നവംബര്‍ 20ന് മദ്രസകളില്‍ പലസ്തീന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

മലപ്പുറം: കുട്ടികളുടെ അന്താരാഷ്ട്ര ദിവസമായ നവംബര്‍ 20ന് കേരളത്തിലെ എല്ലാ മദ്രസകളിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ജനിച്ച മണ്ണില്‍ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതിന്റെ പേരില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൊടും ക്രൂരത അനുഭവിക്കുന്ന, ജീവിക്കുവാനും വിദ്യ നേടാനുമുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതീക്ഷയുടെ ഹസ്തം നല്‍കാന്‍ എല്ലാ മദ്രസകളിലും വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ ചിഹ്നമായ വെള്ള വസ്ത്രമണിഞ്ഞ് തൂവെള്ള കോടിയും പ്ളക്കാര്‍ഡുമേന്തി പ്രത്യേക അസംബ്ളി ചേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥനാ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കണമെന്ന് അന്താരാഷ്ട്ര മുസ്ളിം പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥനാ സദസ്സ് നടത്തണമെന്നും മുഴുവന്‍ എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്ങിന്റെ വെബ്സൈറ്റിലും ഫേസ് ബുക് ഗ്രൂപ്പിലും ലഭ്യമാണ്.