മത്വാഫ് വികസനം: അബ്ബാസി ഇടനാഴികള്‍ അതേപടി നിലനിര്‍ത്തും: സുദൈസ്

റിയാദ്: മസ്ജിദുല്‍ ഹറാമില്‍ അബ്ബാസിയ കാലത്ത് നിര്‍മ്മിച്ച ഇടനാഴികള്‍ മത്വാഫ് വികസന പദ്ധതിയില്‍ അതേപടി നിലനിര്‍ത്തുമെന്ന് ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ സുദൈസ് വ്യക്തമാക്കി.
മുകള്‍ നിലകളില്‍ ത്വവാഫ് ചെയ്യാനുള്ള വഴികള്‍ വിശാലമാക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ ഇടനാഴി പൊളിച്ചുമാറ്റി തെക്ക്, വടക്ക്, പടിഞ്ഞാര്‍ ഭാഗങ്ങള്‍ നിലവിലെ അവസ്ഥയില്‍ തന്നെ നിര്‍ത്തും. മത്വാഫ്‌വികസന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയിരുന്നു സുദൈസ്.
മൂന്നുഘട്ടങ്ങളിലായി 2015 ലാണ് പദ്ധതി പൂര്‍ത്തിയാകുക. ആദ്യഘട്ടം അടുത്ത ഹജ്ജിന് മുമ്പ് പൂര്‍ത്തിയാക്കി ഹാജിമാര്‍ക്ക് തുറന്ന് കൊടുക്കും. അടുത്ത റമസാനിലും മതാഫ് വികസനത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഉപയോഗിക്കാനാകും. ഒരു മാസം മുമ്പ് തുടങ്ങിയ പദ്ധതി നിശ്ചിത സമയക്രമത്തില്‍ തന്നെ മുന്നേറുണ്ട്. ബാബുല്‍ ഫത്ഹിന് നേരെയുള്ള വടക്ക് ഭാഗം, മസ്അ (സഅ്‌യ് ചെയ്യുന്ന സ്ഥലം) എന്നിവയോട് അഭിമുഖമായുള്ള ആദ്യസഊദി വികസനത്തിന്റെ കിഴക്ക് ഭാഗം എന്നിവ പൊളിച്ചുനീക്കുന്നവയില്‍ പെടും. ഫഹദ് രാജാവിന്റെ കാലത്ത് നിര്‍മിച്ച കിഴക്കന്‍ ഇടനാഴിയോട് ചേര്‍ന്ന കോണ്‍ഗ്രീറ്റ് ഭാഗവും പൊളിച്ചു നീക്കും.

മസ്ജിദുല്‍ ഹറാമില്‍ നിന്നും പൊളിച്ചു നീക്കുന്ന ചരിത്രസ്മാരകള്‍ മുഴുവനും കിസ്‌വ നിര്‍മാണ ഫാക്ടറിയുടെ സമീപത്തുള്ള ഹറമൈന്‍ മ്യൂസിയത്തിലേക്കാണ് മാറ്റുന്നത്. തൂണുകള്‍, അറബി ലിഖിതങ്ങളെഴുതിയ ചുമരുകള്‍ തുടങ്ങിയ ഇവിടേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഇവ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും. സുദൈസ് പറഞ്ഞു.

മതാഫിന്റെ വികസനം പൂര്‍ത്തിയായാല്‍ നിലവിലെ മൂന്നിരട്ടി പേര്‍ക്ക് ഒരേ സമയം ത്വവാഫ് ചെയ്യാനാകുമെന്നാണ് കണക്ക്. അതായത് മണിക്കൂറില്‍ ഒന്നരലക്ഷം പേര്‍ക്ക് ത്വവാഫ് ചെയ്യാം. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്രയാസരഹിതമായി ത്വവാഫ് ചെയ്യാനുള്ള പ്രത്യേക പാതകളും പുതിയ വികസനപദ്ധതിയിലുണ്ട്.