മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പരാജയപ്പെടുത്തണം: സമസ്ത

മുസ്‌ലിം സംഘടനകള്‍ ഈ ഗൂഢാലോചനക്കെതിരെ പ്രതികരിക്കണം
കോഴിക്കോട്: ഒരു വിഭാഗം രാഷ്ട്രീയ-ജാതി സംഘടനകളും ചില മാധ്യമങ്ങളും മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം നടത്തുന്ന നീക്കം അനുവദിക്കരുതെന്നും അവ ചെറുത്ത് പരാജയപ്പെടുത്തണമെന്നും  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പ്രമേയത്തിലൂടെ മതേതരവിശ്വാസികളോട് ആവശ്യപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമനുസരിച്ച് അധികാരം പങ്കുവെക്കുന്നതിന് മുസ്‌ലിംകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്ന സമീപനം ഭരണഘടനാ വിരുദ്ധവും ഭാരതത്തിന്റെ പൈതൃക നിഷേധവുമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് 1967 മുതല്‍ പലപ്പോഴായി അധികാരത്തിലെത്തിയിട്ടുണ്ട്. ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് അന്യായമായി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് പറയുകമാണ് വിമര്‍ശകര്‍ ചെയ്യേണ്ടത്. 
പല ജാതി സംഘടനകളും സര്‍ക്കാര്‍ ഭൂമികള്‍ ഉള്‍പ്പെടെ പലതും അന്യായമായി കൈവശം വെച്ചുവരുന്നുണ്ട്. എന്നാല്‍, മുസ്‌ലിം സംഘടനകളില്‍ ഒന്ന് പോലും അത്തരം അനീതികള്‍ ചെയ്തതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
ഒരു സമുദായത്തെ മൊത്തം അപാമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വ നീക്കത്തിന്ന് പിന്നിലെ വര്‍ഗീയ അജണ്ട തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത വിധം മത സൗഹാര്‍ദ്ദം കേരളത്തില്‍ വേരോടാനും വളര്‍ത്താനും ഏറെ ശ്രമിച്ചതും, വിലപ്പെട്ട പലതും ത്യജിച്ചതും, വിട്ടുവീഴ്ച ചെയ്തതും മുസ്‌ലിം സമുദായമാണെന്ന ചരിത്രവസ്തുത വിസ്മരിക്കാനാവില്ല. മുസ്‌ലിമിനെ അധമനായി മാത്രമേ കാണാനാവൂ എന്ന മാടമ്പി സംസ്‌ക്കാരം ചിലരെ അന്തരാക്കുകയാണ്. മഹാനായ പാണക്കാട് തങ്ങളെപോലും ചിലര്‍ വലിച്ചിഴക്കാന്‍ മടിക്കുന്നില്ല. മുഴുവന്‍ മുസ്‌ലിം സംഘടനകളും മതേതരവിശ്വാസികളും ഇത്തരം ഹീന ഗൂഢാലോചനക്കെതിരില്‍ അണിനിരക്കണമെന്നും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടിഹാജി, എം.സി.മായിന്‍ ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹാജി.കെ.മമ്മദ് ഫൈസി, എം.എ.ഖാസിം മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.