ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍റെ പരാതി; ഹജ്ജ് സര് വീസുകളില് നിന്ന് എയര് ഇന്ത്യയെ ഒഴിവാക്കി, പകരം സൗദി എയര്‍ലൈന്‍സ്

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് സര്‍വീസുകളില്‍ നിന്ന് എയര്‍ ഇന്ത്യയെ ഒഴിവാക്കി. പകരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് അനുമതി നല്‍കി. വ്യോമയാന മന്ത്രാലയവും ഹജ്ജ്കാര്യ വകുപ്പുമാണു സൗദി അറേബ്യന്‍ എയര്‍ലൈ ന്‍സിന് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് അനുമതി നല്‍കിയത്. 
കേരളത്തിലെ ഹജ്ജ് സര്‍വീസുകള്‍ക്ക് ആദ്യം അനുമതി ലഭിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ സമയ ഷെഡ്യൂള്‍ നല്‍കാത്തതിനെതിരേ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ വ്യോമയാന മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എയര്‍ ഇന്ത്യയെ മാറ്റിയത്.
ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിന് ആദ്യം സൗദി അറേബ്യന്‍ എയര്‍ലൈന്‍സിനാണ് അനുമതി ലഭിച്ചിരുന്നതെങ്കിലും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഈ ടെന്‍ഡര്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നു നല്‍കിയ ടെന്‍ഡര്‍ പ്രകാരമാണ് എയര്‍ ഇന്ത്യക്ക് അവസരം ലഭിച്ചത്.
ഹജ്ജ് സര്‍വീസുകള്‍ ഏറ്റെടുത്ത എയര്‍ ഇന്ത്യക്കു ജിദ്ദ, മദീന എന്നിവിടങ്ങളിലിറങ്ങാനുള്ള സമയ സ്ലോട്ട് ലഭിച്ചിട്ടില്ല. ഇതു ലഭിക്കാതെ തന്നെ എയര്‍ ഇന്ത്യ അടുത്തമാസം ആറു മുതല്‍ ഹജ്ജ് സര്‍വീസ് നടത്താന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ആറു മൂതല്‍ 23 വരെയായിരുന്നു ആദ്യ ഷെഡ്യൂള്‍. ഇതു പിന്നീട് 15 വരെയും പിന്നീട് 17 വരെയുമാക്കി മാറ്റി. ഹജ്ജ് തീര്‍ത്ഥാടകരുടെ മാനിഫെസ്റ്റോ ഉള്‍പ്പെടുത്തിയ സമയ ഷെഡ്യൂള്‍ നല്‍കാനും എയര്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ല. ഇതിനെതിരേ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ വകുപ്പുമന്ത്രിക്കു കത്തു നല്‍കുകയായിരുന്നു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഹജ്ജ് സമയ ഷെഡ്യൂള്‍ വെള്ളിയാഴ്ച ഹജ്ജ് കമ്മിറ്റിക്ക് നല്‍കും. ഇതു സംബന്ധിച്ച് വിമാനക്കമ്പനിയുടെ യോഗം മുംബൈയില്‍ നാളെ ചേരുന്നുണ്ട്.
300, 330 പേരെ ഉള്‍ക്കൊള്ളുന്ന വലിയ വിമാനങ്ങളായിരിക്കും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സര്‍വീസിനെത്തിക്കുക. വിമാന സര്‍വീസ് പകലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ മാസം 17 മുതല്‍ ആ—രംഭിക്കും.