SKSSF ശാഖാകമ്മറ്റികളുടെ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി നാളെ (വെള്ളി) ജുമുഅ നിസ്‌കാരാനന്തരം

ശാഖാ പ്രവര്‍ത്തകരും ഭാരവാഹികളും  സജ്ജരാവണമെന്നും നേതാക്കള്‍
കോഴിക്കോട്: പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് ശാഖാകമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നാളെ (വെള്ളിയാഴ്ച) ജുമുഅ നിസ്‌കാരാനന്തരം ഐക്യദാര്‍ഢ്യറാലി നടത്തും. പതിറ്റാണ്ടുകളായി അന്യനാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരികയും ജന്മനാട്ടില്‍ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്ന പലസ്തീനികളുടെ ജന്മാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യ ആഗോള സമൂഹത്തില്‍ ഇടപെടാന്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എല്ലാ യുദ്ധ മര്യാദകളും ലംഘിച്ചുകൊണ്ട് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ കൊടുംക്രൂരതക്കെതിരെ ഇന്ത്യാരാജ്യത്തിന്റെ ഇടപെടലിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗാന്ധിജി നെഹ്‌റു തുടങ്ങിയവരെപോലുള്ള രാഷ്ട്ര നേതാക്കള്‍ തുടങ്ങിവെച്ച നീതിബോധത്തോടെയുള്ള നടപടികളിലേക്ക് ഇന്ത്യ തിരിച്ചുവന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മുദ്രാവാക്യങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി.കെ വയനാട്, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സെയ്തലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി, അബ്ദുല്ല കുണ്ടറ എന്നിവര്‍ സംബന്ധിച്ചു. ഓണംപിള്ളി മുഹമ്മദ്‌ഫൈസി സ്വാഗതവും, അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.