മമ്പുറം ആണ്ടു നേര്‍ച്ച നാളെ മുതല്‍; അന്നദാനം 22 ന്

തിരൂരങ്ങാടി:മമ്പുറം സയ്യിദ് അലവി മൌലദ്ദവീല തങ്ങളുടെ 174-ാമത് ആണ്ടുനേര്‍ച്ചക്ക് നാളെ (വ്യാഴം) വൈകീട്ട് മഖാം പരിസരത്ത് തുടക്കമാകും. പരിപാടികള്‍ ഈ മാസം 22 വരെ നീണ്ടു നില്‍ക്കും. 22 നാണ് അന്നദാനം.
വെള്ളിയാഴ്ച മുതല്‍ ഓരോ ദിവസവും രാത്രി മഖാം പരിസരത്ത് മതപ്രഭാഷണ പരമ്പര നടക്കും. പ്രമുഖ വാഗ്മകികള്‍ കാലിക വിഷയങ്ങള്‍ അവതരിപ്പിക്കും. 21 ന് രാത്രി അനുസ്മരണപ്രഭാഷണവും ദുആമജലിസും നടക്കും.
ഒരു കാലത്ത് കേരളത്തിന്‍റെ ഇസ്‌ലാമിക് പരിസരത്ത് ആത്മകീയതയുടെ വെളിച്ചം തീര്‍ത്ത മമ്പുറം തങ്ങള്‍ ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം നടത്തിയ പടയാളി കൂടിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ നേതൃത്വം കൊടുത്ത ചേറൂര്‍ പടയിലേറ്റ മുറിവ് കാരണമാണ് തങ്ങളുടെ വിയോഗം സംഭവിക്കുന്നത് തന്നെ. തങ്ങളുടെ വഫാത്തിന്റെ ശേഷവും അവിടത്തെ ശിഷ്യഗണങ്ങള്‍ കേരളത്തിലെ ഇസ്‌ലാമികാന്തരീക്ഷത്തെ പവിത്രമായി സൂക്ഷിച്ചു പോന്നു.
ചെമ്മാട് ദാറുല്‍ ഹുദാക്ക് കീഴിലാണ് നേര്‍ച്ച പരിപാടികള്‍ നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിഫ്രി കുടുംബം മഖാംനടത്തിപ്പ് ദാറുല്‍ ഹുദായെ ഏല്‍പിച്ചിരുന്നു.