"ഹജ്ജ് കമ്മിറ്റിക്കും മറ്റെല്ലാവര്‍ക്കും നന്ദി"; ആത്മനിര്‍വൃതിയോടെ ഹാജിമാര്‍

മലപ്പുറം: പരിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് തിരിച്ചെത്തിയ ഹാജിമാര്‍ക്കെല്ലാം ജീവിതത്തിലെ ഏറ്റവും മഹത്തായ കര്‍മം റാഹത്തായതിന്റെ (ശുഭമായതിന്റെ) ആത്മനിര്‍വൃതി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വെള്ളിയാഴ്ച തിരിച്ചെത്തിയ ആദ്യ സംഘത്തിലെ ഹാജിമാരെല്ലാം യാത്രയെക്കുറിച്ച് നല്ല അനുഭവങ്ങളാണ് പങ്കുവെച്ചത്.
സംഘത്തിലെ 30 വയസ്സുകാരി ചൊക്ലി സ്വദേശി സാഹിറ മുതല്‍ 95 വയസ്സുകാരി കോട്ടയം സ്വദേശി ഷറീഫ ബീവി വരെ എല്ലാവരും യാത്രയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ നേരിട്ടില്ലെന്നാണ് പറഞ്ഞത്. 
മക്കയില്‍ നിന്ന് ആവശ്യത്തിന് സംസം വെള്ളം കൊണ്ടുവരാന്‍ കഴിഞ്ഞതും ഹാജിമാരുടെ സംതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. 
കോട്ടയം പൊന്‍കുന്നം സ്വദേശി 95 വയസ്സുകാരി ഷറീഫ ബീവിയായിരുന്നു ആദ്യസംഘത്തിലെ താരം. വിശേഷങ്ങള്‍ തിരക്കി ചാനലുകാരും മറ്റും വളഞ്ഞപ്പോള്‍ പ്രായത്തെവെല്ലുന്ന വാചാലതയായിരുന്നു ഷറീഫ ബീവിക്ക്. 'പടച്ചവന്റെ അനുഗ്രഹംകൊണ്ട് കാര്യങ്ങളെല്ലാം റാഹത്തായി. മിനായിലെ ഭക്ഷണം മാത്രമാണ് അല്‍പം പ്രശ്‌നമുണ്ടാക്കിയത്. കാലാവസ്ഥയിലെ പ്രശ്‌നംകൊണ്ട് ഞങ്ങള്‍ക്കെല്ലാം ചുമ പിടിച്ചതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അവിടത്തെ മെട്രോ ട്രെയിനിലെ യാത്രയും ഞങ്ങള്‍ക്ക് അനുഗ്രഹമായി.' കൂടെയുണ്ടായിരുന്ന മകന്‍ മുഹമ്മദ് ബഷീറിന്റെ കൈപിടിച്ച് എയര്‍പോര്‍ട്ടിലെ നമസ്‌കാരമുറിയിലേക്ക് നടക്കുമ്പോള്‍ ഷറീഫ ബീവി പറഞ്ഞു. 
സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെട്രോ ട്രെയിന്‍ സര്‍വീസ് ഏറെ ഉപകാരപ്രദമായിരുന്നുവെന്നാണ് ഹാജിമാര്‍ എല്ലാവരും പറഞ്ഞത്. 'കുറേയധികം കോണി കയറി വേണം സ്‌റ്റേഷനിലെത്താന്‍. അതിത്തിരി ബുദ്ധിമുട്ടാണ്. എന്നാല്‍ അവിടെയെത്തിയാല്‍ പിന്നെ സുഖമാണ്. യാത്രയുടെ ക്ഷീണം അറിയാതിരുന്നത് മെട്രോ ഉള്ളതുകൊണ്ടാണ്.'- പൂക്കോട്ടൂര്‍ സ്വദേശി സൗദ പറഞ്ഞു. മിനായില്‍നിന്ന് അറഫയിലേക്കും അറഫയില്‍ നിന്ന് മുസ്തലിഫയിലേക്കുമുള്ള യാത്രകളില്‍ മെട്രോ സര്‍വീസ് ഏറെ സൗകര്യപ്രദമായിരുന്നെന്ന് സംഘത്തിലുണ്ടായിരുന്ന അഡ്വ. ഫാത്തിമ റോസ്‌ന പറഞ്ഞു. 
ഇത്തവണ പുണ്യജലമായ സംസംവെളളം കൃത്യമായി കിട്ടിയതിലും ഹാജിമാര്‍ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു. ഹാജിമാര്‍ക്കൊപ്പം സംസം വെള്ളം എത്താത്തതിനാല്‍ കഴിഞ്ഞതവണ വിമാനത്താവളത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത്തവണ ഹാജിമാര്‍ എത്തുന്നതിന് മുമ്പുതന്നെ ഹജ്ജ് കമ്മിറ്റി സംസം വെള്ളം നാട്ടിലെത്തിച്ചിരുന്നു. വെള്ളിയാഴ്ച വിമാനമിറങ്ങിയ 300 ഹാജിമാര്‍ക്കും സംസം വെള്ളം നല്‍കിയാണ് ഹജ്ജ് കമ്മിറ്റി അവരെ നാട്ടിലേക്ക് യാത്രയാക്കിയത്.
ഹജ്ജ്: ആദ്യസംഘം തിരിച്ചെത്തി
മലപ്പുറം: പരിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാരുടെ ആദ്യസംഘം വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരില്‍ 300 പേരാണ് ആദ്യസംഘത്തില്‍ തിരിച്ചെത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ എസ്.വി.5840 നമ്പര്‍ ബോയിങ്ങ് വിമാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35നാണ് ഹാജിമാരുടെ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഉച്ചയ്ക്ക് 1.10നാണ് എത്തേണ്ടിയിരുന്നതെങ്കിലും നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുമ്പേ സൗദി വിമാനം ഹാജിമാരെയും കൊണ്ട് കരിപ്പൂരിലെത്തി. മദീനയില്‍നിന്ന് പ്രാദേശിക സമയം അഞ്ചുമണിക്കാണ് സൗദി എയര്‍ലൈന്‍സ് യാത്ര തിരിച്ചത്. 

ഹാജിമാര്‍ക്കുള്ള സംസം വെള്ളം നേരത്തെ എത്തിച്ചതിനാല്‍ അതിനുവേണ്ടി എയര്‍പോര്‍ട്ടില്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. വെള്ളിയാഴ്ച എത്തിയ 300 പേര്‍ക്കും സംസം വെള്ളം നല്‍കിയതായി ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പരിശോധനകള്‍ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ ഹാജിമാര്‍ നാട്ടിലേക്ക് തിരിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.കെ.അബ്ദു റഹ്മാന്‍, ഇ.കെ.അഹമ്മദ്കുട്ടി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അസി.സെക്രട്ടറി ഇ.സി.മുഹമ്മദ് തുടങ്ങിയവര്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ എത്തുന്ന രണ്ടാമത്തെ സംഘത്തില്‍ 250 പേര്‍ ഉണ്ടാകും.