത്തിയിരുന്നു.
മതിയായതിലും കൂടുതല്‍ സ്വദേശികള്‍ ജോലിചെയ്യുന്നത് എക്സലന്റും മതിയായത്ര സ്വദേശി അനുപാതം പൂര്‍ത്തിയായവ പച്ചയും അനുപാതത്തോടടുത്തവ മഞ്ഞയും അനുപാതം പൂര്‍ത്തിയാക്കാത്തവ ചുവപ്പും ആയിരിക്കും. 2011 നവംബറില്‍ നടപ്പാക്കിയ ഈ പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ചെറുകിട സ്ഥാപനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു. മറ്റു മേഖലകളിലെ സ്വദേശിവത്കരണം കാര്യമായ മെച്ചമുണ്ടാക്കി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
ചെറുകിട സ്ഥാപനങ്ങളില്‍ ഈ ഉപാധി പൂര്‍ത്തീകരിക്കാത്തവ ചുവപ്പു ഗണത്തില്‍ പെടുന്നതോടെ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കുകയും തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാതിരിക്കുകയും ചെയ്യും. രാജ്യത്ത് 3,40,000 സ്ഥാപനങ്ങളുണ്ടെന്നും അതില്‍ രണ്ടര ലക്ഷത്തോളം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചുകഴിഞ്ഞെന്നും തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് വ്യക്തമാക്കിയിരുന്നു. അവശേഷിച്ചവര്‍ക്കുള്ള സമയപരിധിയാണ് ബുധനാഴ്ച അവസാനിച്ചത്. മലയാളികള്‍ വളരെ കൂടുതല്‍ തൊഴില്‍ ചെയ്യുന്ന മേഖലയിലെ ഈ നിയന്ത്രണം കൂറെയാളുകളെ തൊഴില്‍രഹിതരാക്കും. മലയാളികള്‍ തിങ്ങിക്കഴിയുന്ന ജിദ്ദയിലെ ശറഫിയ്യ, റിയാദിലെ ബത്ഹ, ദമ്മാമിലെയും ബുറൈദയിലെയും കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ മരവിപ്പ് പ്രതിഫലിച്ചു തുടങ്ങിയതായി പ്രവാസികള്‍ പറയുന്നു.
ഇതിനൊപ്പം ഫ്രീ വിസക്കെതിരെ സൗദി സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയതും മലയാളികള്‍ക്ക് കനത്ത ആഘാതമായി. കമ്പനിയുടമയുടെയോ തൊഴിലുടമയുടെയോ വിസയില്‍ വന്ന് സ്പോണ്‍സറുടെ അറിവോടെ മറ്റു തൊഴിലുകള്‍ സ്വീകരിക്കുന്ന സമ്പ്രദായമാണ് ഫ്രീവിസ എന്ന പേരില്‍ മലയാളികളില്‍ ഗണ്യമായൊരു ഭാഗം ഉപയോഗപ്പെടുത്തി വന്നത്. ഈ രീതി അവസാനിപ്പിക്കാനും തൊഴിലുടമയുടെ വിസയില്‍ വരുന്നവര്‍ അതനുസരിച്ചു തൊഴിലെടുക്കണമെന്ന നിയമം കര്‍ക്കശമായി നടപ്പാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിനാളുകളില്‍ ഒരു ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ പരിശോധന അങ്ങിങ്ങായി കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ ആശങ്കയിലാണ് മലയാളികള്‍. ഇതുസംബന്ധിച്ച കിംവദന്തികളും ഊഹാപോഹങ്ങളും നാട്ടില്‍ ചില പത്രങ്ങളില്‍ വാര്‍ത്തകളായതോടെ പ്രവാസികള്‍ കൂടുതല്‍ അസ്വസ്ഥരാണ്. പുതിയ നിയമത്തിന്റെ പേരില്‍ വ്യാപകമായ അറസ്റ്റോ തടവോ ഇതുവരെ ആരംഭിച്ചിട്ടില്ല.
സൗദിയിലെ തൊഴില്‍ നിയമനിയന്ത്രണത്തിന്റെ പേരില്‍ പ്രവാസികള്‍ അനാവശ്യഭീതിയിലാകേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. അനധികൃത തൊഴിലാളികളെ പിടികൂടുന്നതിനുള്ള പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. ഇങ്ങനെ പിടികൂടപ്പെടുന്ന ആളുകളെ പീഡനത്തിനിരയാകാതെ നാട്ടിലെത്തിക്കുന്നതിന് എംബസിനു എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും തൊഴില്‍മേഖലയിലെ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം 'പറഞ്ഞു.