ഹജ്ജ് ക്യാമ്പ് സമാപിച്ചു; യാത്രയായത് 8830 പേര്‍

കൊണ്ടോട്ടി: 242 തീര്‍ഥാടകരുമായി അവസാന വിമാനവും പറന്നുയര്‍ന്നതോടെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നുവന്ന ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനമായി. 8830 മുതിര്‍ന്നവരും ആറ് കുട്ടികളുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം യാത്രയായത്. അവസാനദിവസത്തെ രണ്ട് വിമാനങ്ങളിലായി 483 തീര്‍ഥാടകരുണ്ടായിരുന്നു. ഒക്ടോബര്‍ ആറിനായിരുന്നു ആദ്യവിമാനം. അഞ്ചുമുതല്‍ ക്യാമ്പ് മുഴുവന്‍സമയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കേരളത്തില്‍നിന്നും 8419 മുതിര്‍ന്നവരും അഞ്ച് കുഞ്ഞുങ്ങളും ഹജ്ജിന് പുറപ്പെട്ടു. ലക്ഷദ്വീപില്‍നിന്നും 313 പേരും ഒരു കുഞ്ഞും മാഹിയില്‍നിന്ന് 71 തീര്‍ഥാടകരും ഉണ്ടായിരുന്നു. 27 പേര്‍ക്ക് കേന്ദ്ര ക്വാട്ടയാണ്.
4428 പുരുഷന്മാരും 4402 സ്ത്രീകളുമാണ് ഹജ്ജ് കമ്മിറ്റിയുടെ തീര്‍ഥാടകര്‍. റിസര്‍വേഷന്‍ വിഭാഗത്തില്‍ 8107 പേര്‍ക്ക് അവസരം ലഭിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സഹായികളുമായി 3120ഉം തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ച 4987 പേര്‍ക്കുമാണ് റിസര്‍വേഷനിലൂടെ അവസരം ലഭിച്ചത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 49,403 ആയിരുന്നു. അവസരം ലഭിച്ച 366 പേര്‍ യാത്ര റദ്ദാക്കി. റിസര്‍വ് വിഭാഗത്തില്‍ 286ഉം പൊതുപട്ടികയിലെ 80ഉം ആളുകള്‍ യാത്ര റദ്ദാക്കി. കാത്തിരിപ്പ് പട്ടികയില്‍നിന്ന് ഇവര്‍ക്ക് പകരം ആളുകളെ എടുത്തു. പൊതുവിഭാഗത്തില്‍ 678 പേര്‍ക്ക് അവസരമുണ്ടായി. 
ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട ഒരു തീര്‍ഥാടകന്‍ മരിച്ചു. ഉള്ളണം പാലത്തിങ്ങല്‍ സ്വദേശി ഹംസ (70) ആണ് കഴിഞ്ഞദിവസം മരിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ 31 ഷെഡ്യൂള്‍ഡ് വിമാനങ്ങളിലും രണ്ട് സാധാരണ വിമാനങ്ങളിലുമായാണ് തീര്‍ഥാടകര്‍ പുറപ്പെട്ടത്. ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലേക്കാണ് സര്‍വീസ് നടത്തിയത്. എല്ലാ വിമാനങ്ങളും നിശ്ചിതസമയത്ത് നിശ്ചിത യാത്രക്കാരുമായാണ് പുറപ്പെട്ടത്. 
നേരത്തെ എയര്‍ ഇന്ത്യക്കായിരുന്നു ഹജ്ജ് സര്‍വീസ് നല്‍കിയിരുന്നത്. അവസാന നിമിഷമാണ് സൗദി എയര്‍ലൈന്‍സിന് ചുമതല കൈമാറിയത്. പ്രശ്‌നങ്ങളോ പരാതികളോ ഇല്ലാതെ ക്യാമ്പ് നടത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞു. വിപുലമായ സൗകര്യങ്ങള്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നു. ക്യാമ്പിലെ അലോപ്പതി, ഹോമിയോപ്പതി ക്ലിനിക്കുകളില്‍ 176 തീര്‍ഥാടകര്‍ ചികിത്സതേടി. 34 പേര്‍ ഹജ്ജ്‌സെല്ലില്‍ പ്രവര്‍ത്തിച്ചു.
ജനപ്രതിനിധികള്‍, മത- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പലദിവസങ്ങളിലായി ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച കാസര്‍കോട് എം.എല്‍.എ പി.ബി. അബ്ദുള്‍റസാഖ്, ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ എന്നിവര്‍ ക്യാമ്പിലെത്തി. തീര്‍ഥാടകരുടെ മടങ്ങിവരവ് നവംബര്‍ 16 മുതല്‍ 30 വരെയാണ്.