മുസ്‌ലിം സ്റ്റാര്‍സ് 2012ല്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിയും

തിരൂരങ്ങാടി: കഴിഞ്ഞ വര്‍ഷം ലോകത്തേറ്റവും ശ്രദ്ധേയരായ മുസ്‌ലിം താരങ്ങളുടെ പട്ടികയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും. ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക് വെബ്‌പോര്‍ട്ടലായ 'ഓണ്‍ഇസ്‌ലാം.നെറ്റ്' പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി നദ്‌വി ഇടം കണ്ടെത്തിയത്.  (Click here for the post)
പാണ്ഡിത്യം, വിപ്ലവം, വിമോചനം, സാഹിത്യം, സംഗീതം തുടങ്ങിയ വിവിധ മേഖലകളിലെ അതികായരെ ഉള്‍പ്പെടുത്തിയ പട്ടികയില്‍ മുസ്‌ലിം ലോകത്തെ മതപണ്ഡിതരുടെ പ്രതിനിധിയാണ് മലയാളി പണ്ഡിതനായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. വനിതകളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടുന്ന മലാല യൂസുഫ് (പാക്കിസ്ഥാന്‍), ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ ഉപജ്ഞാതാവായ ശൈഖ് ഇമാദ് ഇഫാദ് (ഈജിപ്ത്), ഇസ്‌ലാമിക സംഗീത ലോകത്തെ പുതിയ ട്രെന്‍ഡായി മാറിയ നഷീദ് ഗായകന്‍ സാമി യൂസുഫ് (ഇംഗ്ലണ്ട്), പ്രമുഖ മുസ്‌ലിം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമാല്‍ അല്‍ അസ്മാര്‍ (ജോര്‍ദാന്‍) തുടങ്ങിയവര്‍ ഉള്‍പ്പെട്ട പത്തംഗ പട്ടികയില്‍ ജനാധിപത്യത്തിനായി പോരാടുന്ന സിറിയയിലെയും എത്യോപ്യയിലെയും അഭയാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗം കൂടിയായ ഡോ. നദ്‌വി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ, ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തിയ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയത്.
ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് പുറത്തിറക്കിയ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്‌ലിംകളുടെ പട്ടികയിലും ഇടം കണ്ടെത്തിയ ഇദ്ദേഹം ഇതിനകം അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ വന്‍കരകളിലായി മുപ്പതിലേറെ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.