പ്രീമെട്രിക് സ്‌കോളര്‍ഷിപ്; സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം : ഹാദിയ

തിരൂരങ്ങാടി : OBC വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പില്‍ നിന്ന് ന്യുനപക്ഷ വിഭാഗത്തെ തഴയുന്ന രീതിയില്‍ സര്‍ക്കാന്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച മന്ത്രിസഭാ നടപടി സ്വാഗതാര്‍ഹമാണെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ഭാരവാഹികള്‍. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും OBC വിഭാഗത്തില്‍പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ആനുകൂല്യം നിഷേധിക്കുന്ന രീതിയിലുള്ള ഉത്തരവായിരുന്നു സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇത് അസ്വീകാര്യ നടപടിയാണെന്ന് ചൂണ്ടി കാട്ടി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ആക്ടിവിറ്റീസ് (ഹാദിയ) ക്ക് കീഴില്‍ പ്രത്യേക നിവേദക സംഘം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, പിന്നോക്ക വികസന മന്ത്രി അനില്‍കുമാര്‍, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരെ സമീപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിമാര്‍ ഹാദിയ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മന്ത്രി സഭാ യോഗം പ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്ത് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 
ന്യൂനപക്ഷ വിഭാഗത്തിന്‍റെ പുരോഗമനത്തിനായി ഇനിയും സര്‍ക്കാറിനു കീഴില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഡോ. ഫൈസല്‍ ഹുദവി മാരിയാട്, റഫീഖ് ഹുദവി കാട്ടുമുണ്ട, ജഅ്ഫര്‍ ഹുദവി മൊറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.