മസ്ജിദില്‍ സ്ഥലമില്ല; സ്കോട്ടുലാന്‍റില്‍ ചര്‍ച്ച് മുസ്‌ലിംകള്‍ക്ക് തുറന്നുകൊടുത്തു

നിസ്‌കരിക്കാന്‍ പള്ളിയില്‍ സ്ഥലമില്ലെന്ന് മനസ്സിലാക്കി തൊട്ടടുത്ത ക്രൈസ്തവ ചര്‍ച്ചിലെ ഭാരവാഹികള്‍ ചര്‍ച്ചിന്‍റെ ഒരുഭാഗം മുസ്‌ലിംകള്‍ക്ക് നിസ്കരിക്കാനായി തുറന്നുകൊടുത്തു. സ്‌കോട്ട്‌ലാന്‍റിലെ ആബര്‍ഡിനിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപല്‍ ചര്‍ച്ചാണ് മതസൗഹാര്‍ദത്തിന്റെ ഉദാത്തമാതൃകയായി മുസ്‌ലിം കള്‍ക്കായി തുറന്നു കൊടുത്തി രിക്കുന്നത്. 
തൊട്ടടു ത്തുള്ള ശാ മുസ്തഫ ജുമാ മസ്ജിദിലെ സ്ഥലപരിമിതിമൂലം പള്ളിയിലെത്തുന്ന പലരും പൊതുനിരത്തുകളില്‍ നിസ്കരിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണത്രെ ചര്‍ച്ചിന്റെ ഒരുഭാഗം മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ചര്‍ച്ചിലെ റെക്ടര്‍ തീരുമാനിച്ചത്. വിശ്വാസികളുമായി കൂടിയാലോചിച്ച് തന്നെയാണ് അദ്ദേഹം ഈ തീരുമാനമെടുത്തിരിക്കുന്നത്. ജുമാ മസ്ജിദിലെ മുഖ്യ ഇമാമായ അഹമ്മദ് മുഗര്‍ബിക്ക് ഇതുസംബന്ധിച്ച രേഖകളും ഇതിനകം തന്നെ ചര്‍ച്ച് കൈമാറിയിട്ടുണ്ട്.

പള്ളിയിലെ സ്ഥലപരിമിതി കാരണം പലപ്പോഴും ജമാഅത്തിനെത്തുന്നവരില്‍ 40 ശതമാനം പേരും പള്ളിക്ക് പുറത്ത് തെരുവിലാണത്രെ നിസ്കരിക്കാറ്. രാജ്യത്തെ മൊത്തജനസംഖ്യയുടെ ഒരു ശതമാനം പോലുമെത്തില്ല മുസ്‌ലിംകളുടെ അംഗസംഖ്യ.

പലപ്പോഴും ആളുകള്‍ പൊതുനിരത്തിലെ പാവ്മെന്‍റുകളില്‍ നിസ്കരിക്കുന്നത് കണ്ടിട്ടുണ്ട്. അതു കണ്ടപ്പോഴാണ് ഇതെ കുറിച്ച് ചര്‍ച്ചില്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയത്- ചര്‍ച്ചിലെ റെക്ടര്‍ റവറണ്ട് ഐസക് പറയുന്നു. മനുഷ്യത്വപരമായ കാരണങ്ങള്‍കൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നതെന്നും മതത്തിലെ വേര്‍തിരിവ് മനുഷ്യരെ പരസ്പരം വേര്‍തിരിക്കാനിട വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.