അറിവിന്റെ തിരുമുറ്റത്ത് ചരിത്രം കുറിച്ച് നന്തി ദാറുസ്സലാം സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പിന്നോക്കാവസ്ഥക്ക് പരിഹാരം  നിരന്തര വിദ്യാഭാസം മാത്രം
ശംസുല്‍ ഉലമ നഗര്‍-(നന്തി) : അറിവി ന്‍റെ തിരുമുറ്റത്ത് ചരിത്രം കുറിച്ച് നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. നന്തി അറബിക് കോളജിന്റെ തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശംസുല്‍ ഉലമ നഗറില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി 346 പേര്‍ക്ക് ദാരിമി ബിരുദവും നല്‍കി.
അറിവിന്റെ തിരുമുറ്റം രക്ഷയുടെ പാഥേയം എന്ന പ്രമേയത്തില്‍ നാല് ദിവസമായി നടന്നു വന്ന 36 ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ദുബൈ ഔഖാഫ് അശൈഖ് ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖതീബ് ഉദ്ഘാടനം ചെയ്തു. 
നന്തി ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ വിജ്ഞാനത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് തങ്ങള്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ഇസ്‌ലാമിന്റെ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ മുന്നോട്ടുവരികയാണ്.
 അറിവിന് ഇസ്‌ലാമില്‍ പ്രത്യേകം സ്ഥാനം തന്നെയാണുള്ളത്. കോളജിലെ 12 ാം സനദ്ദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഇസ്‌ലാമിക പ്രചരണ രംഗത്ത് നന്തി ദാറുസ്സലാം പോലുള്ള സ്ഥാപനങ്ങള്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വളര്‍ച്ചയുണ്ടാക്കാന്‍ സമുദായം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി.
സെക്രട്ടറി എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ക്ക് സയ്യിദ് മശ്ഹൂര്‍ അസ്‌ലം തങ്ങള്‍ കണ്ണൂര്‍ സമ്മാനിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി.
ദുബൈ ഔഖാഫ് അശൈഖ് അബ്ദുല്ലത്തീഫ് അസ്സയ്യിദ് മുഹമ്മദ് ഹാഷിമി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കോളജ് പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഖാസിമാരായ സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, സമസ്ത മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.എസ്.കെ തങ്ങള്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ ടി.ടി ഇസ്മയില്‍, ഖത്തര്‍ കെ.എം.സി.സി സെക്രട്ടറി നിഅ്മത്തുല്ലാ കോട്ടക്കല്‍, മേയോണ്‍ ഖാദര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, മമ്മു ഹാജി, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പാലത്തായ് മൊയ്തുഹാജി, എസ്.കെ ഹംസ ഹാജി സംസാരിച്ചു. നന്തി ദാറുസ്സലാം ജോയിന്റെ സെക്രട്ടറി തഖിയുദ്ദീന്‍ ഹൈതമി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ബിരുദദാന വസ്ത്ര വിതരണം പ്രിന്‍സിപ്പല്‍ മൗലാന മൂസക്കുട്ടി ഹസ്രത്ത് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പ്രവാസി സംഗമം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. നിഅ്മത്തുല്ല കോട്ടക്കല്‍, ബാബു ബരദ്വാജ്, സി.വി.എം വാണിമേല്‍, പാറക്കല്‍ അബ്ദുല്ല, ടി.കെ മഹമൂദ് ഹാജി, കെ.കെ കുഞ്ഞമ്മദാജി, റഷീദ് മണ്ടോളി, നാസിര്‍ നന്തി, അഹമ്മദ് ഫൈസി കടലൂര്‍ സംസാരിച്ചു.
ദാരിമി സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉലമാ ഉമറാ സംഗമം എം.പി അബ്ദുസ്സമദ് സമാദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, ഖാസിം മുസ്‌ലിയാര്‍ മൊഗ്രാല്‍, പാലത്തായ് മൊയ്തുഹാജി, പി.പി ഉമര്‍ മുസ്‌ലിയാര്‍, എ.ടി മമ്മുഹാജി, പി.പി അബ്ദുറഹീം ഹാജി ഓര്‍ക്കാട്ടേരി സംസാരിച്ചു.