ഹജ്ജ് ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം; തീര്‍ഥാടകര്‍ അവസാന ഒരുക്കങ്ങളില്‍

 മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ തീര്‍ഥാടകര്‍ അവസാന ഒരുക്കങ്ങളില്‍. ..
അല്ലാഹുവിന്റെ അതിഥികള്‍ പുണ്യഗേഹത്തിന്റെ ചാരത്ത് തീര്‍ഥാടനത്തിന് മെയ്യും മനവും പാകപ്പെടുത്തി പ്രാര്‍ഥനാനിരതരായി ഇരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഹജ്ജ്. ഹജ്ജിന്റെ തിരുകര്‍മങ്ങള്‍ക്കായി ഇന്നു രാത്രി മുതല്‍ മക്കയില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള മിനയിലേക്ക് തീര്‍ഥാടകര്‍ നീങ്ങും. ഞായറാഴ്ച വരെ ഹജ്ജിന്റെ കര്‍മങ്ങളിലായി തീര്‍ഥാടകര്‍ സജീവമാകും.
ജി.സി.സി ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവുകൂടി ആരംഭിച്ചതോടെ പുണ്യനഗരി ശുഭ്രവസ്ത്രധാരികളാല്‍ നിബിഡമായി. മനംനിറഞ്ഞ പ്രാര്‍ഥനയുമായി ഇഹ്‌റാം ധരിച്ച വിശ്വാസികളാണ് ഹറം പള്ളിയിലും പരിസരങ്ങളിലും.
രാപകല്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി കഴിച്ചുകൂട്ടുന്ന ഭക്തജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് മസ്ജിദുല്‍ഹറാം. 17 ലക്ഷത്തോളം ഹാജിമാര്‍ ഇതിനകം പുണ്യഭൂമിയിലെത്തിച്ചേര്‍ന്നു.
സഊദിയിലുള്ളവരും ജി.സി.സി രാഷ്ട്രങ്ങളിലുള്ളവരും വന്നുകൊണ്ടിരിക്കുകയാണ്. അറഫ സമാഗതമാകുന്നതോടെ 18 ലക്ഷം വിദേശ തീര്‍ഥാടകരെത്തുമെന്നാണ് ഔദ്യോഗിക കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തേതിലും നാലു ശതമാനം കുറവാണെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഹജ്‌ നിര്‍വഹിക്കാന്‍ 6000 കിലോമീറ്റര്‍ കാല്‍നടയാത്ര 
മക്ക:വിമാനമാര്‍ഗം യാത്രചെയ്‌തു ഹജ്‌ജിനെത്താന്‍ പണമില്ലാത്തതിനാല്‍ സനാദ്‌ ഹാദസീച്ച്‌ (47) നടന്നത്‌ ആറായിരം കിലോമീറ്റര്‍. സ്വദേശമായ ബോസ്‌നിയയില്‍ നിന്നു ജൂണിലാണു യാത്ര തുടങ്ങിയത്‌. 20–30 കിലോമീറ്ററാണ്‌ ഒരുദിവസം നടക്കുക. ഇരുട്ടു തടസ്സമാകുമ്പോള്‍ വഴിയോരത്തോ പള്ളികളിലോ അന്തിയുറങ്ങും. 
വഴിയില്‍ ജനങ്ങള്‍ നല്‍കിയ ഭക്ഷണവും വെള്ളവുമാണ്‌ ഇത്രയും നാള്‍ ആശ്വാസമായത്‌. 
സനാദിന്റെ കയ്യില്‍ ആകെയുള്ളത്‌ 200 യൂറോയും. ഈ തുക വിമാനയാത്രയ്ക്കു തികയാത്തതിനാലാണു കാല്‍നടയാത്രയ്ക്കു തീരുമാനിച്ചത്‌. മലയും താഴ്‌വരയും താണ്ടി ആറു രാജ്യങ്ങളുടെ അതിര്‍ത്തി കടന്നാണു സനാദ്‌ കഴിഞ്ഞ ദിവസം സൌദിയിലെത്തിയത്‌.