3 മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം; ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 9249 ആയി

വിദ്യാഭ്യാസം: സദാചാരവും കൂടി പരിഗണിച്ചു പുനഃക്രമീകരിക്കണം-സമസ്ത
കോഴിക്കോട്: ഭാഷയും, കണക്കും, സാമൂഹികവും പഠിപ്പിക്കുന്നതിനോടൊപ്പം സദാചാര-ധര്‍മ്മ നിഷ്ടകള്‍ക്ക് പ്രാമുഖ്യം നല്‍കി കരിക്കുലം ശക്തിപ്പെടുത്തണമെന്ന് കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കേന്ദ്ര-സംസ്ഥാന കര്‍ക്കാരുകളോടാവശ്യപ്പെട്ടു
കല-കായിക വിഷയങ്ങള്‍ നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍, കലാ-കായിക പരിപാടികളില്‍ പലതും സദാചാര ലംഘനവും, ധാര്‍മിക നിരാകരണവും പ്രതിഫലിപ്പിക്കുന്നവയും നിരീശ്വരത്വം പ്രതിനിധീകരിക്കുന്ന പ്രതിബിംബങ്ങളുമാണ്. ന്യൂജനറേഷന്‍ അധര്‍മങ്ങളിലേക്ക് വഴികാട്ടി കൊടുക്കുന്നവിധം വിദ്യാഭ്യാസ കാലം ഉപയോഗപ്പെടുത്താതെ സൂക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 
ഗസൈകല്ലി ദാറുസ്സലാം ഉറുദു മദ്‌റസ, അദ്യപാടി തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ (ദക്ഷിണകന്നഡ), മൂടംബയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ഗോഡ്) എന്നീ 3 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9249 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.എം. ഹസ്സന്‍ ഷരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.