ബഹ്‌റൈന്‍ SKSSF മനുഷ്യജാലിക 26ന്‌ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍

മനാമ: രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യജാലിക 26ന്‌ ബഹ്‌റൈനിലെ വിവിധ മത രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറു വര്‍ഷമായി കേരള സ്റ്റേറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികക്ക്‌ ബഹ്‌റൈനിലും നാള്‍ക്കുനാള്‍ പ്രസക്തിവര്‍ദ്ധിച്ചു വരുന്നതായി മനുഷ്യജാലിക സ്വാഗതസംഘയോഗം ഉദ്‌ഘാടനം ചെയ്‌ത ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. 
മത ജാതി വര്‍ഗ വ്യത്യാസമന്യെ പരസ്‌പര സഹായവും സൌഹൃദവും നമ്മുടെ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവുമാണ്‌ അവ തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരില്‍ മത ജാതി വര്‍ഗ വൈചാത്യങ്ങള്‍ മറന്ന്‌ നാം എല്ലാവരും ഒന്നിക്കണം.
നമ്മുടെ പൂര്‍വ്വീകരുടെ ഒത്തൊരുമയുടെ ഫലമാണ്‌ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രവും നേട്ടങ്ങളും. അവ തകരാതെ സൂക്ഷിക്കേണ്ടതും ഇളം തലമുറകള്‍ക്ക്‌ കൈമാറേണ്ടതും നമ്മുടെ ഉത്തരവാദിത്വവുമാണ്‌. അതാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌, മനുഷ്യജാലികയിലൂടെ നാട്ടിലെന്നപോലെ ഇവിടെയും നിര്‍വ്വഹിക്കുന്നതെന്നും നമ്മുടെ ഇളം തലമുറകളെയെല്ലാം ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിച്ച്‌ രാജ്യസ്‌നേഹത്തിന്റെ പ്രാധാനം പകരണമെന്നും അദ്ധേഹം പറഞ്ഞു.
ചടങ്ങില്‍ വെച്ച്‌ മുഹമ്മദലി ഫൈസി വയനാട്‌ ചെയര്‍മാനും അബ്‌ദുറസാഖ്‌ നദ്‌ വി കണ്‍വീനറും മൌസല്‍ മൂപ്പന്‍ തിരൂര്‍ ട്രഷററുമായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു