മമ്പുറം ആണ്ടുനേര്‍ച്ച മതപ്രഭാഷണ പരമ്പര; പ്രതിസന്ധികളെ പക്വതയോടെ നേരിടുക: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ഇന്ന്മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും
തിരൂരങ്ങാടി: പ്രതിസന്ധി കള്‍ നിറഞ്ഞ കാലഘട്ടത്തെ പക്വതയോടെ നേരിട്ട പാരമ്പര്യമാണ് കേരള മുസ്ലിംകള്‍ക്കുള്ളതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പ്രശ്നകലുഷിതമായ ഘട്ടങ്ങളിലും മുഖ്യധാരയോടൊപ്പം നടന്ന് സമുദായത്തെ നേരിന്റെ പാതയിലേക്ക് നയിച്ചവരാണ് നമ്മുടെ പൂര്‍വ്വികരായ നേതാക്കള്‍. എന്നാല്‍ തങ്ങളുടെ വിശ്വാസ കാര്യങ്ങളില്‍ തികഞ്ഞ കണിശത പുലര്‍ത്താനും അവര്‍ക്ക് സാധിച്ചിരുന്നു. ഇങ്ങനെയുള്ള സാമുദായിക പരിഷ്കരണമാണ് നാം ഇന്ന് കാണുന്ന സര്‍വ്വപുരോഗതിയുടെയും മൂലകാരണം. മമ്പുറം സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍ കാണിച്ചുതന്ന മാതൃക ഇതായിരുന്നുവെന്നും ഇത്തരം ചരിത്രപാഠങ്ങള്‍ കേവല വായന നടത്തുന്നതിന് പകരം ഗൌരവത്തോടെ സമീപിക്കാന്‍ നമുക്കാവണമെന്നും തങ്ങള്‍ പറഞ്ഞു. 174-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാജഹാന്‍ റഹ്മാനി കംബ്ളക്കാട് മുഖ്യപ്രഭാഷണം നടത്തി. ധാര്‍മികതയുടെ വാഹകരാവാന്‍ യുവസമൂഹം പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും അവര്‍ മനസ്സുവെച്ചങ്കിലേ ആരോഗ്യകരമായ സാഹചര്യം നമുക്കിടയില്‍ സൃഷ്ടിച്ചെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് സ്വാഗതം പറഞ്ഞു. ഇന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.